അശ്വന്ത് കോക്കിന്റെ നിരൂപണം കാണാറുണ്ട്, കോക്കിനോട് വിയോജിപ്പുള്ളത് ഈ കാര്യത്തിലാണ്. ആദ്യത്തെ ദിവസം കണ്ടാൽപ്പോലും നമുക്ക് റിവ്യൂ ഈ പറഞ്ഞപോലെ ഒന്ന് മയപ്പെടുത്തുന്നതോ അല്ലെങ്കിൽ യഥാർത്ഥ റിവ്യൂ ആണെങ്കിൽപ്പോലും കാണുന്ന പ്രേക്ഷകന് കണക്റ്റ് ആവുന്നുണ്ടോ എന്നൊന്ന് ആലോചിച്ച് സമയം കൊടുക്കുന്നത് നല്ലതാണ് എന്നാണ് എനിക്ക് തോന്നുന്നത് എന്ന് പ്രാവ് സിനിമയുടെ സംവിധായകൻ നവാസ് അലി. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവാസ് അലിയുടെ വാക്കുകൾ…
“അശ്വന്ത് കോക്കിന്റെ നിരൂപണമൊക്കെ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാൻ. പക്ഷേ ചില സിനിമകളുടെ പ്രേക്ഷകർക്ക് ചിന്തിക്കാൻ കൊടുക്കുന്ന ഒരു സമയമുണ്ടല്ലോ അത് അനുവദിക്കണമെന്നുള്ള അഭിപ്രായക്കാരനാണ് ഞാൻ. സിനിമ ഇറങ്ങി അന്ന് രാത്രി തന്നെ വരുന്നൊരു റിവ്യൂ ചിലപ്പോൾ ഒരുപാട് ജീവിതങ്ങൾ തകർക്കാനുള്ള സാധ്യത ഉണ്ട്. അപ്പോൾ ഒരു സമയം കൊടുക്കുന്നത് എപ്പോഴും നല്ലതാണ്. ആദ്യത്തെ ദിവസം കണ്ടാൽപ്പോലും നമുക്ക് റിവ്യൂ ഈ പറഞ്ഞപോലെ ഒന്ന് മയപ്പെടുത്തുന്നതോ അല്ലെങ്കിൽ യഥാർത്ഥ റിവ്യൂ ആണെങ്കിൽപ്പോലും കാണുന്ന പ്രേക്ഷകന് കണക്റ്റ് ആവുന്നുണ്ടോ എന്നൊന്ന് ആലോചിച്ച് സമയം കൊടുക്കുന്നത് നല്ലതാണ് എന്നാണ് എനിക്ക് തോന്നുന്നത്. അതല്ലാതെ ബാക്കി അയാൾ പറയുന്നതിൽ മറ്റു പ്രശ്നങ്ങളൊന്നും എനിക്ക് തോന്നിയിട്ടില്ല”
അമിത് ചക്കാലക്കൽ നായകനായെത്തുന്ന പുതിയ ചിത്രമാണ് പ്രാവ്. നവാസ് അലി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയ്ലർ പുറത്തിറങ്ങിയിരുന്നു. ദുൽഖർ സൽമാന്റെ ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു ട്രയിലർ റിലീസ് ചെയ്തത്. മലയാളത്തിന്റെ എക്കാലത്തെയും അനശ്വര സംവിധായകനായ പത്മരാജന്റെ വിഖ്യാതമായ ഒരു കഥയെ അവലംബമാക്കിയാണ് ‘പ്രാവ്’ എന്ന ചിത്രം ഒരുങ്ങുന്നത്. സിനിമയിലെ ആദ്യ ഗാനത്തിന്റെ ലിറിക്കൽ വീഡിയോ അടുത്തിടെ പുറത്തുവന്നിരുന്നു. മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ‘അന്തികള്ളു പോലെ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ബിജിബാൽ ആണ്. ബി.കെ. ഹരിനാരായണൻ ആണ് ഗാനത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
അമിത് ചക്കാലക്കലിന് പുറമെ സാബുമോൻ അബ്‍ദുസമദ്, നിഷാ സാരംഗ്, ആദർശ് രാജ, അജയൻ തകഴി, യാമി സോന, ഡിനി ഡാനിയൽ, ടീന സുനിൽ, ഗായത്രി നമ്പ്യാർ, അലീന എന്നീ താരങ്ങളെല്ലാം പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്ന ചിത്രമാണ് ‘പ്രാവ്’. ചിത്രത്തിന്റെ ഛായാഗ്രാഹണം നിർവഹിക്കുന്നത് ആന്റണി ജോ ആണ്. അനീഷ് ഗോപാൽ ആണ് പ്രൊഡക്ഷൻ ഡിസൈനർ , വസ്ത്രാലങ്കാരം ചെയ്തിരിക്കുന്നത് അരുൺ മനോഹറും, മേക്കപ്പ് ചെയ്തിരിക്കുന്നത് ജയൻ പൂങ്കുളവുമാണ്.