‘നിരാശ തോന്നുന്നു;എന്റെ സിനിമയും കാവേരി പ്രശ്നവും യാതൊരു ബന്ധവുമില്ല’: കര്‍ണാടക വിവാദത്തെക്കുറിച്ച് സിദ്ധാര്‍ഥ്

0
123

ടന്‍ സിദ്ധാര്‍ഥ് ചിത്ത സിനിമയുടെ പ്രചാരണത്തിന്റെ ഭാഗമായി ബെംഗളൂരുവില്‍ നടത്തിയ പത്രസമ്മേളനം കന്നഡ കര്‍ഷക സംഘടനാപ്രവര്‍ത്തകര്‍ തടസ്സപ്പെടുത്തിയത് വലിയ വിവാദമായിരുന്നു. പുതിയ സിനിമയായ ‘ചിത്ത’യുടെ പ്രചാരണാര്‍ഥം വ്യാഴാഴ്ച നടത്തിയ പത്രസമ്മേളനമാണ് തടസ്സപ്പെടുത്തിയത്.

കാവേരി ജലത്തിനുവേണ്ടി കന്നഡികര്‍ സമരം ചെയ്യുമ്പോള്‍ തമിഴ് സിനിമയ്ക്കുവേണ്ടിയുള്ള പ്രചാരണം അനുവദിക്കാനാവില്ലെന്ന് പറഞ്ഞായിരുന്നു പ്രതിഷേധം. സംഭവത്തില്‍ നടന്‍മാരായ പ്രകാശ് രാജ്, ശിവരാജ് കുമാര്‍ എന്നിവര്‍ സിദ്ധാര്‍ഥിനോട് മാപ്പ് പറഞ്ഞു.

പതിറ്റാണ്ടുകള്‍ നീണ്ട കാവേരി പ്രശ്നം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ട രാഷ്ട്രീയനേതാക്കളെയും കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുന്നതില്‍ പരാജയപ്പെട്ട എം.പി.മാരെയും ചോദ്യം ചെയ്യുന്നതിനുപകരം സാധാരണക്കാരനെയും സിദ്ധാര്‍ഥിനെപ്പോലുള്ള കലാകാരന്മാരെയും ബുദ്ധിമുട്ടിക്കുന്നത് അംഗീകരിക്കാനാവില്ലെന്നായിരുന്നു പ്രകാശ് രാജ് പ്രതികരിച്ചു.

കന്നഡ സിനിമയ്ക്കുവേണ്ടി സിദ്ധാര്‍ത്ഥിനോട് താന്‍ മാപ്പുപറയുന്നുവെന്നാണ് ശിവരാജ് കുമാര്‍ പറഞ്ഞത്. വളരെയധികം വേദനിക്കുന്നു. ഇങ്ങനെയൊരു തെറ്റ് ഇനിയാവര്‍ത്തിക്കില്ല. കര്‍ണാടകയിലെ ജനങ്ങള്‍ വളരെ നല്ലവരാണ്. എല്ലാ ഭാഷകളേയും എല്ലാ ഭാഷകളിലേയും സിനിമകളേയും സ്നേഹിക്കുന്നവരാണവര്‍. എല്ലാത്തരം സിനിമകളും കാണുന്നവരാണ് കന്നഡ പ്രേക്ഷകരെന്നും ശിവരാജ് കുമാര്‍ കൂട്ടിച്ചേര്‍ത്തു.

”ഈ സിനിമ തിയേറ്റര്‍ റിലീസിന് മുന്നോടിയായി പലയിടങ്ങളിലും പ്രദര്‍ശിപ്പിച്ചിരുന്നു. ചെന്നൈയിലും കൊച്ചിയിലും മാധ്യമപ്രവര്‍ത്തകര്‍ക്കായി പ്രദര്‍ശിപ്പിച്ചു. ബെംഗളൂരുവിലും അങ്ങനെ ചെയ്യാനായിരുന്നു തീരുമാനം. റിലീസിന് മുന്നോടിയായി ഏകദേശം 2000 വിദ്യാര്‍ത്ഥികള്‍ക്ക് ചിത്രം കാണിക്കാന്‍ പദ്ധതിയുണ്ടായിരുന്നു. ഇതുവരെ ആരും അങ്ങനെ ചെയ്തിട്ടില്ല. കന്നഡയിലെ അഭിനേതാക്കള്‍ക്ക് വേണ്ടി പ്രത്യേക പ്രദര്‍ശനം ഒരുക്കാനും തീരുമാനിച്ചിരുന്നു. പക്ഷേ എല്ലാം റദ്ദായി. ഞങ്ങള്‍ക്ക് വലിയ നഷ്ടം സംഭവിച്ചു, പക്ഷേ അതിനപ്പുറം, അവിടെയുള്ള ആളുകളുമായി ഒരു നല്ല സിനിമ പങ്കിടാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല എന്നത് നിരാശാജനകമാണ്.

വാര്‍ത്താസമ്മേളനത്തിന് ശേഷം മാധ്യമപ്രവര്‍ത്തര്‍ സിനിമ കാണേണ്ടതായിരുന്നു. പക്ഷേ അവിടെ എന്താണ് സംഭവിച്ചതെന്ന് നിങ്ങള്‍ എല്ലാവരും കണ്ടു. അതിനെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുമ്പോള്‍ ശ്രദ്ധ തിരിക്കുന്നതിനുവേണ്ടി ഒന്നും സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ സിനിമയും കാവേരി പ്രശ്നവും യാതൊരു ബന്ധവുമില്ല. ഞാന്‍ പണം മുടക്കി നിര്‍മിക്കുന്ന സിനിമകളില്‍ സാമൂഹിക പ്രതിബദ്ധത ഉണ്ടായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു”- സിദ്ധാര്‍ഥ് പറഞ്ഞു.

ഫാമിലി ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തില്‍ സിദ്ധാര്‍ഥിന്റേത് ഏറെ വ്യത്യസ്തമായ ഒരു വേഷമാണ്. ഒരു കുട്ടിയുടേയും ഇളയച്ഛന്റേയും ആത്മബന്ധത്തിലൂടെയാണ് കഥ മുന്നോട്ടുപോകുന്നത്. പന്നൈയാറും പദ്മിനിയും, സേതുപതി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ എസ്.യു. അരുണ്‍ കുമാര്‍ ആണ് സംവിധായകന്‍. നിമിഷ സജയനാണ് ചിത്രത്തിലെ നായിക. എറ്റാക്കി എന്റര്‍ടെയ്ന്‍മെന്റ് നിര്‍മ്മിച്ച ചിത്രം കേരളത്തില്‍ വിതരണം ചെയ്യുന്നത് ശ്രീഗോകുലം മൂവീസ് ആണ്.

LEAVE A REPLY

Please enter your comment!
Please enter your name here