മലയാളത്തിലെ ഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴിന്റെ തമിഴ് പതിപ്പായ ചന്ദ്രമുഖിയുടെ രണ്ടാംഭാഗം കഴിഞ്ഞ ദിവസമാണ് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തിയത്. ഇപ്പോൾ ഹൊറർ കോമഡി ചിത്രത്തിൻറെ ആദ്യദിന കളക്ഷൻ റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
View this post on Instagram
ആദ്യദിനത്തില്‍ 8.25 കോടിയാണ് ചിത്രം നേടിയിരിക്കുന്നത്.തമിഴ് 5.58 കോടി കളക്ഷനും തെലുങ്കിൽ 2.5 കളക്ഷനും ഹിന്ദിയിൽ 0.17 കോടി നേടിയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.സെപ്റ്റംബർ 15ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്.എന്നാൽ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് റിലീസ് തിയ്യതി മാറ്റുകയായിരുന്നു.റിലീസ് തിയ്യതി മാറ്റിയത് ചിത്രത്തിൻറെ കളക്ഷനെ ബാധിച്ചിട്ടില്ലെന്നാണ് അനലിസ്റ്റുകൾ പറയുന്നത്.
മലയാളത്തിലെ ഹിറ്റ് ചിത്രമായിരുന്നു മോഹൻ ലാൽ, ശോഭന, സുരേഷ് ഗോപി എന്നിവർ മികച്ച അഭിനയം കാഴ്ചവെച്ച ചിത്രമാണ് മണിച്ചിത്രത്താഴ്. മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്ക് ആയിരുന്നു രജനി കാന്ത് , ജ്യോതിക, പ്രഭു തുടങ്ങിയവർ അഭിനയിച്ച ചന്ദ്രമുഖി.മലയാളത്തിൽ നിന്നും തമിഴിലേക്കെത്തിയപ്പോൾ നാഗവല്ലിയെന്ന കഥാപാത്രത്തിന്റെ പേര് ചന്ദ്രമുഖി എന്നായിരുന്നു. ആദ്യ ഭാഗത്തിൽ ജ്യോതികയാണ് ചന്ദ്രമുഖിയുടെ ബാധ കയറുന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്.രണ്ടാം ഭാഗത്തിൽ നാഗവല്ലിയായി എത്തുന്നത് ബോളിവുഡ് നടി കങ്കണ റണൗട്ട് ആണ്.രാഘവ ലോറൻസും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.ചന്ദ്രമുഖിയുടെ ആദ്യഭാഗമൊരുക്കിയ പി. വാസു തന്നെയാണ് ചന്ദ്രമുഖി രണ്ടാംഭാഗവും സംവിധാനം ചെയ്യുന്നത്. ഹൊറർ കോമഡി ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം ലൈക പ്രൊഡക്‌ഷൻസ് ആണ് നിർമ്മിക്കുന്നത്. വടിവേലു, ലക്ഷ്മി മേനോൻ, സൃഷ്ടി ഡാൻഗെ, രാധിക ശരത്കുമാർ, മഹിമ നമ്പ്യാർ, രവി മരിയ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. ആർ.ഡി. രാജശേഖറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീതം നൽകുന്നത് എം.എം. കീരവാണിയാണ്.
മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്ക് ആയിരുന്നു ഭൂൽ ഭുലയ്യ. ചിത്രത്തിൽ നാഗവല്ലിയുടെ കഥാപാത്രമായി എത്തിയത് നടി വിദ്യ ബാലനായിരുന്നു. അക്ഷയ് കുമാർ നായകനായി എത്തിയ ഭൂൽ ഭുലയ്യ സംവിധാനം ചെയ്തത് പ്രിയദർശൻ ആയിരുന്നു. തമിഴിലും ഹിന്ദിയിലുമെല്ലാം മണിച്ചിത്രത്താഴിന്റെ റീമേക്കുകൾ എത്തിയെങ്കിലും മലയാളത്തിന് വലിയൊരു സ്വീകാര്യതയാണ് ഇപ്പോഴുമുള്ളത്. നാഗവല്ലിയായെത്തിയ ശോഭനയുടെ അഭിനയത്തെ വെല്ലാൻ തമിഴിൽ ജ്യോതികയ്ക്കോ, ഹിന്ദിയിൽ വിദ്യ ബാലനോ സാധിച്ചിട്ടില്ല. ഇരുവരുടെയും അഭിനയം ശോഭനയുടെ അഭിനയവുമായി താരതമ്യം ചെയ്ത് നിരവധി ട്രോളുകൾ വന്നിരുന്നു.