കാലാതീതമായ ചലച്ചിത്ര സൃഷ്ടികളിലൂടെ മലയാള സിനിമയെ സമ്പന്നമാക്കിയ ചലച്ചിത്രകാരൻ കെ ജി ജോർജിന് സ്മരണാഞ്ജലി. പ്രശസ്ത സംവിധായകന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ചൊവ്വാഴ്ച വൈകീട്ട് 4.30-ന് എറണാകുളം രവിപുരം ശ്മശാനത്തില്‍ സംസ്കരിക്കും. രാവിലെ 11 മണി മുതൽ 3 മണി വരെ എറണാകുളം ടൗൺഹാളിൽ അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തിന്റെ പൊതുദർശനമുണ്ടായിരിക്കും. തുടർന്ന് 6 മണിക്ക് വെെഎംസിഎ ഹാളിൽ വെച്ച് അനുശോചന യോഗവും ഉണ്ടായിരിക്കുന്നതാണ്. ജോര്‍ജിന്റെ ഭാര്യ സല്‍മയും മകന്‍ അരുണും കുടുംബവും ഗോവയില്‍ നിന്നും മകള്‍ താര ദോഹയില്‍ നിന്നും തിങ്കളാഴ്ച കൊച്ചിയിലെത്തിയിരുന്നു.
അതേസമയം, അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാൻ നടൻ മമ്മൂട്ടി എത്തിയിരുന്നു. താൻ ഹൃദയത്തോട് ചേർത്തുവെച്ച ഒരാളുകൂടെ തനിക്കു നഷ്ടമായിരിക്കുന്നു എന്നാണ് മമ്മൂട്ടി മാധ്യമങ്ങളോട് പറഞ്ഞത്. ഒപ്പം അദ്ദേഹത്തെ കുറിച്ചുള്ള ചില ഓർമ്മകളും പങ്കുവെച്ചു. ”ഹൃദയത്തോട് ചേർത്തുവെച്ച ഒരാളുകൂടെ പോയി. അഞ്ചു വേഷമായി ഇവിടെ ആയിരുന്നു അദ്ദേഹം. മലയാള സിനിമയ്ക്ക് പുതിയ വഴി തുറന്നുതന്ന സംവിധായകനാണ് ജോർജ് സാർ. എനിക്കിവിടെ വരാൻ പറ്റിയത് വലിയ കാര്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഗുരു തുല്യനായ ഒരാളാണ്. മെന്റർ എന്നുതന്നെ പറയാം. ഇപ്പോൾ അദ്ദേഹം സിനിമകളിൽ സജീവമല്ലെങ്കിലും അദ്ദേഹം ചെയ്തുവെച്ച സിനിമകൾ സജീവമായിത്തന്നെ നിലനിൽക്കുന്നുണ്ട്. വളരെയധികം പ്രത്യേകതകളുള്ള സിനിമകളാണ് അദ്ദേഹത്തിന്റേത്. ഓരോ സിനിമയും വേറിട്ട് നിൽക്കുന്നവയാണ്. സാമൂഹ്യ, രാഷ്ട്രീയ വിഷയങ്ങൾ ചർച്ചചെയ്തിട്ടുണ്ട്.
അദ്ദേഹം പറയുന്ന പോലെ ഓരോ കാലത്തും ഓരോ തരം സിനിമകളാണ് നമ്മൾ ഇഷ്ടപ്പെടുന്നത്. കാലം മാറുന്നതിനു അനുസരിച്ചു സിനിമകളുടെ ഗതിയും മാറുന്നുണ്ട്. അതിനൊപ്പം നിൽക്കാൻ അദ്ദേഹത്തിന് സാധിക്കാഞ്ഞത് അദ്ദേഹത്തിന്റെ കുഴപ്പം കൊണ്ടല്ല, അതിനുള്ള സൗകര്യങ്ങൾ ഒത്തുവരാത്തതുകൊണ്ടാണ്. അല്ലെങ്കിൽ മലയാള സിനിമയിൽ മറക്കാൻ പറ്റാത്ത സിനിമകൾ ഉണ്ടാക്കേണ്ടിയിരുന്ന ആളാണ് അദ്ദേഹം . ഇതിനിടയ്ക് ശാരീരിക അസ്വാസ്ഥ്യവും പക്ഷാഘാതവും ഒക്കെ വന്നതുകൊണ്ട് അദ്ദേഹം ഓർമ്മയായിരിക്കുകയാണ്.” എന്നാണ് മമ്മൂട്ടി പറഞ്ഞത്.
കെ ജി ജോർജിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി സിനിമ, കലാ സാംസ്കാരിക, രാഷ്ട്രീയ രംഗത്തുള്ള നിരവധി ആളുകൾ രംഗത്തുവന്നിരുന്നു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ഭാഷ്യം നല്‍കിയ സംവിധായകനായിരുന്നു കെ.ജി.ജോര്‍ജ്. പഞ്ചവടിപ്പാലം, ഇരകള്‍, യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. സ്വപ്നാടനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള വരവ്. 1998-ല്‍ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് സംവിധാനം ചെയ്ത അവസാനചിത്രം.