ബുസാന്‍ ചലച്ചിത്ര മേള – ‘കിം ജിസോക്ക്’ പുരസ്‌കാരം നേടി ന്യൂട്ടണ്‍ സിനിമയുടെ ‘പാരഡൈസ്’

0
191

ക്ഷിണ കൊറിയയിലെ ബുസാനില്‍ വച്ചു നടന്ന ബുസാന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ മികച്ച ചിത്രത്തിനുള്ള ”കിം ജിസോക്ക്” പുരസ്‌കാരം, ന്യൂട്ടണ്‍ സിനിമ നിര്‍മ്മിച്ച ‘പാരഡൈസ്’ നേടി. വിഖ്യാത ശ്രീലങ്കന്‍ ചലച്ചിത്രകാരനായ പ്രസന്ന വിത്താനഗെ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം നടന്നത് ബുസാന്‍ ചലച്ചിത്ര മേളയിലാണ് . റോഷന്‍ മാത്യു , ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ക്കൊപ്പം പ്രമുഖ ശ്രീലങ്കന്‍ അഭിനേതാക്കളായ ശ്യാം ഫെര്‍ണാണ്ടോ, മഹേന്ദ്ര പെരേര തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ‘പാരഡൈസ്’ മണിരത്‌നം നേതൃത്വം നല്‍കുന്ന മദ്രാസ് ടാക്കീസാണു പ്രേക്ഷകര്‍ക്കു മുന്നില്‍ അവതരിപ്പിക്കുന്നത്.

2022ല്‍ ശ്രീലങ്ക നേരിട്ട സാമ്പത്തിക പ്രതിസന്ധിയും, അതിനെ തുടര്‍ന്നുണ്ടായ വിലകയറ്റവും ഇന്ധനവും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യവസ്തുകളുടെ ദൗര്‍ലഭ്യവും, ജനകീയ പ്രക്ഷോഭങ്ങളുമാണു പാരഡൈസിനു പശ്ചാത്തലമാകുന്നത്. ഈ കാലയളവില്‍ ശ്രീലങ്കയില്‍ തങ്ങളുടെ അഞ്ചാം വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ എത്തുന്ന മലയാളികളായ ടി.വി പ്രൊഡ്യൂസര്‍ക്കും, വ്‌ലോഗറായ അയാളുടെ ഭാര്യയ്ക്കും നേരിടേണ്ടി വരുന്ന അപ്രതീക്ഷിതമായ സംഭവങ്ങളുടെയും, വിചിത്രമായ അനുഭവങ്ങളുടെയും കഥ പറയുന്ന ‘പാരഡൈസ്’ പ്രേക്ഷകര്‍ക്ക് ഒരേ സമയം ഉദ്വേഗഭരിതവും വത്യസ്തവുമായ ഒരു ചലച്ചിത്രാനുഭവമായിരിക്കുമെന്നു അണിയറപ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. ശ്രീലങ്കയില്‍ നിലനില്‍ക്കുന്ന വംശീയ ഉച്ചനീചത്വങ്ങള്‍ പ്രതിപാദിക്കപ്പെടുന്ന ചിത്രത്തില്‍ രാമായണത്തിലെ ശ്രദ്ധേയമായ സംഭവങ്ങളും സ്ഥലങ്ങളും കഥാഗതിയുടെ ഭാഗമാകുന്നുണ്ട്.

അന്തരിച്ച പ്രിയപ്പെട്ട സുഹൃത്ത് കിം ജിസോക്കിന്റെ പേരില്‍ ഒരു പുരസ്‌കാരം ലഭിക്കുന്നത് വൈകാരികമായ ഒരനുഭവമാണെന്നു ചിത്രത്തിന്റെ സംവിധായകന്‍ പ്രസന്ന വിത്താനഗെ അഭിപ്രായപ്പെട്ടു. 28 വര്‍ഷം മുന്‍പ് ആദ്യമായി തന്റെ ചിത്രം ബുസാന്‍ ചലച്ചിത്രമേളയിലേയ്ക്ക് തിരഞ്ഞെടുത്തത് കിം ആയിരുന്നു എന്നും , ഏഷ്യയില്‍ നിന്നുള്ള എല്ലാ ചലച്ചിത്രകാരന്മാരുടെയും അടുത്ത സുഹൃത്തായിരുന്നു കിം ജിസോക്ക് എന്നും അദ്ദേഹം അനുസ്മരിച്ചു. ചിത്രത്തിന്റെ നിര്‍മ്മാതാവായ ആന്റോ ചിറ്റിലപ്പള്ളിയോടും, നിര്‍മ്മാണ കമ്പനിയായ ന്യൂട്ടണ്‍ സിനിമയോടും, ചിത്രം അവതരിപ്പിക്കുന്ന മണിരത്‌നത്തോടും മദ്രാസ് ടാക്കീസിനോടും, പാരഡൈസിന്റെ അണിയറപ്രവര്‍ത്തകരോടും നന്ദി അറിയിച്ചു കൊണ്ടാണു പ്രസന്ന വിത്താനഗെ പുരസ്‌കാര വാര്‍ത്തയോട് പ്രതികരിച്ചത്.ഏഷ്യന്‍ സിനിമയിലെ മികച്ച ചിത്രങ്ങള്‍ക്ക് നല്‍കി വരുന്ന ‘NETPAC’ പുരസ്‌കാരം അഞ്ചു തവണ നേടിയ ഏക സംവിധായകനാണു ശ്രീലങ്കന്‍ സ്വദേശിയായ പ്രസന്ന വിത്താനഗെ.

സാമൂഹിക സാമ്പത്തിക അസ്ഥിരതകള്‍ തുടര്‍ക്കഥയാകുന്ന സ്വര്‍ഗതുല്യമായ ഒരു നാട്ടില്‍ ആണ്‍-പെണ്‍ ബന്ധങ്ങളുടെ പുനര്‍വിചിന്തനങ്ങളും ഇതിഹാസങ്ങളുടെ പുനര്‍വായനകളും സംഭവിക്കുമ്പോഴാണു ‘പാരഡൈസ്’ പോലുള്ള സൃഷ്ടികളുണ്ടാകുന്നതെന്നു പ്രശസ്ത സംവിധായകനും, മദ്രാസ് ടാക്കീസിന്റെ അമരക്കാരനുമായ മണിരത്‌നം ചിത്രത്തെക്കുറിച്ച് സംസാരിക്കവേ അഭിപ്രായപ്പെട്ടു.

പാരഡൈസിന്റെ ആദ്യ പ്രദര്‍ശനം തന്നെ പുരസ്‌കാരം സമ്മാനിച്ചതിന്റെ സന്തോഷത്തിലാണു ന്യൂട്ടണ്‍ സിനിമയുടെ പ്രവര്‍ത്തകര്‍. കൂടുതല്‍ പ്രേക്ഷകരിലേയ്ക്ക് സിനിമയെ എത്തിക്കാനുള്ള തങ്ങളുടെ പരിശ്രമങ്ങള്‍ക്ക് ഈ പുരസ്‌കാരം വലിയ ഊര്‍ജ്ജമായിരിക്കുമെന്നും, ബുസാനിലെ പ്രദര്‍ശനവേദികളില്‍ തിങ്ങി നിറഞ്ഞ പ്രേക്ഷകര്‍ സിനിമയെ സ്വീകരിച്ചതു പോലെ ലോകമെമ്പാടുമുള്ള പ്രേക്ഷകരും പാരഡൈസ് സ്വീകരിക്കുമെന്നാണു തങ്ങളുടെ പ്രതീക്ഷയെന്നും ന്യൂട്ടണ്‍ സിനിമയുടെ സി. ഇ. ഒ. ആന്റോ ചിറ്റിലപ്പിള്ളി അഭിപ്രായപ്പെട്ടു.

രാജീവ് രവി ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്ന പാരഡൈസിന്റെ, ചിത്രസംയോജനം ശ്രീകര്‍ പ്രസാദാണ്. ”കെ” സംഗീതമൊരുക്കിയിരിക്കുന്ന ചിത്രത്തിനു ശബ്ദസന്നിവേശം ചെയ്തിരിക്കുന്നത് തപസ് നായ്ക് ആണ്.
അന്തരിച്ച ഫെസ്റ്റിവല്‍ ഡയറക്ടര്‍ കിം ജിസോക്കിന്റെ സ്മരാണാര്‍ത്ഥം 2017ല്‍ ഏര്‍പ്പെടുത്തിയ ഈ പുരസ്‌കാരം എഷ്യന്‍ സിനിമയിലെ സമകാലീന മികവുകളെയും വത്യസ്തമായ ശ്രമങ്ങളെയും അംഗീകരിക്കുക എന്ന ഉദ്ദേശത്തോടെയാണു നല്‍കി വരുന്നത്.


ന്യൂട്ടണ്‍ സിനിമയെക്കുറിച്ച്…

സാമൂഹിക വ്യവസ്ഥിതികളെ ചോദ്യം ചെയ്യുകയും സമൂഹത്തില്‍ ഗുണകരമായ മാറ്റങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്ന കഥകള്‍ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്
ആന്റോ ചിറ്റിലപ്പിള്ളി, സനിതാ ചിറ്റിലപ്പിള്ളി എന്നിവര്‍ ചേര്‍ന്ന് 2020ല്‍ ആഗോള സിനിമ നിര്‍മ്മാണ കമ്പനിയായ ന്യൂട്ടണ്‍ സിനിമ ആരംഭിക്കുന്നത്. ലോസ് ആഞ്ചലസ്, ബോസ്റ്റണ്‍, സാന്‍ഫ്രാന്‍സിസ്‌കോ, മുംബൈ, കൊച്ചി എന്നിവിടങ്ങളില്‍ നിന്നാണു ന്യൂട്ടണ്‍ സിനിമ നിലവില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here