ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.’നുണക്കുഴി’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബേസിൽ ജോസഫിന്റെയും ജീത്തു ജോസഫിന്റെയും ഫേസ്ബുക്ക് പേജുകളിലൂടെയാണ് പോസ്റ്റർ പുറത്തിറങ്ങിയത്.
ഒറ്റ നോട്ടത്തിൽ ആരെയും ആകർഷിക്കുന്ന വിധത്തിലുള്ളതാണ് നുണക്കുഴിയുടെ ടൈറ്റിൽ പോസ്റ്റർ.സൈൻ ബോർഡിൽ പഴയ മലയാള സിനിമയിലെ സംഭാഷണങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ചിത്രത്തിൻറെ ടൈറ്റിൽ പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്.
ഡാർക്ക് ഹ്യുമർ ജോണറിൽപ്പെട്ട ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് കെ.ആർ കൃഷ്ണകുമാറാണ്.കൂമൻ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ജീത്തു ജോസഫും കെ ആർ കൃഷ്ണകുമാറും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സംവിധായകനും നടനുമായ ബേസിൽ ജോസഫുമൊത്ത് ജീത്തു ജോസഫ് ഒന്നിക്കുമ്പോൾ ആരാധകർ ഒന്നടങ്കം വലിയ പ്രതീക്ഷയിലാണ്.ജയ ജയ ജയ ജയ ഹേ എന്ന സിനിമയിലൂടെ ബേസിൽ എന്ന നടന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ടോക്സിക് വിവാഹബന്ധം ജയ ജയ ജയ ജയ ഹേയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ സിനിമയിലൂടെ ബേസിലിന് കഴിഞ്ഞിട്ടുണ്ട്.ഹിറ്റ് രാജാക്കന്മാർ ഒന്നിക്കുമ്പോൾ ചിത്രം സൂപ്പർഹിറ്റാകുമെന്ന് തന്നെയാണ് ഇതിനോടകം പ്രേക്ഷകർ പറയുന്നത്.
സതീഷ് കുറുപ്പ് ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.വിക്രം മെഹർ, സിദ്ധാർത്ഥ ആനന്ദ് കുമാർ എന്നിവരാണ് നിർമ്മാതാക്കൾ. സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു, അജു വർഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, പ്രമോദ് വെളിയനാട്, അസീസ് നെടുമങ്ങാട് തുടങ്ങി ഒരു വലിയ താരനിര ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
അതേസമയം മോഹൻലാൽ ജീത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘നേര്’. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. ‘നീതി തേടുന്നു’ എന്ന ടാഗ് ലൈനോടെ ആണ് ചിത്രം എത്തുന്നത്. കോടതി സസ്പെൻസുമായി ബന്ധപ്പെട്ട
ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് ശാന്തി മായാദേവിയും ജീത്തു ജോസഫും ചേർന്നാണ് .മലയാളത്തിൽ നിരവധി ഹിറ്റ് കോമ്പൊകൾ സമ്മാനിച്ചിട്ടുള്ള മോഹൻലാൽ ജീത്തു ജോസേഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണ് നേര് .മോഹൻലാൽ–ജീത്തു ജോസഫ് കൂട്ടുകെട്ട് പലപ്പോഴും ഒരു സസ്പെൻസ് ത്രില്ലർ സിനിമകളിലൂടെ സഞ്ചരിക്കുന്നവയാണ്. അതിനാൽ തന്നെയും നേര് എന്ന പേര് എന്താണ് അർത്ഥമാക്കുന്നതെന്ന് അറിയാനുള്ള ആകാംക്ഷയും ആരാധകർക്കുണ്ട്.