രാമു കാര്യാട്ട് സാറിന്റെ കൂടെ വന്നവരാണ് ഞങ്ങളെന്ന് ഡേവീഡ് കാച്ചപ്പിള്ളി. കെജി ജോര്‍ജ്ജിനെ അവസാനമായി ഒരു നോക്ക് കാണാനെത്തിയപ്പോഴാണ് കമല്‍ മാധ്യമപ്രവര്‍ത്തകരോട്് സംസാരിച്ചത്.
ഡേവീഡ് കാച്ചപ്പിള്ളി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്…
‘എനിക്ക് ഒന്നും പറയാനില്ല. ഞാനും ജോര്‍ജ്ജേട്ടനും ഇന്നസെന്റേട്ടനും രാമു കാര്യാട്ട് സാറിന്റെ കൂടെ വന്നവരാണ് നെല്ല് എന്ന സിനിമയില്‍. അന്ന് മുതലുള്ള ബന്ധമാണ് ഞാനും ജോര്‍ജ്ജേട്ടനും തമ്മില്‍. അതുപോലെ നെടുമുടി, ഇന്നസെന്റ്, ഞാന്‍, ജോര്‍ജ്ജേട്ടന്‍. അത് കഴിഞ്ഞതിന് ശേഷമാണ് ലേഖയുടെ മരണം ഒരു ഫ്‌ളാഷ് ബാക്ക് തുടങ്ങിയത്. അതൊരു വലിയൊരു പ്രൊഡക്ഷനായിരുന്നു. അതൊരു ഇന്റര്‍നാഷണല്‍ സിനിമയായിരുന്നു അത്. എന്നാലും ഞാനും ജോര്‍ജ്ജേട്ടനും തമ്മില്‍ പല കഥകളും സംസാരിക്കാറുണ്ടായിരുന്നു. അടുത്ത പടം ചെയ്യാന്‍ തീരുമാനിച്ചതായിരുന്നു അത് നടന്നില്ല. ആറ് വര്‍ഷമായി അദ്ദേഹം കിടപ്പിലായിരുന്നു. ജോര്‍ജ്ജേട്ടന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു’
അതേസമയം, വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ഭാഷ്യം നല്‍കിയ സംവിധായകനായിരുന്നു കെ ജി ജോര്‍ജ്. കലാ സാംസ്‌കാരിക രാഷ്ട്രീയ രംഗത്ത് നിന്നുള്ള നിരവധി പ്രമുഖരാണ് പ്രിയ സഹപ്രവര്‍ത്തകനെ അവസാനമായി ഒരു നോക്ക് കാണുവാന്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്ന എറണാകുളം ടൗണ്‍ഹാളില്‍ എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുന്നത്.
സിബി മലയില്‍, രഞ്ജി പണിക്കര്‍, ബി ഉണ്ണികൃഷ്ണന്‍, കെ എസ് പ്രസാദ്, പ്രിയനന്ദനന്‍, ഇടവേള ബാബു, മോഹന്‍ ജോസ് സിദ്ധിഖ്, കമല്‍, നരന്‍, കുഞ്ചാക്കോ ബോബന്‍, ഷൈന്‍ ടോം ചാക്കോ, എംഎല്‍എ കെ ബാബു, കുഞ്ചാക്കോ ബോബന്‍, തെസ്‌നിഖാന്‍, ബെന്നി പി നായരമ്പലം, ഹരിശ്രീ അശോകന്‍, സോഹന്‍ സീനുലാല്‍, ഷാജോണ്‍, സീമ ജി നായര്‍ തുടങ്ങി നാനാതുറകളില്‍ നിന്നും നിരവധി പേര്‍ ടൗണ്‍ ഹാളില്‍ എത്തിയിരിക്കുകയാണ് .
പ്രശസ്ത സംവിധായകന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ചൊവ്വാഴ്ച വൈകീട്ട് 4.30-ന് എറണാകുളം രവിപുരം ശ്മശാനത്തില്‍ സംസ്‌കരിക്കും. രാവിലെ 11 മണി മുതല്‍ 3 മണി വരെ എറണാകുളം ടൗണ്‍ഹാളില്‍ അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തിന്റെ പൊതുദര്‍ശനം നടന്നു കൊണ്ടിരിക്കുകയാണ്. തുടര്‍ന്ന് 6 മണിക്ക് വൈഎംസിഎ ഹാളില്‍ വെച്ച് അനുശോചന യോഗവും ഉണ്ടായിരിക്കുന്നതാണ്. ജോര്‍ജിന്റെ ഭാര്യ സല്‍മയും മകന്‍ അരുണും കുടുംബവും ഗോവയില്‍ നിന്നും മകള്‍ താര ദോഹയില്‍ നിന്നും തിങ്കളാഴ്ച കൊച്ചിയിലെത്തിയിരുന്നു.
അതേസമയം, അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ നടന്‍ മമ്മൂട്ടി എത്തിയിരുന്നു. താന്‍ ഹൃദയത്തോട് ചേര്‍ത്തുവെച്ച ഒരാളുകൂടെ തനിക്കു നഷ്ടമായിരിക്കുന്നു എന്നാണ് മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞത്. ഒപ്പം അദ്ദേഹത്തെ കുറിച്ചുള്ള ചില ഓര്‍മ്മകളും പങ്കുവെച്ചു. ”ഹൃദയത്തോട് ചേര്‍ത്തുവെച്ച ഒരാളുകൂടെ പോയി. അഞ്ചു വേഷമായി ഇവിടെ ആയിരുന്നു അദ്ദേഹം. മലയാള സിനിമയ്ക്ക് പുതിയ വഴി തുറന്നുതന്ന സംവിധായകനാണ് ജോര്‍ജ് സാര്‍. എനിക്കിവിടെ വരാന്‍ പറ്റിയത് വലിയ കാര്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഗുരു തുല്യനായ ഒരാളാണ്. മെന്റര്‍ എന്നുതന്നെ പറയാം. ഇപ്പോള്‍ അദ്ദേഹം സിനിമകളില്‍ സജീവമല്ലെങ്കിലും അദ്ദേഹം ചെയ്തുവെച്ച സിനിമകള്‍ സജീവമായിത്തന്നെ നിലനില്‍ക്കുന്നുണ്ട്. വളരെയധികം പ്രത്യേകതകളുള്ള സിനിമകളാണ് അദ്ദേഹത്തിന്റേത്. ഓരോ സിനിമയും വേറിട്ട് നില്‍ക്കുന്നവയാണ്. സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ചചെയ്തിട്ടുണ്ട്.
അദ്ദേഹം പറയുന്ന പോലെ ഓരോ കാലത്തും ഓരോ തരം സിനിമകളാണ് നമ്മള്‍ ഇഷ്ടപ്പെടുന്നത്. കാലം മാറുന്നതിനു അനുസരിച്ചു സിനിമകളുടെ ഗതിയും മാറുന്നുണ്ട്. അതിനൊപ്പം നില്‍ക്കാന്‍ അദ്ദേഹത്തിന് സാധിക്കാഞ്ഞത് അദ്ദേഹത്തിന്റെ കുഴപ്പം കൊണ്ടല്ല, അതിനുള്ള സൗകര്യങ്ങള്‍ ഒത്തുവരാത്തതുകൊണ്ടാണ്. അല്ലെങ്കില്‍ മലയാള സിനിമയില്‍ മറക്കാന്‍ പറ്റാത്ത സിനിമകള്‍ ഉണ്ടാക്കേണ്ടിയിരുന്ന ആളാണ് അദ്ദേഹം . ഇതിനിടയ്ക് ശാരീരിക അസ്വാസ്ഥ്യവും പക്ഷാഘാതവും ഒക്കെ വന്നതുകൊണ്ട് അദ്ദേഹം ഓര്‍മ്മയായിരിക്കുകയാണ്.” എന്നാണ് മമ്മൂട്ടി പറഞ്ഞത്.
വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ഭാഷ്യം നല്‍കിയ സംവിധായകനായിരുന്നു കെ.ജി.ജോര്‍ജ്. പഞ്ചവടിപ്പാലം, ഇരകള്‍, യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. സ്വപ്നാടനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള വരവ്. 1998-ല്‍ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് സംവിധാനം ചെയ്ത അവസാനചിത്രം.