ഫർഹാൻ അക്തറിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന പുതിയ വെബ് സീരീസാണ് ‘ബംബായ് മേരി ജാൻ’. പ്രേക്ഷകർ അതിയായ ആവേശത്തോടെയും പ്രതീക്ഷയോടെയും കാത്തിരിക്കുന്ന ഒരു സീരീസാണിത്. ഇപ്പോൾ ബംബായി മേരി ജാനിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. കേ കെ മേനോൻ, കൃതിക കർമ, അവിനാഷ് തിവാരി എന്നിവരാണ് സീരീസിലെ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്നത്.
ദാരാ കദ്രി എന്നയാളുടെ നേതൃത്വത്തിൽ വളർന്നുവരുന്ന ഒരു ഗുണ്ടാസംഘംവും, അയാളുടെ പിതാവായ ഇസ്മായിൽ കദ്രി എന്ന സത്യസന്ധനായ പോലീസ് ഉദ്യോഗസ്ഥനാനും തമ്മിൽ നടക്കുന്ന സംഘട്ടനത്തെ ചുറ്റിപ്പറ്റിയാണ് സീരീസിന്റെ കഥ സഞ്ചരിക്കുന്നത് . ദാരാ കദ്രിയായി എത്തുന്നത് അവിനാഷ് തിവാരിയാണ്, കൂടാതെ ഇസ്മയിൽ കദ്രിയായി എത്തുന്നത് കെ കെ മേനോനും. എഴുപത് കാലഘട്ടങ്ങളിലെ ബോംബെ അധോലോകത്തെ പശ്ചാത്തലമാക്കിയുള്ള ഈ സീരീസ് ദാവൂദ് ഇബ്രാഹിമിന്റെ ഉദയത്തെയാണ് നമുക്ക് കാണിച്ചുതരുന്നത്.
സത്യസന്ധനായി ജീവിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു പോലീസ് ഉദ്യോഗസ്ഥന് ജനിച്ച മകൻ അവസാനം, നിരവധി ഗുണ്ടാസംഘങ്ങളുടെ ലോകത്ത് കുടുങ്ങിപോകുന്നു. ഇതിന്റെ പിന്നിലെ കഥ, പിതാവായ ഇസ്മായിൽ വിവരിക്കുന്നിടത്താണ് ട്രെയിലർ ആരംഭിക്കുന്നത്. ഗുണ്ടാസംഘങ്ങളുടെ പിടിയിൽ അകപ്പെടാതെ മുംബൈയെ സംരക്ഷിക്കുന്നതിനായി ഇസ്മായിൽ അഹോരാത്രം പ്രവർത്തിച്ചപ്പോൾ, അദ്ദേഹത്തിന്റെ മകൻ അവരുടെ സ്വാധീനത്തിന് വഴങ്ങിപോയി, അവസാനം ക്രൂരമായ അധോലോക ഗുണ്ടാസംഘമായി രൂപാന്തരപ്പെടുകയും ചെയ്തു.
നിവേദിത ഭട്ടാചാര്യ, അമൈറ ദസ്തൂർ എന്നിവർ ഈ സീരീസിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട് . റിതേഷ് സിദ്ധ്വാനിയും ഫർഹാൻ അക്തറും ഒത്തു ചേർന്ന് എക്സൽ മീഡിയ ആൻഡ് എന്റർടെയ്ൻമെന്റ് ആണ് ബാംബൈ മേരി ജാൻ എന്ന ഈ സീരീസ് നിർമ്മിക്കുന്നത്. സ്വാതന്ത്ര്യത്തിനു ശേഷമുള്ള കാലഘട്ടത്തിൽ, ഒരു സ്വതന്ത്ര രാഷ്ട്രത്തിന്റെ പശ്ചാത്തലത്തിൽ, മുംബൈയിലെ അധോലോകത്തിന്റെ ജനനത്തെ ആണ് ‘ബംബായ് മേരി ജാൻ’ പരാമർശിക്കുന്നതെന്ന് മുൻപ് റിതേഷ് സിദ്ധ്വാനി പറഞ്ഞിരുന്നു.
നന്മയും തിന്മയും തമ്മിൽ നടക്കുന്ന ഒരു യുദ്ധപശ്ചാത്തലത്തിലാണ് സീരീസ് സഞ്ചരിക്കുന്നതെന്ന് നമ്മുക്ക് ട്രെയിലറിലൂടെ മനസിലാക്കാം. പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്ന ഒരു ഗാംഗ്‌സ്റ്റർ സീരീസ് തന്നെയായിരിക്കും ഇതെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ഷുജാത് സൗദാഗർ സംവിധാനം നിർവഹിച്ച ‘ബംബായ് മേരി ജാൻ’ സെപ്റ്റംബർ 14 നാണ് പ്രദർശനത്തിനെത്തുക. ഒടിടി പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് സീരീസ് പുറത്തിറങ്ങുക.