രജനികാന്തിന്റേതായി പുറത്തുവരാനിരിക്കുന്ന ചിത്രങ്ങൾക്കായി പ്രേക്ഷകർ അത്യധികം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. അതേസമയം താരത്തിന്റെ കരിയറിൽ ഏറ്റവും ഉയർച്ചയുണ്ടായ ചിത്രമാണ് കാർത്തിക് സുബ്ബരാജിനൊപ്പം ചെയ്ത ‘പേട്ട’. രജനികാന്തിന്റെ സ്ക്രീൻ ഇമേജിനെ പുതിയ കാലത്തിൻറെ താൽപര്യങ്ങൾക്കനുസരിച്ച് അവതരിപ്പിച്ച ചിത്രം കൂടിയായിരുന്നു അത്. പേട്ടയ്ക്ക് ശേഷം ഈ സംവിധായക- താര കോമ്പിനേഷൻ വീണ്ടും ആവർത്തിക്കാൻ പോകുന്നു എന്ന വാർത്തകളാണ് ഇപ്പോൾ വരുന്നത്. അതിന് സാധ്യതയുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകളും സൂചിപ്പിക്കുന്നത്.
Buzzzz 💥🫡#Coolie #Vettaiyan pic.twitter.com/3z4m8mxDmp
— ρяαвα ¢нαρℓιи (@Chaplin_Here) June 20, 2024
വമ്പൻ വിജയം നേടിയ ജയിലർ എന്ന ചിത്രത്തിന് ശേഷം രണ്ട് ചിത്രങ്ങളാണ് രജനികാന്തിൻറേതായി ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ടി ജെ ജ്ഞാനവേലിൻറെ വേട്ടൈയ്യൻ എന്ന ചിത്രവും, ലോകേഷ് കനകരാജിൻറെ സംവിധാനത്തിൽ എത്തുന്ന കൂലിയും. ഇതിൽ വേട്ടൈയൻറെ ചിത്രീകരണം കഴിഞ്ഞ മാസം അവസാനിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ വന്നത്. നിലവിൽ പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ് ചിത്രം ഉള്ളത്. ഇതിൻറെ ഡബ്ബിംഗ് പൂർത്തിയാക്കിയ ശേഷം രജനി ലോകേഷ് ചിത്രത്തിൽ ജോയിൻ ചെയ്യുമെന്നാണ് വിവരം. കൂലിക്ക് ശേഷം കാർത്തിക് സുബ്ബരാജും രജനികാന്തും വീണ്ടും ഒന്നിക്കാൻ സാധ്യതയുണ്ടെന്ന് പല തമിഴ് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം ഇതിന് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല. രജനികാന്തിൻറെ വലിയ ആരാധകനായ കാർത്തിക് സുബ്ബരാജിൻറെ ഫാൻ ബോയ് ട്രിബ്യൂട്ട് എന്ന് വിലയിരുത്തപ്പെട്ട ചിത്രം കൂടിയായിരുന്നു പേട്ട.
അതേസമയം ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമെന്ന് കരുതപ്പെടുന്ന ഒന്നാണ് വേട്ടെയ്യൻ. വേട്ടൈയനിൽ റിതിക സിംഗ്, ദുഷറ വിജയൻ, റാണ ദഗുബാട്ടി, ഫഹദ് ഫാസിൽ, മഞ്ജു വാര്യർ എന്നിവർക്കൊപ്പം അമിതാഭ് ബച്ചനും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 33 വർഷങ്ങൾക്ക് ശേഷം രജനികാന്തും അമിതാഭ് ബച്ചനും വീണ്ടും ഒന്നിക്കുന്നു എന്നത് ചിത്രത്തിൻറെ യുഎസ്‍പികളിൽ ഒരു പ്രധാന ഘടകമാണ്.
ചിത്രത്തിൽ രജനികാന്ത് പൊലീസ് വേഷത്തിലാണ് അഭിനയിക്കുന്നത്. അമിതാഭ് ബച്ചൻ എത്തുന്നത് ചീഫ് പൊലീസ് ഓഫീസർ ആയിട്ടായിരിക്കും. ലൈക്ക പ്രൊഡക്ഷൻസ് ആണ് ഈ ചിത്രത്തിൻറെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്. അനിരുദ്ധ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകൻ ആയി എത്തുന്നത്.. അതേസമയം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രം അടുത്ത മാസം ഷൂട്ടിങ്ങ് തുടങ്ങുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്,