മലയാളസിനിമയ്ക് നവഭാവുകത്വം നല്‍കിയ പ്രതിഭാധനന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സംവിധായകന്‍ വിനയന്‍. സോഷ്യല്‍മീഡിയ പേജീലൂടെയാണ് സംവിധായകന്‍ വിനയന്‍ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. വ്യവസ്താപിതമായ നായക നായികാ സങ്കല്‍പ്പത്തേ മാറ്റി എഴുതുകയും കപട സദാചാരവാദികളെ തുറന്നു കാട്ടുകയും ചെയ്ത വിപ്ലവകാരിയായ സംവിധായകനായിരുന്നു കെ.ജി.ജോര്‍ജ്ജ് സാറെന്നും അദ്ദേഹം കുറിപ്പില്‍ എഴുതി.
വിനയന്‍ സോഷ്യല്‍മീഡിയ കുറിപ്പില്‍ പങ്കുവെച്ചത്…
മലയാളസിനിമയ്ക് നവഭാവുകത്വം നല്‍കിയ പ്രതിഭാധനന്‍ വിടവാങ്ങി..വ്യവസ്താപിതമായ നായക നായികാ സങ്കല്‍പ്പത്തേ മാറ്റി എഴുതുകയും കപട സദാചാരവാദികളെ തുറന്നു കാട്ടുകയും ചെയ്ത വിപ്ലവകാരിയായ സംവിധായകനായിരുന്നു കെ.ജി.ജോര്‍ജ്ജ് സാര്‍. സിനിമയ്കുള്ളിലെ സിനിമയായ ‘ലേഖയുടെ മരണം ഒരു ഫ്‌ലാഷ്ബാക്ക്’ എന്ന ചലച്ചിത്രം എടുക്കാന്‍ എണ്‍പതുകളില്‍ അദ്ദേഹം കാണിച്ച ധൈര്യം മറ്റൊരു ഫിലിം മേക്കറിലും നമുക്കു കാണാന്‍ കഴിയില്ല.. അദ്ദേഹത്തിന്റെ സിനിമകളിലെ ഒന്നിനൊന്നു വ്യത്യസ്ഥമായ പ്രമേയങ്ങള്‍ എന്നെ ഏറെ ആകര്‍ഷിച്ചിട്ടുള്ള ഒരു ഘടകമാണ്.. മാക്ട എന്ന സാംസ്‌കാരിക സംഘടനയില്‍ ഒരുമിച്ച് അദ്ദേഹവുമായി പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. 2007ല്‍ ഞാന്‍ മാക്ടയുടെ ചെയര്‍മാനായിരുന്ന സമയം കുറേ നാള്‍ കെ ജി ജോര്‍ജ്ജ്‌സാര്‍ സെക്രട്ടറി ആയിരുന്നു.. സ്‌നേഹവും സൗമ്യതയും നിറഞ്ഞ പെരുമാറ്റമായിരുന്നു അദ്ദേഹത്തിന്റേത്. ചലച്ചിത്ര വിദ്യാര്‍ത്ഥികള്‍ക്ക് പാഠപുസ്തകമാക്കാവുന്ന സിനിമകളുടെ സൃഷ്ടാവിന് പ്രണാമം..ആദരാഞ്ജലികള്‍…
അതേസമയം, പ്രശസ്ത സംവിധായകന്‍ കെ.ജി. ജോര്‍ജ് (78) അന്തരിച്ചു. എറണാകുളം കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. വ്യത്യസ്തമായ പ്രമേയങ്ങളിലൂടെ മലയാളസിനിമയ്ക്ക് പുതിയ ഭാഷ്യം നല്‍കിയ സംവിധായകനായിരുന്നു കെ.ജി.ജോര്‍ജ്. പഞ്ചവടിപ്പാലം, ഇരകള്‍, യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങിയ ചിത്രങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്. സ്വപ്നാടനം എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്കുള്ള വരവ്. 1998-ല്‍ പുറത്തിറങ്ങിയ ഇലവങ്കോട് ദേശമാണ് സംവിധാനം ചെയ്ത അവസാനചിത്രം.
രണ്ടു പതിറ്റാണ്ടിലേറെ നീണ്ടു നിന്ന സിനിമാ ജീവിതത്തില്‍ മലയാള സിനിമയ്ക്ക് പുതിയ ഭാവതലങ്ങള്‍ സമ്മാനിച്ച, കാലത്തിന് മുന്‍പേ സഞ്ചരിച്ച സിനിമകളുമായി ഇന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചലച്ചിത്രപ്രതിഭയാണ് കെ.ജി. ജോര്‍ജ്ജ്. കലാമൂല്യമുള്ള സിനിമ, കച്ചവട സിനിമ എന്നിങ്ങനെയുള്ള സാങ്കല്‍പ്പിക അതിര്‍ത്തികളെ തന്റെ ശൈലിയിലൂടെ കെ.ജി. ജോര്‍ജ്ജ് പൊളിച്ചെഴുതി.
സ്വപ്നാടനം, ഉള്‍ക്കടല്‍, കോലങ്ങള്‍, മേള, ഇരകള്‍, യവനിക, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, കഥയ്ക്ക് പിന്നില്‍, മറ്റൊരാള്‍, പഞ്ചവടിപ്പാലം, ഈ കണ്ണി കൂടി എന്നിങ്ങനെ ഇരുപതോളം ചിത്രങ്ങളേ കെ.ജി. ജോര്‍ജ്ജ് സംവിധാനം ചെയ്തിട്ടുള്ളൂ. എന്നാല്‍, മലയാള സിനിമയുടെ ചരിത്രത്തില്‍ വിപ്ലവകരമായ പല മാറ്റങ്ങള്‍ക്കും അദ്ദേഹം തുടക്കമിട്ടു. വ്യവസ്ഥാപിത നായക-നായിക സങ്കല്‍പ്പങ്ങളെ, കപടസദാചാരത്തെ, അഴിമതിയെ സിനിമ എന്ന മാധ്യമത്തിലൂടെ അദ്ദേഹം ചോദ്യം ചെയ്തു.
യവനിക, സ്വപ്നാടനം, ആദാമിന്റെ വാരിയെല്ല്, ഇരകള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് അദ്ദേഹത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ലഭിച്ചു. 2016-ല്‍ ചലച്ചിത്ര രംഗത്തെ സമഗ്രസംഭാവനയ്ക്ക് ജെ.സി. ഡാനിയേല്‍ പുരസ്‌കാരത്തിനും അര്‍ഹനായി. ഗായിക സല്‍മയാണ് ഭാര്യ.