ചോറ്റാനിക്കരയമ്മയുടെ അനുഗ്രഹത്തോടെ തന്റെ പുതിയ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കാനൊരുങ്ങി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. പുതിയ ചിത്രമായ സുമതി വളവിന്റെ തിരക്കഥയാണ് അവസാനഘട്ടത്തിലേക്ക് നീങ്ങുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ പേനയുടെ ചിത്രം പങ്കുവച്ചുകൊണ്ടാണ് അഭിലാഷ് പിള്ള ഇക്കാര്യം അറിയിച്ചത്.
‘പതിവ് പോലെ ചോറ്റാനിക്കരയമ്മയുടെ മണ്ണില്‍ തിരക്കഥയുടെ അവസാനഘട്ടത്തിലേക്ക്…’ എന്നാണ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് ആശംസകള്‍ അറിയിച്ച് രംഗത്തെത്തിയത്. അനുഗ്രഹങ്ങളുടെ കൂട്ടത്തിലേക്ക് പുതിയൊരു രചനയും ചെക്കേറട്ടെയെന്നും ആകാംക്ഷയോടെ തങ്ങള്‍ കാത്തിരിക്കുന്നുവെന്നും സിനിമാ പ്രേമികള്‍ അഭിപ്രായങ്ങള്‍ പങ്കുവച്ചു.
വാട്ടര്‍മാന്‍ ഫിലിംസിന്റെ ബാനറില്‍ ശ്രീ മുരളി കുന്നുംപുറത്ത് നിര്‍മ്മിക്കുന്ന പുതിയ ചിത്രമാണ് ‘സുമതി വളവ്’. മാളികപ്പുറം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ സംവിധായകന്‍ വിഷ്ണു ശശിശങ്കര്‍, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള, സംഗീത സംവിധായകന്‍ രഞ്ജിന്‍രാജ് എന്നിവര്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
ഓഗസ്റ്റില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, ശ്യാം, മാളവിക മനോജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ‘സുമതി വളവ്’ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ സുമതി വളവില്‍ പതിയിരിക്കുന്ന നിഗൂഢതകള്‍ കോര്‍ത്തിണക്കി പ്രേക്ഷകര്‍ക്ക് ഒരു ഹൊറര്‍ ഫാന്റസി അനുഭവം സമ്മാനിക്കുന്ന ചിത്രമായിരിക്കുമിത്.
ലാല്‍, സൈജു കുറുപ്പ്, ദേവനന്ദ, ശ്രീപത്, നിരഞ്ജന്‍ മണിയന്‍പിള്ള രാജു, ഗോപിക, ജീന്‍ പോള്‍ എന്നിവരോടൊപ്പം മറ്റനേകം പ്രമുഖ താരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു.
ദിനേശ് പുരുഷോത്തമന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ ഷെഫീക് മുഹമ്മദ് അലി ആണ്. സൗണ്ട് ഡിസൈനര്‍ :എം ആര്‍ രാജാകൃഷ്ണന്‍, ആര്‍ട്ട് :അജയ് മാങ്ങാട്, കോസ്റ്റ്യൂം :സുജിത് മട്ടന്നൂര്‍, മേക്കപ്പ് :ജിത്തു പയ്യന്നൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബിനു. ജി. നായര്‍, സ്റ്റില്‍സ് : രാഹുല്‍ തങ്കച്ചന്‍, ടൈറ്റില്‍ ഡിസൈന്‍ : ശരത് വിനു, പി ആര്‍ ഓ: പ്രതീഷ് ശേഖര്‍.