പഴയ ‘ചന്ദ്രമുഖി’യുടെ മഹത്വം ഇപ്പോൾ അറിഞ്ഞു : ‘ചന്ദ്രമുഖി 2’ ട്രെയിലറിന് വിമർശനം

0
203

ജനികാന്ത്, ജ്യോതിക നയൻ‌താര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എത്തിയ വിജയ ചിത്രമായിരുന്നു ‘ചന്ദ്രമുഖി’. ഇപ്പോൾ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്നത് ‘ചന്ദ്രമുഖി 2’ ന് വേണ്ടിയാണ്. രാഘവ ലോറൻസും കങ്കണ റണൗട്ടും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. എന്നാൽ പുറത്തിറങ്ങിയ ട്രെയിലറിനിപ്പോൾ നിരവധി വിമർശനങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ ഉയർന്നുകൊണ്ടിരിക്കുന്നത്.

പഴയ ‘ചന്ദ്രമുഖി’ക്ക് പകരം വെക്കാൻ പുതിയതിനാവില്ലെന്നാണ് പലരുടെയും വിലയിരുത്തൽ. ട്രെയിലർ നൽകുന്ന സൂചനകളിൽ നിന്നാണ് പലരും ഈ നിഗമനത്തിലേക്കെത്തുന്നത്. രജനികാന്തിന്റെയും ജ്യോതികയുടെയും അഭിനയത്തിന് മറ്റൊരാളുടെയും അഭിനയം കൊണ്ട് പകരം വെക്കാനാവില്ലെന്നാണ് ആരാധാകർ പറയുന്നത്.

മലയാളത്തിൽ ഫാസിൽ സംവിധാനം ചെയ്ത ‘മണിച്ചിത്രത്താഴി’ന്റെ തമിഴ് റീമേക്ക് ആയിരുന്നു ‘ചന്ദ്രമുഖി’. അതിന്റെ രണ്ടാം ഭാഗമായാണ് പുതിയ താരനിര അണിനിരക്കുന്ന ‘ചന്ദ്രമുഖി 2’ ഇറങ്ങുന്നത്. രാഘവ ലോറൻസും കങ്കണയുമാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത് . ഒരു ദിവസത്തിനുള്ളിൽ തന്നെ 40ലക്ഷത്തിലധികം കാണികളെ ആണ് സിനിമയുടെ ട്രെയ്‍ലർ‌ നേടിയിരിക്കുന്നത്. എന്നാൽ ട്രെയിലറിന് വരുന്ന പ്രതികരണങ്ങൾ അണിയറപ്രവർത്തകർക്ക് അത്ര സന്തോഷം നൽകുന്നതല്ല എന്നതാണ് മറ്റൊരു സത്യം.

മുഴുവനായും കൊമേഷ്യൽ ചിത്രമായൊരുങ്ങുന്ന ചന്ദ്രമുഖി 2വിനെക്കാളും ആ​ദ്യ ഭാ​ഗം തന്നെയാണ് തീർത്തും നല്ലതെന്നാണ് ട്രെയ്‍ലറിനെ വിമർശിച്ചെത്തുന്ന പ്രതികരണങ്ങൾ. പുതിയ ചിത്രത്തി​ന്റെ ട്രെയ്‍‍ലർ കണ്ടപ്പോൾ പഴയ ചന്ദ്രമുഖിയോട് ബഹുമാനം ആയിരം മടങ്ങായി കൂടിയെന്നും, പഴയ ചന്ദ്രമുഖിയുടെ മഹത്വം ഇപ്പോൾ അറിഞ്ഞു എന്നൊക്കെയാണ് സമൂഹ മാധ്യമങ്ങളിൽ വരുന്ന കമ​ന്റുകൾ.

സൺ ടിവി യുട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടത്. ലൈക്ക പ്രൊഡക്ഷൻസി​ന്റെ ചാനലിലൂടെ ട്രെയിലർ ലോഞ്ചിങ് പരിപാടിയുടെ ലൈവ് ദൃശ്യങ്ങളും പ്രേക്ഷകർക്കായി പങ്കുവെച്ചിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രാഘവ ലോറൻസ്, കങ്കണ റണൗട്ട്, വടിവേലു, മഹിമ നമ്പ്യാർ തുടങ്ങിയ താരങ്ങൾ പരിപാടിയിൽ പങ്കെടുത്തിരുന്നു.

ഒരു പ്രശ്നം തീർക്കാനായി പഴയ ആ വലിയ വീട്ടിലേക്ക് പുതിയ കുടുംബാം​ഗങ്ങൾ തിരിച്ചെത്തുന്നതും, പിന്നീട് അവിടെയുണ്ടാകുന്ന സംഭവങ്ങളുമാണ് കഥയെന്നാണ് ട്രെയിലറിലൂടെ നൽകുന്ന സൂചന. കങ്കണയുടെ ന‍ൃത്തവും, അഭിനയവുമെല്ലാം വളരെ ആകാംഷ ബാക്കി വെയ്ക്കുന്നതരത്തിലാണ് ട്രെയിലറിൽ കാണിക്കുന്നത്. സെപ്റ്റംബർ 15-നാണ് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തുക.

മണിച്ചിത്രത്താഴിൽ പറയുന്ന പഴങ്കഥയായ ശങ്കരൻ തമ്പിയുടെയും നാഗവല്ലിയുടെയും ജീവിതമാണ് ചന്ദ്രമുഖിയുടെ രണ്ടാം ഭാഗത്തിൽ കഥാപശ്ചാത്തലമാകുന്നത്. തമിഴിൽ വേട്ടയ്യൻ എന്നാണ് ശങ്കരൻ തമ്പിയുടെ കഥാപാത്രത്തിന് നൽകിയിരുന്ന പേര്. ചന്ദ്രമുഖിയിൽ വേട്ടയ്യനായി വേഷം കെട്ടിയ രജനിയുടെ പ്രകടനം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ചന്ദ്രമുഖി 2വിൽ രാഘവ ലോറൻസ് ആണ് വേട്ടയ്യനായി വേഷമിടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here