‘ദി ഔൾ ഈസ് കമിം​ഗ്’ : ആരാധകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് ‘എമ്പുരാൻ’ വരുന്നു

0
173

രാധകർ അത്യധികം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘എമ്പുരാൻ’. മോഹൻലാൽ നായകനായെത്തി 2019ൽ പുറത്തിറങ്ങിയ വിജയ ചിത്രമായിരുന്നു ‘ലൂസിഫർ’. നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത സിനിമ കൂടിയായിരുന്നു ഈ ചിത്രം. പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ച സിനിമയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്ന ആരാധകർക്ക് ആശ്വാസമായി എത്തിയിരിക്കുകയാണ് പ്രിഥ്വിരാജിന്റെ വാക്കുകൾ. എമ്പുരാന്റെ ഏറ്റവും പുതിയ അപ്ഡേറ്റിനായി നാളെ വൈകുന്നേരം അഞ്ചുമണിവരെ കാത്തിരിക്കണമെന്നാണ് പൃഥ്വിരാജ് പോസ്റ്റിൽ പറയുന്നത്. ലൂസിഫറിൽ നിന്നും എമ്പുരാനിലേക്കെന്നു അർത്ഥം വരുന്ന ‘എൽ ടു ഇ’ എന്നാണ് പൃഥ്വിരാജ് പങ്കുവെച്ച ചിത്രത്തിലുള്ളത്.

മലയാള സിനിമയിൽ ആദ്യമായി 200 കോടി ക്ലബിലെത്തിയ സിനിമയാണ് ലൂസിഫർ. മുരളി ഗോപിയായിരുന്നു ലൂസിഫറി​ന്റെ തിരക്കഥയൊരുക്കിയത്. എമ്പുരാന്റെയും തിരക്കഥ ഒരുക്കുന്നത് മുരളി ​ഗോപി തന്നെയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. അടുത്തിടെ പൃഥ്വിരാജ് എമ്പുരാന്റെ ഷൂട്ടിങ് ലൊക്കേഷൻ സന്ദർശിച്ചത് വലിയ വാർത്തയായിരുന്നു.

എമ്പുരാന് വേണ്ടി ഒരു ഹെലികോപ്റ്റർ കൃത്രിമമായി പണിയുണ്ടെന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഹെലികോപ്റ്ററിന്റെ സെറ്റ് വർക്ക് നടക്കുന്ന സ്ഥലത്ത് പൃഥ്വിരാജ് എത്തുകയും തിരിച്ചു മടങ്ങുകയും ചെയ്യുന്ന വിഡിയോ ആയിരുന്നു സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരുന്നത്. സെപ്റ്റംബര്‍ മുപ്പതിന് സിനിമ ഷൂട്ടിങ്ങിന്റെ ആദ്യ ഷെഡ്യൂള്‍ തുടങ്ങുമെന്ന് മുൻപേ തന്നെ പറഞ്ഞിരുന്നു. അതോടൊപ്പം ചിത്രത്തിന്റെ പ്രമേയത്തിന് അനുയോജ്യമായ ലൊക്കേഷനുകളും സംവിധായകൻ പൃഥ്വിരാജും സംഘവും കണ്ടെത്തിയിരുന്നു. മോഹൻലാലിനൊപ്പം ടൊവിനോ തോമസ്, മഞ്ജു വാര്യര്‍ എന്നിവരും രണ്ടാം ഭാഗത്തിലുണ്ടാകും.

ഹോളിവുഡ് സിനിമയ്ക്ക് സമാനമായ രീതിയിലുള്ള ലൊക്കേഷനും ചിത്രീകരണവുമാണ് എമ്പുരാനായി ആസൂത്രണം ചെയ്യുന്നതെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇന്ത്യ കൂടാതെ മറ്റ് ആറ് രാജ്യങ്ങളില്‍ കൂടി സിനിമയുടെ ചിത്രീകരണം നടക്കുമെന്നും പറഞ്ഞിരുന്നു. എമ്പുരാന്റെ ഔദ്യോഗിക പ്രഖ്യാപനം 2022 ഓഗസ്റ്റിലായിരുന്നു നടന്നത്. എമ്പുരാന്‍ ഒരു പാന്‍ ഇന്ത്യന്‍ ചിത്രമല്ല പാന്‍ വേള്‍ഡ് ചിത്രമായാണ് നിര്‍മ്മാതാക്കള്‍ വിഭാവനം ചെയ്യുന്നതെന്ന് മോഹന്‍ലാല്‍ മുൻപ് പറഞ്ഞിരുന്നു. 2024 പകുതിയോടെ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന തരത്തിലുള്ള സൂചനകൾ പുറത്ത് വന്നിരുന്നു. എന്നാൽ എന്താണ് നാളെ വരാൻപോകുന്നതെന്നാണ് ആരാധകർ ആകാംഷയോടെ കാത്തിരിക്കുന്നത്.

മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാഹാം എന്ന അധോലോക നായകനായും പ്രത്യക്ഷപ്പെട്ട ലൂസിഫറിന്റെ അടുത്ത തലത്തിലെ കഥകൾക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ ഇപ്പോൾ. സിനിമയില്‍ നായകന് പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ രക്ഷകനായെത്തുന്ന കൂട്ടുകാരനെ പോലെ ലൂസിഫറില്‍ ജയിലിലായ സ്റ്റീഫന്‍ നെടുമ്പള്ളിയെ രക്ഷിക്കാനെത്തുന്ന സയിദ് മസൂദിന്റെ റോളായിരുന്നു പൃഥ്വിരാജ് അവതരിപ്പിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here