നാല് തമിഴ് താരങ്ങളെ വിലക്കി നിർമ്മാതാക്കളുടെ സംഘടന

0
252

മിഴിലെ മുൻ നിര താരങ്ങളായ ധനുഷ്, വിശാൽ, സിലംബരസൻ എസ്ടിആർ (സിമ്പു), അഥർവ എന്നിവരെ വിലക്കി തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ. ഇന്നലെ ചേർന്ന എക്‌സിക്യൂട്ടീവ് ബോഡിയാണ് താരങ്ങളെ വിലക്കാൻ തീരുമാനമെടുത്തത്. താരങ്ങളെ വിലക്കി കൊണ്ടുള്ള വാർത്ത തമിഴ് സിനിമ ലോകത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്.

 

ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ താരങ്ങൾക്കു കോളിവുഡിലെ ഒരു നിർമ്മാതാവിന്റേയും സിനിമകളിൽ അഭിനയിക്കാൻ കഴിയില്ല എന്നാണ് ഇപ്പോൾ നടപ്പിലാക്കിയ വിലക്ക് കൊണ്ടുദ്ദേശിക്കുന്നത്.
നിലവിൽ സിനിമ മേഖലയിൽ നിന്നും ആരാധകരുടെ ഭാഗത്ത് നിന്നും സോഷ്യൽ മീഡിയയിൽ വലിയ രൂപത്തിലുള്ള പ്രതികരണമാണ് വാർത്തക്ക് ലഭിച്ചിരിക്കുന്നത്.

അൻപനവൻ അസരധവൻ അടങ്കഥവൻ എന്ന സൂപ്പർ ഹിറ്റ് സിനിമയുടെ നിർമ്മാതാവ് മൈക്കിൾ രായപ്പനായിരുന്നു സിമ്പുവിനെ നേരെ പരാതി ഉന്നയിച്ചത്. 60 ദിവസം കമ്മിറ്റ് ചെയ്ത തന്റെ സിനിമയിൽ 27 ദിവസം മാത്രം ജോലി ചെയ്തു സിമ്പു പകുതിക്കു വെച്ച് അഭിനയം നിർത്തി തന്നെ ചതിച്ചുവെന്നും അത് മൂലം സാമ്പത്തിക നഷ്ടമുണ്ടായെന്നുമാണ് മൈക്കിൾ രായപ്പൻറെ പരാതി

പ്രസിഡന്റായിരുന്ന കാലത്ത് സംഘടനയുടെ പണം ദുരുപയോഗം ചെയ്തുവെന്നും സാമ്പത്തിക ഇടപാടുകളുടെ രേഖകൾ സൂക്ഷിച്ചില്ല എന്നതുമാണ് വിശാലിനെതിരെ നടപടിയെടുക്കാനുള്ള കാരണം.

നിർമാതാവ് മതിയഴകൻ 2019 ൽ അഥർവക്കു നേരെ നൽകിയിട്ടുള്ള പരാതിയിലാണ് വിലക്ക് ലഭിച്ചിരിക്കുന്നത്.
അഥർവയെ നായകനായി മതിയഴകൻ നിർമിച്ച സെമ്മ ബോത്ത ആഗതെ എന്ന സിനിമ തിയേറ്ററിൽ പരാജയമായതിന് ശേഷം ഒരു സിനിമയിൽ കൂടി അഭിനയിക്കാമെന്ന് നടൻ ഉറപ്പു കൊടുത്തിരുന്നു. എന്നാൽ പിന്നീട് ഇത് പാലിക്കാതെ നിർമാതാവിനെ വഞ്ചിച്ചതിനാണ് അഥർവക്കെതിരെ പരാതി നൽകിയത്.

തെനൻദൽ സ്റ്റുഡിയോ നിർമിക്കാനിരിക്കുന്ന സിനിമയുമായി സഹകരിക്കാതിരിക്കുകയും അത് മൂലം സാമ്പത്തിക നഷ്ടമുണ്ടാക്കി എന്നതുമാണ് ധനുഷിന് നേരെയുള്ള ആരോപണങ്ങൾ. ധനുഷായിരുന്നു തേനൻദൽ സ്റ്റുഡിയോയുടെ ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്നത്.

ചിമ്പു, വിശാൽ, എസ്‌ജെ സൂര്യ, അഥർവ, യോഗി ബാബു എന്നിവർക്ക് ഈ ജൂണിൽ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ വിലക്കുന്നതുമായി ബദ്ധപ്പെട്ടു മുന്നറിയിപ്പ് നല്കിയിരുന്നു. ‌നിർമാതാക്കളുമായുള്ള നിസ്സഹകരണവും വിവിധ വിവാദങ്ങളിൽ ഉൾപ്പെട്ടതുമായിരുന്നു മുന്നറിയിപ്പിന് കാരണം.

ഒരു അഭിനേതാവിന്റെ അഭിനയ ജീവിതം തന്നെ അവസാനിപ്പിക്കാൻ സാധ്യതയുള്ള വിലക്കിനെ കുറിച്ച് നിലവിൽ വിലക്ക് ലഭിച്ചിട്ടുള്ള നാലു താരങ്ങളും പ്രതികരിച്ചിട്ടില്ല. വിശാൽ അഭിനയിച്ച അടുത്ത ദിവസം പുറത്തിറങ്ങാനിരിക്കുന്ന മാർക്ക് ആന്റണിയുടെയും ധനുഷിന്റെ അടുത്ത് തന്നെ പുറത്തിറങ്ങാനിരിക്കുന്ന ക്യാപ്റ്റൻ മില്ലേറിന്റെയും റിലീസിനെ നിലവിലെ വിലക്ക് ബാധിക്കുകയില്ല.

 

LEAVE A REPLY

Please enter your comment!
Please enter your name here