ക്രിസ്മസ് ആര് കൊണ്ടുപോകും, ‘സലാറോ’ ‘ഡുങ്കി’യോ? ആശങ്കയിൽ ആരാധകർ

0
218

സിനിമാലോകമൊട്ടാകെ അത്യധികം ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് പ്രഭാസ് നായകനായെത്തുന്ന ‘സലാർ’. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. ഈ വർഷം ഡിസംബർ 22 നാണ് ചിത്രം ആഗോളതലത്തിൽ പ്രദർശനത്തിനെത്തുക. എന്നാൽ ഇത്തവണ സലാറുമായി മത്സരിക്കാൻ ബോളിവുഡിന്റെ കിംഗ് ഖാൻ എത്തുന്നു എന്നതാണ് ആരാധകരെ ആശങ്കയിലാക്കുന്നത്.

ഷാരൂഖ് നായകനാകുന്ന ‘ഡുങ്കി’ എന്ന ചിത്രം ഈ വർഷം ഡിസംബറിലാണ് പ്രദർശനത്തിന് എത്തുന്നത്. ഒരേ തീയതിയിലാണ് പ്രഭാസിന്റെ സലാറും ഷാരൂഖ് ഖാന്റെ ഡുങ്കിയും എത്തുക. ക്രിസ്മസ് റിലീസായി ഡിസംബർ 22 നാണ് രണ്ടു ചിത്രവും എത്തുന്നത്. ഒരേ തീയതിയിൽ ഇറങ്ങുന്നതുകൊണ്ടുതന്നെ രണ്ട് താരങ്ങളുടെയും ആരാധകർക്ക് വലിയ ആശങ്കയാണുള്ളത്. അതിനോടൊപ്പം തന്നെ ഡിസംബറിൽ രൺബീർ കപ്പൂർ നായകനാകുന്ന ‘അനിമൽ’ എന്ന ചിത്രവും പ്രദർശനത്തിനെത്തുന്നുണ്ട്. ഡിസംബർ ഒന്നിനാണ് ചിത്രം തീയേറ്ററുകളിലെത്തുക.

‘കെജിഎഫി’നു ശേഷം പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം എന്നതാണ് ‘സലാറിനെ’ പ്രേക്ഷകർ ഏറെ ആകാംഷയോടെ നോക്കിക്കാണുന്നത്. ചിത്രത്തിൽ പൃഥ്വിരാജ് വില്ലനായി എത്തുന്നുവെന്നത് മലയാളികൾക്ക് ആവേശം പകരുന്ന കാര്യമാണ്. പ്രഭാസിനൊപ്പം തന്നെ പ്രാധാന്യത്തോടെയാണ് പ്രിത്വിരാജിനെയും കാണിച്ചിട്ടുള്ളത്. ചിത്രത്തിന്റ ടീസർ അണിയറപ്രവർത്തകർ മുൻപ് പുറത്തുവിട്ടിരുന്നു. 1 .46 മിനിറ്റ് ദൈർഘ്യമുള്ള ടീസർ പുറത്തുവിട്ട് നിമിഷങ്ങൾക്കകം പ്രേക്ഷകർ അതേറ്റെടുത്തു. പിന്നീടങ്ങോട്ട് നടന്നതെല്ലാം വളരെ പെട്ടന്നായിരുന്നു. രണ്ടു ദിവസത്തിനകം യുട്യൂബിൽ 100 മില്യൺ കാഴ്ചക്കാരെയും താണ്ടിയാണ് സലാറിന്റെ ടീസർ ട്രെൻഡിങ്ങിൽ ഒന്നാമതായി നിന്നത് . ഇന്ത്യയിൽ തന്നെ ഇത്രയധികം വേഗത്തിൽ ഇത്രത്തോളം കാഴ്ചക്കാരെ നേടിയ വിഡിയോ എന്ന റെക്കോഡും സലാറിന്റെ ടീസറിന് സ്വന്തമാണ്.

അതേസമയം, ജവാൻ ആണ് ഷാരൂഖ് ഖാന്റെ ഏറ്റവും അവസാനം പ്രദർശനത്തിന് എത്തിയ ചിത്രം . തമിഴിലെ പ്രശസ്ത സംവിധായകനായ അറ്റ്ലീ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച സിനിമയായിരുന്നു ജവാൻ. കൂടാതെ നയൻതാരയുടെയും ബോളിവുഡ് അരങ്ങേറ്റ ചിത്രമായിരുന്നു അത്. പഠാന് ശേഷം താരത്തിന് വമ്പൻ വിജയം നേടിക്കൊടുത്ത സിനിമയായിരുന്നു ജവാൻ. അതിനു ശേഷം ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് ഡുങ്കി. ഡുങ്കിയുടേ ഡിജിറ്റൽ, സാറ്റലൈറ്റ്, മ്യൂസിക് അവകാശങ്ങൾ 230 കോടി രൂപയ്ക്കാണ് വിൽപ്പന ആയത് എന്നാണ് മുൻപ് വന്നിരുന്ന വിവരങ്ങൾ.

രൺബീർ കപൂർ നായകനാകുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ആനിമൽ. സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത്. ഒരു ശാന്തനായ ഫിസിക്‌സ് അധ്യാപകനിൽ നിന്നും ക്രൂരനായ ഗ്യാങ്സ്റ്റായി എത്തുന്ന രൺബീറിനെ സിനിമയിൽ കാണാം. രൺബീറിന്റെ അച്ഛനായി അനിൽ കപൂർ എത്തുന്നു. ബോബി ഡിയോൾ ആണ് വില്ലൻ. രശ്മിക മന്ദാന നായികയാകുന്നു. ‘അർജുൻ റെഡ്ഡി’, ‘കബീർ സിങ്’ എന്നീ ചിത്രങ്ങൾക്കു ശേഷം സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അമിത് റോയ് ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം ഭാഷകളിലായിട്ടായിരിക്കും ‘അനിമൽ’ പ്രദർശനത്തിന് എത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here