പ്രഖ്യാപനം മുതൽ വലിയ ചർച്ചയായിരുന്ന ചിത്രമാണ് ‘ബഡേ മിയാൻ ചോട്ടേ മിയാൻ’. എന്നാൽ ചിത്രം തീയേറ്ററുകളിൽ എത്തിയപ്പോൾ വലിയ പരാജയമായി മാറിയിരുന്നു. അക്ഷയ് കുമാർ, ടൈഗർ ഷ്റോഫ്, പൃഥ്വിരാജ് എന്നിവരായിരുന്നു പ്രധാനവേഷങ്ങളിൽ. അലി അബ്ബാസ് സഫർ സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് ബോളിവുഡിലെ പ്രശസ്ത നിർമാതാവായ വാഷു ഭഗ്നാനിയുടെ കീഴിലുള്ള പൂജ എന്റർടെയ്ൻമെന്റായിരുന്നു. ചിത്രം വലിയ പരാജയമായതോടെ നിർമാതാവ് കടം വീട്ടാൻ തന്റെ ഓഫീസ് വിറ്റെന്നാണ് പുറത്തുവരുന്ന പല വാർത്തകളും.
ബഡേ മിയാൻ ഛോട്ടേ മിയാന്റെ ബഡ്ജറ്റ് 350 കോടി രൂപയായിരുന്നു. എന്നാൽ ബോക്സോഫീസിൽ നിന്ന് നേടിയതാകട്ടെ വെറും 59.17 കോടി രൂപ. മറ്റൊരു കാര്യം എന്താണെന്നാൽ ചിത്രത്തിലെ നായകന്മാരായ അക്ഷയ് കുമാറിന്റെയും ടൈഗർ ഷ്റോഫിന്റെയും മാത്രം പ്രതിഫലത്തിന്റെ അത്രപോലും വരില്ല ചിത്രം ആകെ നേടിയത് എന്നതാണ്. അക്ഷയ് കുമാർ 100 കോടിയും ടൈഗർ ഷ്റോഫ് 40 കോടിയുമാണ് വാങ്ങിയത്.
ചിത്രം കാരണം സംഭവിച്ച 250 കോടി രൂപയുടെ കടം വീട്ടാനായി വഷു ഭഗ്നാനി തന്റെ മുംബൈയിലെ ഓഫീസ് വിറ്റതായാണ് അടുത്തകാലത്തെ റിപ്പോർട്ടുകൾ പറയുന്നത്. സാമ്പത്തിക നഷ്ടത്തിൽ നിന്ന് രക്ഷപ്പെടാൻ തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്നതടക്കമുള്ള നടപടികൾ ഇവർ സ്വീകരിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഏകദേശം 80 ശതമാനം ജീവനക്കാരെയും പിരിച്ചുവിട്ടതായും റിപ്പോർട്ട് വന്നിരുന്നു.
View this post on Instagram
അതിനിടെ പൂജ എന്റർടെയ്ൻമെന്റിന്റെ ഭാഗമായ രുചിത കാംബ്ലെ കമ്പനിക്കെതിരെ രൂക്ഷ വിമർശനവുമായെത്തി. ജാക്കിയുടെയും പിതാവ് വാഷു ഭഗ്നാനിയുടെയും ഉടമസ്ഥതയിലുള്ള പ്രൊഡക്ഷൻ ഹൗസിൽ പ്രവർത്തിക്കരുതെന്ന് അവർ ഇൻസ്റ്റാഗ്രാമിലൂടെ പറയുകയുണ്ടായി. ഒട്ടും പ്രഫഷണൽ അല്ലാത്ത രീതിയിലാണ് ഇവർ പ്രവർത്തിക്കുന്നതെന്നും, ശമ്പളം ലഭിക്കാൻ പാടുപെടുകയാണെന്നും അവർ പറഞ്ഞു.
‘നിർമാതാക്കൾക്ക് എപ്പോഴും ബിസിനസ് ക്ലാസിൽ വിദേശയാത്ര പോകാം, അവധിയാഘോഷിക്കാം, ആഡംബര കാറുകൾ വാങ്ങാം, സിനിമ നിർമിച്ച് റിലീസ് ചെയ്ത് പണം നേടാം. പക്ഷേ പണിയെടുത്ത കൂലി ചോദിക്കുമ്പോൾ പറയുന്നത് ഫണ്ടിന് പ്രശ്നം ഉണ്ടെന്നാണ്. ഇത് ശരിയായ നടപടിയല്ലെ’ന്ന് പറയുന്ന മറ്റൊരു സ്ക്രീൻ ഷോട്ടും രുചിത പോസ്റ്റെയ്തിരുന്നു..ഇതുനുമുന്നേ ടൈഗർ ഷ്റോഫിനെ നായകനാക്കി പൂജ എന്റർടെയ്ൻമെന്റ് ചെയ്ത ഗൺപതും പരാജയമായിരുന്നു. 1986-ൽ ആരംഭിച്ച പൂജാ എന്റർടെയ്ൻമെന്റ് ഇതുവരെ 40-ഓളം സിനിമകൾ നിർമിച്ചിട്ടുണ്ട്. പല ഹിറ്റ് ചിത്രങ്ങളും അക്കൂട്ടത്തിലുണ്ട്. എന്നാൽ സമീപകാലത്ത് തുടർച്ചയായ തിരിച്ചടികളാണ് കമ്പനി നേരിട്ടത്.