‘ലിയോ’ സിനിമയുടെ ആദ്യ പത്ത് മിനിറ്റ് ഒരു കാരണവശാലും നഷ്ടമാക്കരുതെന്ന അഭ്യര്‍ഥനയുമായി സംവിധായകന്‍ ലോകേഷ് കനകരാജ്. സിനിമയുടെ തുടക്കം ഒരു വിരുന്ന് തന്നെയാണ് പ്രേക്ഷകര്‍ക്കായി ഒരുക്കിയിരിക്കുന്നതെന്നും ലോകേഷ് പറയുന്നു.
”ലിയോയുടെ ആദ്യ പത്ത് മിനിറ്റ് ആരും മിസ്സ് ആക്കരുത്. എങ്ങനെയെങ്കിലും നിങ്ങള്‍ ഓടിയെത്തി അവിടം മുതല്‍ തന്നെ സിനിമ കാണണം. കാരണം, ആയിരമെന്ന് പറഞ്ഞാല്‍ കുറഞ്ഞ് പോകും, അത്രയധികം പേര്‍ ആ രംഗങ്ങള്‍ക്കുവേണ്ടി ജോലി ചെയ്തിട്ടുണ്ട്. സിനിമ മുഴുവനും നിരവധി പേര്‍ ജോലി ചെയ്തിട്ടുണ്ട്. എന്നാല്‍ ആദ്യ 10 മിനിറ്റിന് പിന്നിലെ അധ്വാനം അതിലും ഏറെയാണ്. നേരത്തെ തന്നെ തിയറ്ററിലെത്തി സമാധാനമായിരുന്ന് അത് ആസ്വദിക്കുക.
അതിനുവേണ്ടിയാണ് ഞങ്ങള്‍ ഇത്രയും പണിയെടുത്തത്. കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ഈ ഒക്ടോബര്‍ വരെ നിര്‍ത്താതെ ഓടിയത്. അത് നിങ്ങള്‍ക്കുവേണ്ടി മാത്രമാണ്. അതുകൊണ്ടാണ് പ്രേക്ഷകരോട് ഇക്കാര്യം പറയണമെന്ന് നിശ്ചയിച്ചത്. ആദ്യ 10 മിനിറ്റ് അവര്‍ക്കുള്ള ഒരു വിരുന്ന് ആയിരിക്കും. ഞാന്‍ തിയറ്ററില്‍ ലിയോ കാണാന്‍ പോകുമ്പോള്‍ സിനിമ തുടങ്ങുമ്പോഴേക്കും എല്ലാവരും എത്തിയോ എന്ന ആകാംക്ഷയില്‍ ആയിരിക്കും.” ലോകേഷ് പറയുന്നു.
അതേസമയം,ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് നായകനായി എത്തുന്ന ചിത്രമാണ് ലിയോ. ലോകേഷ് വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമായതിനാല്‍ തന്നെയും ആരാധകര്‍ വളരെ ആവേശത്തിലാണ്. ഔട്ട് ആന്‍ഡ് ഔട്ട് ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ത്രില്ലര്‍ ലിയോ ഒക്ടോബര്‍ 19 നാണ് ലോകവ്യാപകമായി തിയേറ്ററിലേക്കെത്തുന്നത്. ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ ആയിരുന്നു ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചിരുന്നത്. കേരള ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌ക്രീന്‍ കൗണ്ട് ലഭിക്കുന്ന ചിത്രമായി മാറും ലിയോ എന്നാണ് ആരാധകര്‍ പറയുന്നത്.
തിരുവനന്തപുരത്തെ ബുക്കിംഗ് നോക്കുമ്പോള്‍ കാണാന്‍ കഴിയുന്നത് ഏരീസ് പ്ലക്‌സിലെ ആദ്യദിന ഷോകള്‍ മുഴുവനും ഫുള്ളായ നിലയിലാണ്. 4 മണി മുതല്‍ 8 മണിവരെയുള്ള ഷോകളുടെ ടിക്കറ്റുകള്‍ വിറ്റ് പോയത് നിമിഷ നേരം കൊണ്ടാണ്. കേരളത്തില്‍ മാത്രം അറുന്നൂറിലേറെ സ്‌ക്രീനുകളിലാണ് ലിയോ റിലീസ് ചെയ്യുന്നത്. കേരളത്തില്‍ ഒക്ടോബര്‍ 19ന് പുലര്‍ച്ചെ 4 മണി മുതലാണ് ഷോ തുടങ്ങുന്നത്. അതേസമയം തമിഴ് നാട്ടില്‍ ഒന്‍പത് മാനിക്കായിരിക്കും ഷോ തുടങ്ങുക.
അജിത് നായകനായെത്തിയ തുനിവ് ചിത്രത്തിന്റെ റിലീസിനിടെ ഒരു ആരാധകന്‍ മരിച്ചിരുന്നു. അതുകൊണ്ടാണ് സമയം ഒന്‍പതാക്കി മാറ്റിയത്. അതേസമയം ചിത്രത്തിന്റെ ഒരു പോസ്റ്റര്‍ ഈ അടുത്ത് പുറത്തുവിട്ടിരുന്നു. സിനിമയിലെ പ്രധാന താരങ്ങളെയെല്ലാം ഈ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിജയ്, തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മാത്യു തുടങ്ങിയ താരങ്ങളാണത്. ചിത്രത്തിലെ പ്രധാന താരങ്ങളെ എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പോസ്റ്റര്‍ ആദ്യമായാണ് പുറത്തുവിടുന്നത്.
സെപ്റ്റംബര്‍ 7 മുതലാണ് ലിയോയുടെ യുകെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചത്. ആദ്യ ദിവസം തന്നെ പതിനായിരത്തിലധികം അധികം ടിക്കറ്റുകള്‍ ഇവിടെ വിറ്റുപോയിരുന്നു. അഞ്ച് ദിവസത്തിനുള്ളില്‍ ചിത്രത്തിന്റെ 18,000 ടിക്കറ്റുകളാണ് വിറ്റുപോയിരുന്നത്. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം50000ത്തിലധികം ടിക്കറ്റുകളാണ് റിലീസിന് മുന്‍പ് ഇവിടെ നിന്നും വിറ്റ് പോയിരിക്കുന്നത്. ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ് അനുസരിച്ച് വിജയ് ചിത്രം റിലീസിന് ഒരാഴ്ച മുന്‍പ് തന്നെ 2023 ലെ ഏറ്റവും കൂടുതല്‍ തുക യുഎസില്‍ അഡ്വാന്‍സ് ബുക്കിംഗിലൂടെ നേടിയിരുന്നു. ഷാരൂഖ് ഖാന്‍ ചിത്രങ്ങളായ പഠാനെയും ജവാനെയുമാണ് ലിയോ കടത്തി വെട്ടിയത്.
Don’t miss first 10 minutes of #LEO, Director Lokesh Kanagaraj. pic.twitter.com/a0JTZyeQDk
— LetsCinema (@letscinema) October 13, 2023