ആമീർ ഖാനോ റൺബീ‍റോ? ലാലാ അമർനാഥായി ആര് വരും

0
351

ഷാരൂഖ് ഖാൻ നായകനാകുന്ന രാജ്കുമാർ ഹിരാനിയുടെ ചിത്രമായ ‘ഡങ്കി’ ഈ വരുന്ന ക്രിസ്മസിന് റിലീസിന് ഒരുങ്ങുകയാണ്. അതേസമയം അദ്ദേഹത്തിന്റെ അടുത്ത ചിത്രത്തെക്കുറിച്ചുള്ള ചർച്ചകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ഇന്ത്യയുടെ ആദ്യ ക്രിക്കറ്റ് ക്യാപ്റ്റനായ ലാലാ അമർനാഥിന്റെ ബയോപിക്കാണ് രാജ്കുമാർ ഹിരാനിയുടെ അടുത്ത പ്രൊജക്ട്. അതിനുള്ള തയ്യാറെടുപ്പുകൾ സംവിധായകൻ ആരംഭിച്ചു കഴിഞ്ഞതായാണ് റിപ്പോർട്ടുകൾ.

ബോളിവുഡ് താരം സഞ്ജയ്ദത്തി​ന്റെ ജീവിതകഥ ആസ്പദമാക്കിയുള്ള ‘സഞ്ജു’ ആണ് രാജ്കുമാർ ഹിരാനിയുടെ ആദ്യത്തെ ബയോപിക്. അതിനു ശേഷം അദ്ദേഹം ഒരുക്കുന്ന രണ്ടാമത്തെ ജീവചരിത്രകഥയാണിത്. ‘സഞ്ജു’വിൽ സഞ്ജയ്ദത്തി​ന്റെ കഥാപാത്രമായെത്തിയത് രൺബീർ കപൂറായിരുന്നു. അതുകൊണ്ടുതന്നെ ലാലാ ആമർനാഥി​ന്റെ ജീവിതകഥയിലും രൺബീർതന്നെ നായകനായെത്തുമെന്നാണ് ചില ബോളിവുഡ് റിപ്പോർട്ടുകൾ പറയുന്നത്.

സിനിമയുടെ തിരക്കഥ തയ്യാറായിക്കഴിഞ്ഞാൽ നായക നടനെ പുറത്തുപറയുമെന്നാണ് രാജ് കുമാർ ഹിരാനിയുടെ നിലപാട്. രൺബീർ കപൂറും ആമിർ ഖാനും ആണ് അമർനാഥി​ന്റെ കഥാപാത്രത്തെ അവതരിപ്പിക്കാൻ പരി​ഗണനയിലുള്ളതെന്നാണ് സൂചനകൾ. ആമിർ ഖാൻ ആണ് ആദ്യ പരി​ഗണന, എന്നാൽ ഏതെങ്കിലും കാരണത്താൽ അദ്ദേഹത്തിനത് കഴിഞ്ഞില്ലെങ്കിൽ, ഹിരാനിയുടെ അടുത്ത പരി​ഗണനയിൽ ഉള്ളത് രൺബീർ കപ്പൂറാണ്. സിനിമയെകുറിച്ച് ഹിരാനി രൺബീറുമായി സംസാരിച്ചിട്ടുണ്ടെങ്കിലും ആമിർ ഖാന്റെ പ്രതികരണത്തിന് ശേഷം മാത്രമേ അദ്ദേഹത്തെ ഔദ്യോഗികമായി സമീപിക്കു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

മറ്റൊരു കാര്യവും സിനിമയിലെ നായകനെ സംബന്ധിച്ച് ചർച്ചയിലുണ്ട്. സിനിമ ആമിറുമായോ രൺബീറുമായോ പ്രവർത്തിക്കുന്നില്ലെങ്കിൽ നടൻ വിക്കി കൗശലിനെ സമീപിച്ചേക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ചിത്രം ഇപ്പോൾ തിരക്കഥാ ഘട്ടത്തിലാണുള്ളത്. ഈ വർഷത്തിന്റെ രണ്ടാം പകുതിയിൽ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് പ്രതീക്ഷിക്കാമെന്നാണ് ബോളിവുഡ് വൃത്തങ്ങൾ പറയുന്നത്.

കൂടാതെ 2024 ജനുവരിയോടെ ഇതുവരെ പ്രഖ്യാപിക്കാത്ത ഹിരാനിയുടെ മറ്റൊരു സിനിമയിൽ ആമിർ ഖാൻ അഭിനയിക്കുന്നുണ്ടെന്നാണ്
ബോളിവുഡിൽ പ്രചരിക്കുന്ന അടുത്ത റിപ്പോർട്ട്. അതേസമയം, നിതേഷ് തിവാരി ഒരുക്കുന്ന ‘രാമായണ’ത്തിന് വേണ്ടി രൺബീർ കപ്പൂർ ഒരുങ്ങുകയാണ്. 2024 ആദ്യ പകുതിയിൽ സിനിമ ആരംഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. സീതയുടെ കഥാപാത്രമായി സിനിമയുടെ ഭാഗമാകാൻ ആലിയ ഭട്ട് തീരുമാനിച്ചിരുന്നു, എന്നാൽ പിന്നീട് സായ് പല്ലവിയെ ആ കഥാപാത്രത്തിനായി സമീപിച്ചതായാണ് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here