‘ഭാരത് മാതാ കീ ജയ്’: ‘ഇന്ത്യ-ഭാരത്’ വിവാദങ്ങള്‍ക്കിടയില്‍ വൈറലായി അമിതാഭ് ബച്ചന്റെ പോസ്റ്റ്

0
172

‘ഇന്ത്യ’ എന്നതിനുപകരം ‘ഭാരത്’ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍, ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്റെ ഏറ്റവും പുതിയ ട്വീറ്റ് എല്ലാ ആരാധകരുടെയും ശ്രദ്ധനേടി.ഇന്ന് എക്സില്‍ അമിതാഭ് ബച്ചന്‍ ഹിന്ദിയില്‍ ‘ഭാരത് മാതാ കീ ജയ്’ എന്ന് എഴുതിയതാണ് ചര്‍ച്ചയായിരിക്കുന്നത്.
ഇന്ത്യ-ഭാരത് തര്‍ക്കത്തിനിടെയാണ് അദ്ദേഹത്തിന്റെ പോസ്റ്റ് വന്നത്. ഇത് ഇന്ത്യയുടെ പേര് മാറ്റത്തിന് അനുകൂലമായി ബിഗ് ബി തന്റെ പിന്തുണ പ്രകടിപ്പിച്ചതായിട്ടാണ് റിട്വീറ്റുകള്‍ സൂചിപ്പിക്കുന്നത്. അമിതാഭ് ട്വീറ്റ് ഷെയര്‍ ചെയ്തതിന് തൊട്ടുപിന്നാലെ നിരവധി ആരാധകര്‍ താരത്തിനെ പിന്തുണച്ച് കൊണ്ട് രംഗത്ത് വന്നിരുന്നു.

അതേസമയം, ഇന്ത്യയുടെ പേര് ‘ഭാരത്’ എന്നാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം നടത്തുന്നതായി സൂചന ലഭിച്ചിട്ടുണ്ട്. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ ഇതിനായി പ്രമേയം കൊണ്ടുവരുമെന്നാണ് അഭ്യൂഹം. ജി20 ഉച്ചകോടിയല്‍ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാര്‍ക്കുള്ള ഔദ്യോഗിക ക്ഷണത്തില്‍ ‘ഇന്ത്യന്‍ രാഷ്ട്രപതി’ എന്നതിനു പകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നു രേഖപ്പെടുത്തിയതോടെയാണ് അഭ്യൂഹം പടര്‍ന്നത്. സെപ്റ്റംബര്‍ 9നു നടക്കുന്ന അത്താഴവിരുന്നിലേക്കു ജി20 നേതാക്കളെയും മുഖ്യമന്ത്രിമാരെയും ക്ഷണിച്ചുകൊണ്ടുള്ള കത്തിലാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു ഇപ്രകാരം രേഖപ്പെടുത്തിയത്.

ഒരു ഔദ്യോഗിക പരിപാടിയില്‍ ആദ്യമായാണ് ഇത്തരത്തില്‍ പേരുമാറ്റമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. ‘ഭാരത്’ എന്ന പദം ഭരണഘടനയിലും ഉണ്ടെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ”ഇന്ത്യ, അതായത് ഭാരത്, സംസ്ഥാനങ്ങളുടെ ഒരു യൂണിയനായിരിക്കും” എന്നാണ് ആര്‍ട്ടിക്കിള്‍ 1ല്‍ പറയുന്നത്. ‘ഭാരത്, ജനാധിപത്യത്തിന്റെ മാതാവ്” എന്ന പേരില്‍ വിദേശ പ്രതിനിധികള്‍ക്ക് കൈമാറിയ ജി20 ബുക്ക്ലെറ്റിലും ‘ഭാരത്’ ഉപയോഗിച്ചിട്ടുണ്ട്.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയാണ് ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന ചര്‍ച്ചയ്ക്കു തുടക്കം കുറിച്ചത്. ‘റിപ്പബ്ലിക് ഓഫ് ഭാരത്’ എന്ന് അദ്ദേഹം മുന്‍പു എക്‌സ് പ്ലാറ്റ്‌ഫോമില്‍ (ട്വിറ്റര്‍) കുറിച്ചിരുന്നു. ജൂലൈയില്‍ പ്രതിപക്ഷ മുന്നണി, ‘ഇന്ത്യ’ (ഇന്ത്യന്‍ നാഷനല്‍ ഡവലപ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന പേര് സ്വീകരിച്ചതിനു ശേഷമായിരുന്നു ഇത്.
ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന് കഴിഞ്ഞദിവസം ആര്‍എസ്എസും ആവശ്യപ്പെട്ടിരുന്നു. ”ഇന്ത്യ എന്ന വാക്ക് ഉപയോഗിക്കുന്നത് നിര്‍ത്തി ‘ഭാരത്’ ഉപയോഗിക്കാന്‍ തുടങ്ങണം. ഇംഗ്ലിഷ് സംസാരിക്കുന്നവര്‍ക്കു മനസ്സിലാകാന്‍ വേണ്ടിയാണ് ഇന്ത്യ എന്ന പദം ഉപയോഗിച്ചത്. ഇപ്പോള്‍ അതു ശീലമായി. ഇനിയെങ്കിലും നമ്മള്‍ ഇത് ഉപയോഗിക്കുന്നത് നിര്‍ത്തണം. ലോകത്ത് എവിടെ പോയാലും ഭാരത് എന്ന രാജ്യത്തിന്റെ പേര് ഭാരത് ആയി തന്നെ നിലനില്‍ക്കും. സംസാരത്തിലും എഴുത്തിലും ഭാരത് എന്ന് പറയണം.” ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here