ദർശന രാജേന്ദ്രൻ, റോഷൻ മാത്യു എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ‘പാരഡെെസ്’. ശ്രീലങ്കൻ സംവിധായകൻ പ്രസന്ന വിത്തനാഗെ സംവിധാനം നിർവ്വഹിക്കുന്ന പാരഡൈസ് എന്ന ചിത്രത്തിൻറെ പ്രീ റിലീസ് ട്രെയ്‍ലർ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. പാരഡെെസിന്റെ ഓഡിയോ റെെറ്റ്സ് സ്വന്തമാക്കിയ തിങ്ക് മ്യൂസിക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടിട്ടുള്ളത്. തങ്ങളുടെ അഞ്ചാം വിവാഹവാർഷികം ആഘോഷിക്കാൻ ശ്രീലങ്കയിൽ എത്തുന്ന മലയാളികളായ ടി വി പ്രൊഡ്യൂസറുടെയും വ്ലോഗറായ അയാളുടെ ഭാര്യയുടെയും കഥാപാത്രങ്ങളിലൂടെയാണ് ‘പാരഡൈസ്’ കഥ പറഞ്ഞു പോകുന്നത്.
അവിടെ സ്ഥലങ്ങളെല്ലാം കാണിച്ചുകൊടുക്കാനെത്തുന്ന ടൂറിസ്റ്റ് ഗെെഡ് അവരെ ഒരു ഗുഹയിലേക്ക് കൂട്ടികൊണ്ടുപോവുകയും, രാവണൻ അവിടെയാണ് ജീവിച്ച് മരിച്ചതെന്ന് പറയുന്നുണ്ട്. എന്നാൽ അദ്ദേഹം മരിച്ചിട്ടില്ലെന്നും, ശ്രീലങ്കയുടെ പ്രശ്നങ്ങൾ തീർക്കാൻ വീണ്ടും വരുമെന്നൊക്കെയാണ് അവിടുത്തെ ജനങ്ങൾ വിശ്വസിക്കുന്നത്. പിന്നീടവരെ വേട്ടക്കൊക്കെ കൂട്ടിക്കൊണ്ടുപോകുന്നുണ്ട്.
ചിത്രത്തിനു പശ്ചാത്തലമാകുന്ന ശ്രീലങ്കൻ ഭൂമികയുടെ ഗാംഭീര്യം ഒട്ടും ചോരാതെ ക്യാമറയിൽ പകർത്തിയിരിക്കുന്നത് രാജീവ് രവിയാണ്. പിന്നീടവിടെ ഒരു പ്രശ്നം ഉടലെടുക്കുകയും, അത് എങ്ങനെയാണ് ഈ ദമ്പതികളെ ബാധിക്കുന്നതെന്നുമൊക്കെയാണ് ചിത്രം പറയുന്നത്.
ശ്രീകർ പ്രസാദ് ആണ് ഈ ദൃശ്യങ്ങളുടെ ചിത്രസംയോജനം ചെയ്തിരിക്കുന്നത്. ലിജു പ്രഭാകർ കളറിംഗും നിർവഹിച്ചിരിക്കുന്നു. മണിരത്നം നേതൃത്വം നൽകുന്ന മദ്രാസ് ടാക്കീസ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്ന പാരഡൈസ് ഈ മാസം ജൂൺ 28 – ന് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും.
കേരളത്തിൽ സെഞ്ചുറി ഫിലിംസും ശ്രീലങ്കയിൽ സ്കോപ്പ് മൂവീസും മറ്റ് പ്രദേശങ്ങളിൽ എ പി ഇൻ്റർനാഷണലുമാണ് ചിത്രം വിതരണം ചെയ്യാൻ ഏറ്റെടുത്തിരിക്കുന്നത്.
അതേസമയം അന്താരാഷ്ട്ര ചലച്ചിത്ര വേദികളിൽ ഈ ചിത്രം ഇതിനകം വലിയ നേട്ടങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇരുപത്തിയെട്ടാമത് ബുസാൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള കിം ജിസോക്ക് പുരസ്കാരവും, ഒപ്പം സ്പെയിനിലെ 23-ാമത് ലാസ് പൽമാസ് ദേ ഗ്രാൻ കനാറിയ രാജ്യാന്തര ചലച്ചിത്രമേളയിൽ ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരവും , ഫ്രാൻസിലെ മുപ്പതാമത് വെസൂൽ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പ്രീ ദു ജൂറി ലീസിയൻ പുരസ്കാരവും പതിനേഴാമത് ഏഷ്യൻ ഫിലിം അവാർഡ്സിൽ മികച്ച ചിത്രം , മികച്ച സംവിധായകൻ , മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം എന്നീ വിഭാഗങ്ങളിൽ നാമനിർദേശവും പാരഡൈസ് എന്ന ഈ ചിത്രത്തിന് ലഭിച്ചിരുന്നു. ഐഎഫ്എഫ്‍കെയിലൂടെ മലയാളികൾക്ക് പരിചയമുള്ള സംവിധായകൻ കൂടിയാണ് പ്രസന്ന വിത്തനാഗെ.