കാശ് പോകുമെന്ന് കരുതുന്നവർ സിനിമ കാണാൻ തീയേറ്ററിലോട്ടു വരേണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ. നദികളിൽ സുന്ദരി യമുനയുടെ വാർത്ത സമ്മേളനത്തിൽ സംസാരിക്കുന്നതിനിടയിലാണ് സിനിമ കണ്ടാൽ കാശു പോകുമെന്ന് കരുതുന്നവർ റിവ്യൂ നോക്കി നല്ല സിനിമക്ക് പോയാൽ മതിയെന്നും അല്ലാതെ സിനിമക്ക് പോയി കാശു പോയി എന്ന് പറയാനാണെങ്കിൽ തീയേറ്ററിലോട്ടു വരേണ്ടെന്നും ധ്യാൻ പറഞ്ഞത്.
ധ്യാനിന്റെ വാക്കുകൾ…..
“എന്റെ ഇന്റർവ്യൂ കണ്ടു നിങ്ങളൊരിക്കലും എന്റെ സിനിമ കാണാൻ പോകരുത്. അങ്ങനെയുള്ളവരുണ്ടെന്ന് ഞാനറിഞ്ഞു. അങ്ങനെ ചെയ്യരുത്. ആളുകൾ എന്നെ ഇഷ്ട്ടപെട്ടിരിക്കുന്നതു എന്റെ ഇന്റർവ്യൂകൾ കണ്ടാണ്
അത് സിനിമയിലെ എന്റെ അഭിനയം കണ്ടുണ്ടായതല്ല. എന്നാൽ ഇന്റർവ്യൂവിലൂടെ ആളുകൾക്ക് എന്നോടുണ്ടായ സ്നേഹം സിനിമയിലേക്ക് പ്രതിഫലിക്കുന്നുണ്ടെന്നു ഞാനറിയുന്നത് ഈ അടുത്താണ് അത് ശരിയല്ല. എന്നിലെ നടനെ സിനിമയിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടത്. അശ്വന്ത് കോക്ക്, ഉണ്ണി വ്ലോഗ്സ് തുടങ്ങിയ ഒരുപാടു സിനിമ റിവ്യൂ പറയുന്ന ആളുകൾ നമുക്കിടയിലുണ്ട്. ഇവർ കൃത്യമായിട്ട് സിനിമയുടെ റിവ്യൂ പറയുന്നുണ്ട്. അത് കൂടാതെ തിയേറ്റർ റെസ്പോൺസുകളൊക്കെ നമുക്കറിയാൻ സാധിക്കുന്നുണ്ട്. സിനിമ കണ്ടു കാശ് പോയി എന്ന് പറയുന്നവർ ഇത്തരത്തിലുള്ള റിവ്യൂകളൊക്കെ നോക്കിയിട്ടു നല്ല സിനിമയാണെങ്കിൽ മാത്രം പോയി കണ്ടാൽ മതി. ഒരു സിനിമയുടെ ഫസ്റ്റ് ഷോ കഴിയുമ്പോൾ തന്നെ നമുക്കറിയാൻ പറ്റും അത് നല്ല സിനിമയാണോ അല്ലെ എന്നുള്ളത്. മോശം സിനിമയാണെങ്കിൽ പിന്നെ എന്തിനാണ് സിനിമ കാണാൻ പോകുന്നത്. അങ്ങനെ കാശു പോയി എന്ന് പറയുന്നവർ തിയേറ്ററിൽ പോകരുത്”
അതേസമയം, ധ്യാൻ ശ്രീനിവാസൻ, അജു വർഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതരായ വിജേഷ് പനത്തൂർ, ഉണ്ണി വെല്ലോറ എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നദികളിൽ സുന്ദരി യമുന’. ചിത്രം സെപ്റ്റംബർ പതിനഞ്ചിന് തിയേറ്ററുകളിലെത്തും. സിനിമാറ്റിക് ഫിലിംസ് എൽ എൽ പിയുടെ ബാനറിൽ വിലാസ് കുമാർ, സിമി മുരളി കുന്നുംപുറത്ത് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ഈ സിനിമയിൽ സുധീഷ്, കലാഭവൻ ഷാജോൺ, നിർമ്മൽ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹൻ സിനുലാൽ, രാജേഷ് അഴിക്കോടൻ, കിരൺ രമേശ്, ഭാനു പയ്യന്നൂർ, ശരത് ലാൽ, ദേവരാജ് കോഴിക്കോട്, അനീഷ്, ആതിര,ആമി, പാർവ്വണ, ഉണ്ണിരാജ, വിസ്മയ ശശികുമാർ തുടങ്ങിയ താരങ്ങൾ അണിനിരക്കുന്നുണ്ട്.