ഫ്രെയിം ടു ഫ്രെയിം മോഷൻ പിക്ച്ചേഴ്സിന്റെ ബാനറിൽ മുബീൻ റൗഫ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ” ആരോമലിന്റെ ആദ്യത്തെ പ്രണയം” .ചിത്രം റിലീസിന് എത്തുന്നതിന് മുൻപ് പോസിറ്റീവ് റിവ്യൂ പറയുന്നതിനായി പണം ആവശ്യപ്പെട്ടുവെന്ന ഗുരുതര ആരോപണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ.പണം നല്കാൻ ആവശ്യപ്പെട്ടവർക്കെതിരെ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ടെന്നും കോടതിയുടെ തീരുമാനത്തിന് ശേഷം വ്യക്തികളുടെ പേരുകൾ പുറത്ത്വിടുമെന്നും പ്രസ് മീറ്റിൽ നിർമ്മാതാക്കൾ പറഞ്ഞു.
സംവിധായകന്റെ വാക്കുകൾ …..
”ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചുവെന്ന് കരുതുക.കഴിച്ചതിന് ശേഷം ആ ഹോട്ടലിന് പുറത്തറിങ്ങി വരുന്നവരോട് മുഴുവൻ ഭക്ഷണം മോശമാണെന്ന് പറഞ്ഞാൽ ഒരാളും പിന്നീട് ആ ഹോട്ടലിൽ കയറില്ല.അത് തന്നെയാണ് സിനിമയിലും സംഭവിക്കുന്നത്.ഒരു സിനിമ ഇറങ്ങിയതിന് ശേഷം നെഗറ്റീവ് റിവ്യൂ എന്ന് കേട്ടാൽ ഒരാളും പിന്നീട് ആ സിനിമക്ക് പോകില്ല.ഞങ്ങൾക്ക് സിനിമ ചെയ്യുവാൻ സ്വാതന്ത്ര്യമുള്ളതുപോലെ ഈ പറയുന്ന ആളുകൾക്ക് അവരുടെ വ്യക്തി സ്വാതന്ത്ര്യമുണ്ട് അല്ലെങ്കിൽ അഭിപ്രായസ്വാതന്ത്ര്യമുണ്ട്.നമ്മൾ ഒരിക്കലും അവരോട് നെഗറ്റീവോ പോസിറ്റീവോ പറയണ്ട എന്നൊന്നും പറഞ്ഞിട്ടില്ല ഞങ്ങൾ ഒരുപോലെ പറയുന്നത് ഒരു സിനിമയ്ക്ക് മൂന്ന് ദിവസമെങ്കിലും സാധാരണക്കാരായ പ്രേക്ഷകർക്ക് വിലയിരുത്താനുള്ള സമയം നൽകുക.അതിനുശേഷം റിവ്യൂ ചെയ്താൽ മതി.കാരണം ഈ സിനിമക്ക് പുറകിൽ പ്രവർത്തിച്ചവരുടെ കുടുംബം ഈ സിനിമയിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് ജീവിച്ചുപോകുന്നത്.ഇതൊക്കെ നിങ്ങൾ ഒന്ന് മനസിലാക്കണം ”
”വ്യക്തിപരമായി ആരെയും കുറ്റപ്പെടുത്തുന്നില്ല കാരണം ഇത് ഓൾറെഡി കോടതിയിൽ ഫയൽ ചെയ്ത കേസാണ്.നെഗറ്റീവ് റിവ്യൂ ചെയ്യുന്നവർ ചെയ്യുന്ന അതെ പരിപാടി നമുക്കും ചെയ്യാവുന്നതാണ്.നമുക്കും യുട്യൂബ് ചാനൽ ഒക്കെയുണ്ട്.പക്ഷെ അതൊന്നും ചെയ്യുന്നില്ലെന്ന് മാത്രം.മാന്യമായാണ് ഞങ്ങൾ നിയമപോരാട്ടം ചെയ്യുന്നത്.കോടതിയുടെ തീരുമാനത്തിന് ശേഷമാണ് എന്തെങ്കിലും ചെയ്യാൻ സാധിക്കുകയുള്ളു.ഞാൻ ഉദ്ദേശിക്കുന്ന വ്യക്തി ആരാണെന്ന് എനിക്കും അറിയാം നിങ്ങൾക്കും അറിയാം പിന്നെ അതിനെകുറിച്ച് കൂടുതൽ സംസാരിക്കേണ്ട ആവശ്യമില്ല.ഹൈക്കോടതിയുടെ തീരുമാനം വന്നതിന് ശേഷം മാത്രമാണ് ഇക്കാര്യത്തിൽ പൊതുജനങ്ങൾക്ക് വ്യക്തത നല്കാൻ സാധിക്കുകയുള്ളൂ ,ഈ പറഞ്ഞ വ്യക്തിയുടെ പേരും അപ്പോൾ പുറത്ത് വിടും ,”
ആരോമലിന്റെ ആദ്യത്തെ പ്രണയം” ഒക്ടോബറിലാണ് തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുക . ആരോമലിന്റെ ജീവിതത്തിലെ ആദ്യ പ്രണയവും അത് നേടിയെടുക്കാൻ അയാൾ നടത്തുന്ന പോരാട്ടവും അയാളെ അതിലേക്ക് എത്തിക്കാൻ പ്രകൃതി എത്തരത്തിൽ സഹായിക്കുന്നു എന്നതുമാണ് ചിത്രത്തിൻറെ പ്രമേയം.