നെറ്ഫ്ലിക്സിൽ ഓ ടി ടി റിലീസിനൊരുങ്ങുന്ന മെഗാ സ്റ്റാർ ചിരഞ്ജീവി നായകനാകുന്ന ഭോലോ ശങ്കറിന്റെ ട്രെയിലർ പുറത്തിറങ്ങി. സെപ്റ്റംബർ 15 നാണ് സിനിമ നെറ്ഫ്ലിക്സിൽ പുറത്തിറങ്ങുന്നത്. ചിത്രത്തിന് പ്രതീക്ഷിച്ച രീതിയിലുള്ള വരുമാനം തീയേറ്ററുകളിൽ നേടാനായില്ല എന്നായിരുന്നു പുറത്ത് വന്നിരുന്ന റിപോർട്ടുകൾ. അജിത്തിന്റെ ‘വേതാളം’ എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് ആണ് ചിത്രം.
അജിത്ത് നായകനായ ചിത്രം ‘ബില്ല’ തെലുങ്കിലേക്ക് റീമേക്ക് ചെയ്ത സംവിധായകൻ മെഹർ രമേഷാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡൂഡ്ലി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. കീർത്തി സുരേഷ് ചിത്രത്തിൽ ചിരഞ്ജീവിയുടെ സഹോദരിയുടെ വേഷത്തിൽ എത്തുമ്പോൾ നായികയാകുന്നത് തമന്നയാണ്. ഓഗസ്ററ് 11-നായിരുന്നു ചിത്രം തിയേറ്ററിൽ റിലീസ് ചെയ്തത്.
സൂപ്പർ സ്റ്റാർ രജനി കാന്തിന്റെ ജയിലർ പ്രദർശനത്തിനെത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഈ ചിത്രവും പുറത്തിറങ്ങിയത്. അതുകൂടാതെ ബോളിവുഡിലെ രണ്ട് വലിയ താരചിത്രങ്ങളായ ഗദർ 2, ഒഎംജി 2 എന്നിവയ്ക്കൊപ്പവുമായിരുന്നു റിലീസ്. ചിരഞ്ജീവി എന്ന നടന്റെ പ്രശസ്തി കാരണം ആദ്യദിനം കുഴപ്പമില്ലാത്ത രീതിയിലുള്ള കളക്ഷൻ ചിത്രം നേടിയിരുന്നു. എന്നാൽ പിന്നീടിങ്ങോട്ട് പ്രധാനപ്പെട്ട സെൻററുകളിൽ പോലും സിനിമ കാണാൻ ആളില്ലാത്ത അവസ്ഥയാണുണ്ടായത് . ജയിലർ എന്ന ചിത്രത്തിന് തെലുങ്ക് സംസ്ഥാനങ്ങളിൽ വൻ ജനപ്രീതിയാണ് ലഭിച്ചു കൊണ്ടിരുന്നത്.
ഈ അടുത്തകാലത്ത് ചിരഞ്ജീവിക്ക് ക്യാൻസർ ആണെന്ന തരത്തിലുള്ള വാർത്തകൾ വന്നിരുന്നു. എന്നാൽ ആ വാർത്തകൾ തള്ളികൊണ്ട് ചിരഞ്ജീവി തന്നെ രംഗത്തെത്തിയിരുന്നു . ചില മാധ്യമങ്ങൾ കാര്യങ്ങൾ ശരിയായി മനസിലാക്കാതെ താൻ ക്യാൻസർ ബാധിതനാണ് എന്ന തരത്തിൽ വാർത്തകൾ പടച്ചുവിടുന്നുണ്ട് എന്നും ഇതിൽ നിന്ന് പിന്തിരിയണം എന്നും ചിരഞ്ജീവി പറഞ്ഞിരുന്നു . ട്വിറ്ററിലൂടെയാണ് വ്യാജവാർത്തകൾ അദ്ദേഹം തള്ളിക്കളഞ്ഞത്.
ചിരഞ്ജീവി ഒരു ക്യാൻസർ സെന്റർ ഉദ്ഘാടനം ചെയ്തിരുന്നു. അവിടെ വെച്ച് ക്യാൻസർ രോഗത്തെക്കുറിച്ച് അവബോധം വളർത്താൻ ചില കാര്യങ്ങൾ പറയുകയും ചെയ്തു. ഇതിന് ശേഷമാണ് നടന് ക്യാൻസർ ബാധിച്ചതായി റിപ്പോർട്ടുകൾ വന്ന് തുടങ്ങിയത്. ഇതോടെയാണ് ആരാധകരുടെ ആശങ്കകൾ വിരാമമിട്ട് കൊണ്ട് ചിരഞ്ജീവി വാർത്തകൾ തള്ളിക്കളഞ്ഞത്.
വ്യാജ വാർത്തകൾ വന്നതിന് പിന്നാലെ ചിരഞ്ജീവിയുടെ സോഷ്യൽ മീഡിയയിൽ എല്ലാം അദ്ദേഹത്തിന്റെ സുഖവിവരങ്ങൾ തേടിക്കൊണ്ടുള്ള സന്ദേശങ്ങളും പ്രവഹിക്കാൻ തുടങ്ങിയിരുന്നു. ബോബി കൊല്ലി സംവിധാനം ചെയ്ത വാൾട്ടയർ വീരയ്യ എന്ന തെലുങ്ക് ചിത്രത്തിലാണ് ചിരഞ്ജീവി ഇതിനുമുൻപ് അഭിനയിച്ചത്.