ഗോകുൽ സുരേഷ്, അജു വർഗീസ്, കെ ബി ഗണേഷ് കുമാർ, അനാർക്കലി മരക്കാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ’ഗഗനചാരി’. അരുൺ ചന്ദു സംവിധാനം നിർവ്വഹിച്ച സയൻസ് ഫിക്ഷൻ കോമഡി ചിത്രമാണ് ഇത്. ഈ മാസം 21 ന് പ്രദർശനത്തിന് ഒരുങ്ങി നിൽക്കുന്ന ചിത്രത്തിന്റെ ട്രെയിലർ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. തിങ്ക് മ്യൂസിക് ഇന്ത്യുടെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ പുറത്തുവിട്ടത്.
2040 കളിൽ ഒരു ഡോക്യുമെന്ററി എടുക്കാൻ ഏലിയൻ ഹന്ററായ വിക്ടർ വാസുദേവനെ തേടിയെത്തുകയും അവർ പറയുന്ന കഥയിലൂടെയുമാണ് ചിത്രം മുന്നോട്ടു പോകുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. കെ ബി ഗണേഷ് കുമാറാണ് വിക്ടറായി എത്തുന്നത്. അദ്ദേഹത്തേക്കാളുപരി അദ്ദേഹത്തിന്റെ കെെയ്യിലുള്ള ഒരു എഐ ബോട്ടിനെ അന്വേഷിച്ചാണ് ഡോകുമെന്ററി എടുക്കാനെത്തിയവർ വന്നിട്ടുള്ളത്. കോമഡി പശ്ചാത്തലത്തിലൂടെ സയൻസ് ഫിക്ഷൻ കഥപറയുന്ന ചിത്രത്തെ പ്രേക്ഷകർ ഏറ്റെടുക്കുമെന്ന വിശ്വാസത്തിലാണ് ചിത്രത്തിന്റെ അണിയറപ്വർത്തകർ ഉള്ളത്.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അനാർക്കലി മരക്കാർ ആണ് നായികയാവുന്നത്. ‘സാജൻ ബേക്കറി’ക്ക് ശേഷം അരുൺ ചന്ദു ഒരുക്കുന്ന ഈചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് സുർജിത്ത് എസ് പൈ ആണ് . സംവിധായകൻ പ്രിയദർശന്റെ അസിസ്റ്റന്റ് ശിവ സായി, സംവിധായകൻ അരുൺ ചന്ദു എന്നിവർ ചേർന്നാണ് തിരക്കഥ, സംഭാഷണം എഴുതുന്നത്.
പ്രശാന്ത് പിള്ളയാണ് സംഗീതം പകർന്നിരിക്കുന്നത്. ചിത്രസംയോജനം ചെയ്തത് അരവിന്ദ് മന്മഥൻ, സീജേ അച്ചു എന്നിവരാണ്. കള എന്ന സിനിമയുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ ഒരുക്കിയ സ്റ്റണ്ട് മാസ്റ്റർ ഫിനിക്‌സ് പ്രഭുവാണ് ആക്ഷൻ ഡയറക്ടർ ആയെത്തിയിരിക്കുന്നത്. വിഎഫ്എക്‌സിന് പ്രാധാന്യമുള്ള ഈ ചിത്രത്തിന്റെ ഗ്രാഫിക്‌സ് മെറാക്കി സ്റ്റുഡിയോസ് ആണ് ഒരുക്കിയത്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷാന്ദ്, പ്രൊഡക്ഷൻ കൺട്രോളർ സജീവ് ചന്തിരൂർ, ഗാനരചന വിനായക് ശശികുമാർ, കോസ്റ്റ്യൂം ഡിസൈനറായി ബുസി ബേബി ജോൺ, കലാസംവിധാനം ചെയ്തിരിക്കുന്നത് എം ബാവ, മേക്കപ്പ് ചെയ്തിരിക്കുന്നത് റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റായി ഡയറക്ടർ വിഷ്ണു അരവിന്ദ്, അസോസിയേറ്റ് ഡയറക്ടർ അഖിൽ സി തിലകൻ, അസിസ്റ്റന്റ് ഡയറക്ടർമാരായി അജിത് സച്ചു, കിരൺ ഉമ്മൻ രാജ്, ലിതിൻ കെ ടി, അരുൺ ലാൽ, സുജയ് സുദർശൻ, സ്റ്റിൽസ് രാഹുൽ ബാലു വർഗീസ്, പ്രവീൺ രാജ്, ക്രിയേറ്റീവ്‌സ് അരുൺ ചന്തു, മ്യൂറൽ ആർട്ട് ആത്മ എന്നിവരുമെത്തുന്നു.