പാൻ ഇന്ത്യൻ നടൻ പ്രഭാസ് നായകനായി പ്രദർശനത്തിന് ഒരുങ്ങി നിൽക്കുന്ന ചിത്രമാണ് ‘കൽക്കി 2898 AD’. പുരാണങ്ങളിൽ അടിസ്ഥാനമാക്കിക്കൊണ്ട് ഭാവിയുടെ കഥ പറയുന്ന ചിത്രത്തിനായി പ്രേക്ഷകർ അത്യധികം ആവേശത്തോടെ കാത്തിരിക്കുകയാണ്. അതേസമയം ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ചിത്രത്തിന്റെ ആമുഖവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ നാഗ് അശ്വിൻ. കൽക്കിയുടെ നിർമ്മാതാക്കളായ വെെജയന്തി നെറ്റ്വർക്കിന്റെ യൂട്യൂബ് ചാനലിലൂടെയാണ് നാഗ് അശ്വിന്റെ ആമുഖത്തിന്റെ ആദ്യ എപ്പിസോഡ് പുറത്തുവിട്ടിരിക്കുന്നത്.
കൽക്കി 2898 എഡി ആമുഖത്തിൻ്റെ ആദ്യ എപ്പിസോഡിൽ നാഗ് അശ്വിൻ തന്റെ കുട്ടിക്കാലം മുതൽ പുരാണങ്ങളും ഫാൻ്റസി സിനിമകളും ഇഷ്ടപ്പെട്ടിരുന്നുവെന്ന് പറയുന്നുണ്ട്. ആദിത്യ 369, ഭൈരവ ദീപം തുടങ്ങിയ തെലുങ്ക് ഫാൻ്റസി സിനിമകൾ കാണാനാണ് താൻ ഏറെ ഇഷ്ടപ്പെട്ടിരുന്നുന്നതെന്നും, 1951 ൽ ഇറങ്ങിയ പാതാള ഭൈരവി എന്ന സിനിമ ആയിരുന്നു ആയിരുന്നു തനിക്ക് ഇഷ്ടപ്പെട്ടതെന്നും അദ്ദേഹം ആമുഖത്തിൽ പറയുന്നുണ്ട്. എന്നാൽ സ്റ്റാർ വാർസ് കണ്ടപ്പോൾ, ഇന്ത്യയ്ക്ക് ഇത്രയും സമ്പന്നമായ ഒരു പൈതൃകമുണ്ടെന്ന് അദ്ദേഹത്തിന് തോന്നുകയും, കൂടാതെ പാശ്ചാത്യലോകത്ത് സെറ്റ് ചെയ്യാത്ത ഒരു വലിയ ഭാരതീയതയുള്ള ഒരു സിനിമ നിർമ്മിക്കാൻ അദ്ദേഹം ആഗ്രഹിക്കുകയും ചെയ്തെന്നും, അതിന്റെ ഭാഗമാണ് കൽക്കിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരുപക്ഷെ ഏറ്റവും കൂടുതൽ കഥാപാത്രങ്ങളുള്ള ഏറ്റവും വലിയ ഇന്ത്യൻ ഇതിഹാസങ്ങളിലൊന്നാണ് മഹാഭാരതമെന്നും അത് ശ്രീകൃഷ്ണൻ്റെ അവതാരത്തോടെ അവസാനിക്കുന്നതാണെന്നും സംവിധായകൻ കൂട്ടിച്ചേർത്തു. “കലിയുഗത്തിൽ കടന്നുകഴിഞ്ഞാൽ കഥ അവിടെ നിന്ന് എങ്ങനെ മുന്നോട്ടുപോകും എന്നതിനെക്കുറിച്ചുള്ള ഒരു സാങ്കൽപ്പിക കഥ ഞാൻ മനസ്സിൽ കണ്ടു. അത് ശ്രമിക്കേണ്ട ഒരു കഥയായി എനിക്ക് തോന്നി. ശ്രീകൃഷ്ണൻ്റെ അവതാരവും ദശാവതാരവും കൽക്കിയും, അതിനും ശേഷം, കഥ എങ്ങനെയെന്ന് കാണാൻ ഞാൻ ആഗ്രഹിച്ചു. അതൊരു സാങ്കൽപ്പിക കഥയാക്കി.”
നമ്മൾ കണ്ടിട്ടുള്ള എല്ലാ പുരാണങ്ങളിലെയും, എല്ലാ ഇന്ത്യൻ ഇതിഹാസങ്ങൾക്കും ഒരു ക്ലൈമാക്സ് പോലെയാണ് കൽക്കി 2898 എഡി എന്നാണ് നാഗ് അശ്വിൻ പറയുന്നത്. രാവണൻ, ദുര്യോധനൻ തുടങ്ങിയ എല്ലാ യുഗത്തിലും ഉള്ള ഒരു കഥാപാത്രമാണ് കലി എങ്കിൽ കലിയുഗത്തിൽ ആ കഥാപാത്രം എങ്ങനെ ഉണ്ടായിരിക്കുമെന്ന് അറിയാനും അറിയിക്കാനും താൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ” ഈ ഒരു ആശയം പ്രാവർത്തികമാക്കാൻ എനിക്ക് അഞ്ച് വർഷമെടുക്കേണ്ടിവന്നു. ഈ ആശയത്തോട് ആളുകൾ എങ്ങനെ പ്രതികരിക്കുന്നു എന്നറിയാൻ എനിക്ക് വളരെയധികം ആകാംക്ഷയുണ്ടെന്ന്,” സംവിധായകൻ പറയുകയുണ്ടായി. ചിത്രം ജൂൺ 27 നാണ് പ്രദർശനത്തിന് എത്തുക.