പി വാസു സംവിധാനം ചെയ്ത ചന്ദ്രമുഖി 2 ഒടിടി റിലീസ് തിയ്യതി പ്രഖ്യാപിച്ചു.ചിത്രം ഈ മാസം ഇരുപത്തിയേഴിന് നെറ്റ്ഫ്ളിക്സിലൂടെ ഒ.ടി.ടിയിൽ സ്‌ട്രീമിംഗ് ആരംഭിക്കും.ചന്ദ്രമുഖിയുടെ ആദ്യഭാഗമൊരുക്കിയ പി. വാസു തന്നെയാണ് ചന്ദ്രമുഖി രണ്ടാംഭാഗവും സംവിധാനം ചെയ്തത്.
സമീപദിവസം പുറത്തിറങ്ങിയ ചിത്രമാണ് മലയാളത്തിലെ ഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴിന്റെ തമിഴ് പതിപ്പ് ചന്ദ്രമുഖി 2.വൻ ബജറ്റിലൊരുങ്ങിയ ചന്ദ്രമുഖി 2-ന് ബോക്സോഫീസിൽ വിജയിക്കാൻ സാധിച്ചിരുന്നില്ല.അറുപത് കോടി മുതൽമുടക്കിലൊരുങ്ങിയ ചിത്രത്തിന് ഇരുപത് കോടിയോളമാണ് നഷ്ടം സംഭവിച്ചതെന്നാണ് റിപ്പോർട്ട്
ഹൊറർ കോമഡി ത്രില്ലർ വിഭാഗത്തിൽപ്പെടുന്ന ചിത്രം ലൈക പ്രൊഡക്‌ഷൻസ് ആണ് നിർമ്മിച്ചത്.ചന്ദ്രമുഖി 2വിന് സംഗീതം നല്‍കുന്നത് ഓസ്‌കാര്‍ ജേതാവ് എം എം കീരവാണിയാണ്. ഛായാഗ്രഹണം ആര്‍ ഡി രാജശേഖര്‍ ആണ്. കലാസംവിധാനം തോട്ട തരണി. ലക്ഷ്മി മേനോന്‍, മഹിമ നമ്പ്യാര്‍, രാധിക ശരത് കുമാര്‍, വിഘ്നേഷ്, രവിമരിയ, സൃഷ്ടി ഡാങ്കെ, സുഭിക്ഷ, വൈ ജി മഹേന്ദ്രന്‍, റാവു രമേഷ്, സായ് അയ്യപ്പന്‍, സുരേഷ് മേനോന്‍, ശത്രു, ടി എം കാര്‍ത്തിക് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്.
മലയാളത്തിലെ ഹിറ്റ് ചിത്രമായിരുന്നു മോഹൻ ലാൽ, ശോഭന, സുരേഷ് ഗോപി എന്നിവർ മികച്ച അഭിനയം കാഴ്ചവെച്ച ചിത്രമാണ് മണിച്ചിത്രത്താഴ്. മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്ക് ആയിരുന്നു രജനി കാന്ത് , ജ്യോതിക, പ്രഭു തുടങ്ങിയവർ അഭിനയിച്ച ചന്ദ്രമുഖി.മലയാളത്തിൽ നിന്നും തമിഴിലേക്കെത്തിയപ്പോൾ നാഗവല്ലിയെന്ന കഥാപാത്രത്തിന്റെ പേര് ചന്ദ്രമുഖി എന്നായിരുന്നു. ആദ്യ ഭാഗത്തിൽ ജ്യോതികയാണ് ചന്ദ്രമുഖിയുടെ ബാധ കയറുന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചത്.രണ്ടാം ഭാഗത്തിൽ നാഗവല്ലിയായി എത്തുന്നത് ബോളിവുഡ് നടി കങ്കണ റണൗട്ട് ആണ്.രാഘവ ലോറൻസും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. വളരെക്കാലത്തിന് ശേഷം തന്റെ തട്ടകമായ കോമഡി വേഷത്തിലേക്ക് വടി വേലു തിരിച്ചെത്തുന്ന സിനിമ കൂടിയാണിത്.
മണിച്ചിത്രത്താഴില്‍ പറയുന്ന പഴങ്കഥയായ ശങ്കരന്‍ തമ്പിയുടെയും നാഗവല്ലിയുടെയും ജീവിതമാണ് ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തില്‍ കഥാപശ്ചാത്തലമാകുന്നത്. തമിഴില്‍ വേട്ടയ്യന്‍ എന്നാണ് ശങ്കരന്‍ തമ്പിയുടെ കഥാപാത്രത്തിന് നല്‍കിയിരുന്ന പേര്. ചന്ദ്രമുഖിയില്‍ വേട്ടയ്യനായി വേഷം കെട്ടിയ രജനിയുടെ പ്രകടനം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചന്ദ്രമുഖി 2വില്‍ രാഘവ ലോറന്‍സ് ആണ് വേട്ടയ്യനായി വേഷമിടുന്നത്.
മണിച്ചിത്രത്താഴിന്റെ ഹിന്ദി റീമേക്ക് ആയിരുന്നു ഭൂൽ ഭുലയ്യ. ചിത്രത്തിൽ നാഗവല്ലിയുടെ കഥാപാത്രമായി എത്തിയത് നടി വിദ്യ ബാലനായിരുന്നു. അക്ഷയ് കുമാർ നായകനായി എത്തിയ ഭൂൽ ഭുലയ്യ സംവിധാനം ചെയ്തത് പ്രിയദർശൻ ആയിരുന്നു.