അനില്‍ ശര്‍മ സംവിധാനവും നിർമ്മാണവും നിർവഹിച്ച് ഈ ആഗസ്റ്റിൽ പുറത്തിറങ്ങിയ ചിത്രമാണ് ‘ഗദര്‍ 2’. തീയേറ്ററുകളിൽ വമ്പൻ വിജയം നേടിയ ചിത്രം സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിക്കൊണ്ടിരിക്കുകയാണ്. പ്രതീക്ഷിച്ചതിലും കൂടുതൽ നേട്ടമാണ് ചിത്രം സ്വന്തമാക്കിയത്. ചിത്രത്തിന്‍റെ ഏറ്റവും പുതിയ കണക്കുകൾ പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കൾ ഇപ്പോൾ. ചിത്രം ബോക്സ് ഓഫീസിൽ 500 കോടി കളക്ഷൻ കടന്നിരിക്കുകയാണ്. സീ സ്റ്റുഡിയോസിന്റെ ഒഫീഷ്യൽ എക്സ് പ്ലാറ്റ്ഫോമിലാണ് ഈ കണക്കുകൾ പുറത്തുവിട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസത്തെ കളക്ഷൻ 493 കോടി കടന്നതായി നിർമ്മാതാക്കൾ അറിയിച്ചിരുന്നു. വളരെപെട്ടെന്നാണ് ചിത്രം ബോക്സ്ഓഫീസിൽ വമ്പൻ കളക്ഷനുമായി മുന്നേറുന്നത്. ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്തുണ്ടായ ഏറ്റവും വലിയ സര്‍പ്രൈസ് ഹിറ്റുകളിലൊന്നാണ് ഗദാര്‍ 2. 22 വര്‍ഷം മുൻപ് പുറത്തിറങ്ങിയ ഒരു ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്‍റെ രണ്ടാംഭാഗം പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടുമെന്ന് ബോളിവുഡിന് പ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും, ചിത്രം ഇത്ര വലിയ ഒരു വിജയമാവുമെന്ന് നിര്‍മ്മാതാക്കള്‍ പോലും കരുതിയിരുന്നില്ല എന്നതാണ് വാസ്തവം. ഷാരൂഖ് ഖാൻ ചിത്രമായ പഠാന് ശേഷം മള്‍ട്ടിപ്ലെക്സുകള്‍ക്ക് പുറത്ത് ഉത്തരേന്ത്യന്‍ സിംഗിള്‍ സ്ക്രീനുകളെയും സജീവമാക്കിയ ഒരേ ഒരു ചിത്രം ഗദര്‍ 2 ആണ്. ഇപ്പോഴിതാ കളക്ഷനില്‍ വലിയൊരു നാഴികക്കല്ലാണ് ഗദർ 2 പിന്നിട്ടിരിക്കുന്നത്.
THANK YOU to each one of you for embracing Gadar 2 wholeheartedly.
It stands tall, only because of you. 💛🙏🏼Book your tickets!
🔗 – https://t.co/Dn4CxE3DgE#Gadar2 in cinemas now. 🎞️@Gadar_Official @shariqpatel @iamsunnydeol @ameesha_patel @iutkarsharma @Anilsharma_dir… pic.twitter.com/mIO77lBfqY— Zee Studios (@ZeeStudios_) September 4, 2023
പ്രദർശനത്തിനെത്തിയതിന്റെ 24-ാം ദിവസമായിരുന്ന ഞായറാഴ്ച 7.80 കോടി നേടിയതോടെയാണ് ചിത്രം ഈ വലിയ നേട്ടം കൈവരിച്ചത്. ഇതോടെ ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ ഏറ്റവും വേഗത്തില്‍ 500 കോടി സ്വന്തമാക്കുന്ന ഹിന്ദി ചിത്രം ആയിരിക്കുകയാണ് ഗദര്‍ 2. പഠാനെയും ബാഹുബലി 2 നെയുമാണ് ചിത്രം പിന്നിലാക്കിയിരിക്കുന്നത്. പഠാന്‍ 28 ദിവസം കൊണ്ടാണ് 500 കോടി നേടിയതെങ്കിൽ ബാഹുബലി 2ന്റെ ഹിന്ദി പതിപ്പ് 34 ദിവസം കൊണ്ടാണ് ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ 500 കോടി കടന്നത്. അതേസമയം ആഗോള ബോക്സ് ഓഫീസില്‍ ഗദര്‍ 2 650 കോടിയിലേറെ നേടിക്കഴിഞ്ഞിട്ടുണ്ട്.
2001ല്‍ ഇറങ്ങിയ ‘ഗദര്‍: ഏക് പ്രേം’ സിനിമയുടെ രണ്ടാം ഭാഗമാണ് ‘ഗദര്‍ 2’. സണ്ണി ഡിയോളും അമീഷ പട്ടേലുമാണ് സിനിമയിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചെത്തുന്നത്. 1971 കാലഘട്ടം പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തില്‍ താര സിംഗ് എന്ന കഥാപാത്രമായാണ് സണ്ണി ഡിയോള്‍ എത്തിയത്. തന്‍റെ മകന്‍ ചരണ്‍ജീതിനെ പാകിസ്ഥാന്‍ സൈന്യത്തില്‍ നിന്ന് മോചിപ്പിക്കാന്‍ പാകിസ്ഥാനിലേക്ക് പോവുന്ന താര സിംഗിന്റെ കഥയാണ് ചിത്രത്തിന് അടിസ്ഥാനം . അമീഷ പട്ടേല്‍ ആണ് ചിത്രത്തിലെ നായിക. മനീഷ് വാധ്വയും, ഗൌരവ് ചോപ്രയും ചിത്രത്തിൽ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട് . അനില്‍ ശര്‍മ്മയാണ് ചിത്രത്തിന്‍റെ സംവിധാനം നിർവഹിച്ചത് . പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഗദര്‍ 2.