ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽതന്നെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷനുമായി മുന്നേറുകയാണ് ഷാരൂഖ് ഖാന്റെ ‘ജവാൻ’. ചിത്രം പുറത്തിറങ്ങിയിട്ട് ഒരാഴ്ച്ച പിന്നിടുമ്പോൾ ആദ്യ ആഴ്ചയിലെ ആഗോള കലക്‌ഷൻ 500 കോടി കടന്നിരിക്കുകയാണ്. ‘ജവാന്റെ’ അണിയറ പ്രവർത്തകർ തന്നെയാണ് ഔദ്യോഗികമായുള്ള കളക്ഷൻ റിപ്പോർട്ട് പുറത്തുവിട്ടത്.
View this post on Instagram
ഒരു ഇന്ത്യൻ ചിത്രത്തിന് ആദ്യത്തെ ആഴ്ച ലഭിക്കുന്ന ഏറ്റവും വലിയ ഓപ്പണിങ് ആണ് ഷാരൂഖ് ഖാൻ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ഈ വര്‍ഷംതന്നെ പ്രദർശനത്തിനെത്തിയ ഷാരൂഖ് ഖാന്റെ ചിത്രം പഠാന്റെ റെക്കോർഡും ജവാന്‍ തകര്‍ത്തിരിക്കുകയാണ്. ഏറ്റവും വേഗത്തില്‍ 250 കോടി കടക്കുന്ന ആദ്യ ഹിന്ദി ചിത്രമായും ജവാന്‍ മാറിയിരുന്നു. തമിഴില്‍ നിന്നും തെലുങ്കിൽ നിന്നുമായി നാല് ദിവസംകൊണ്ട് ചിത്രം നേടിയ കളക്ഷൻ 34 കോടിയാണ്.
അതേസമയം മറ്റൊരു റെക്കോർഡാണ് സംവിധായകൻ അറ്റ്ലി നേടിയത്. തുടർച്ചയായി നാല് സിനിമകൾ നൂറ് കോടി ക്ലബ്ബിലെത്തിക്കുന്ന സംവിധായകനായും അറ്റ്‌ലി മാറിയിരിക്കുകയാണ്. മുൻപ് വിജയിയെ നായകനാക്കി അറ്റ്‍ലി സംവിധാനം ചെയ്ത തെരി, മെർസൽ, ബിഗിൽ എന്നീ സിനിമകൾ ബോക്സ്ഓഫിസിൽ നൂറ് കോടി കടന്നിരുന്നു.
പണമടച്ചുള്ള പ്രിവ്യൂ ഷോകളും, ഫാൻ ബെനിഫിറ്റ് ഷോകളും ഒന്നുംതന്നെ ഇല്ലാതെയാണ് ഷാരൂഖ് ഖാന്റെ ജവാനും പഠാനും ഈ സംഖ്യകൾ സ്വന്തമാക്കിയത്. സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയത പഠാൻ ആദ്യദിനം 100 കോടി ക്ലബ്ബിൽ കയറിയിരുന്നു. 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ഈ ചിത്രത്തിന്റെ ആകെ ബോക്‌സോഫീസ് കളക്ഷന്‍ 1,050.3 കോടി രൂപയായിരുന്നു.സമീപകാലത്ത് ബോളിവുഡ് ചിത്രം നേടുന്ന ഏറ്റവും വലിയ കളക്ഷനായിരുന്നു ‘പഠാൻ’ കരസ്ഥമാക്കിയത്.ബോളിവുഡ് സിനിമയെ തകര്‍ച്ചയില്‍ നിന്ന് കൈപിടിച്ചുയര്‍ത്തിയ ചിത്രമാണ് ഷാരൂഖ് ഖാൻ – ദീപിക പദുക്കോൺ ചിത്രം പഠാന്‍. ബിഗ് ബജറ്റ് ചിത്രങ്ങള്‍ തിയേറ്ററുകളില്‍ പരാജയപ്പെടുമ്പോഴാണ് പഠാന്‍ റെക്കോര്‍ഡ് കളക്ഷന്‍ സ്വന്തമാക്കിയത്.
ജവാൻ സിനിമക്ക് ലോകമെമ്പാടും ഗംഭീര ഹൈപ്പ് നൽകിയത് ചിത്രത്തിന് വലിയ സ്വീകാര്യത ലഭിക്കാൻ കാരണമായിട്ടുണ്ട് .ചിത്രത്തിൻറെ ട്രെയിലർ ബുർജ് ഖലീഫയിൽ പ്രദർശിപ്പിച്ചിരുന്നു. ആയിരക്കണക്കിനാളുകളാണ് ആ ദിവസം അവിടെ എത്തിച്ചേർന്നിട്ടുണ്ടായിരുന്നത്.സിനിമയിലെ മൊട്ടത്തല ആദ്യത്തേതും അവസാനത്തേതും ആയിരിക്കുമെന്നും ഈ രൂപത്തിൽ ഇനി തന്നെ കാണാൻ സാധിക്കില്ലെന്നും ‘മൊട്ട’ ലുക്കിൽ കാണാൻ ജവാന്റെ ഷോയ്ക്ക് ആരാധകരെ ഷാരൂഖ് ക്ഷണിച്ചതും ചിത്രത്തിന് വലിയ ഹൈപ്പ് നൽകിയിരുന്നു.