നവാഗതനായ അരുൺ വർമ്മയുടെ സംവിധാനത്തിൽ സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിച്ചെത്തുന്ന ചിത്രമാണ് ഗരുഡൻ. നവംബറിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. ഗരുഡന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ വെച്ച് ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ് താരങ്ങൾ. ചിത്രത്തിന്റെ തിരക്കഥാകൃത്തായ മിഥുൻ മാനുവൽ ചിത്രത്തിലെ ഗരുഡനെക്കുറിച്ചാണ് പറയുന്നത്. ഇവരിൽ ആരെങ്കിലുമാണോ ഗരുഡനെന്ന് നിങ്ങൾ സിനിമ കണ്ട് തീരുമാനിക്കാനാണ് മിഥുൻ പറഞ്ഞത്. കാശ് മുടക്കിയ ലിസ്റ്റിൻ ആണോ ഗരുഡൻ, അതോ താൻ ആണോ ഗരുഡൻ, സംവിധാനം ചെയ്ത അരുൺ ആണോ ഗരുഡാണെന്നും കാണുന്ന നിങ്ങളാണോ ഗരുഡാണെന്നും നിങ്ങൾ സിനിമ കണ്ട് തീരുമാനിക്കാനാണ് പറയുന്നത്.
ത്രില്ലർ സിനിമകൾ ചെയ്യുമ്പോൾ ഒരുപാട് കാര്യങ്ങൾ തുറന്നു പറയാൻ കഴിയില്ല. അത് അതിന്റെ ആസ്വാദനത്തെ വല്ലാതെ ബാധിക്കുമെന്നാണ് മിഥുൻ പറയുന്നത്. പ്രേക്ഷകർ വളരെ ആവേശത്തോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. അതേസമയം ബിജു മേനോന്റെ പിറന്നാൾ ദിനത്തിൽ ആയിരുന്നു ഗരുഡന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങിയത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന 28-ാമത് ചിത്രമാണ് ഗരുഡൻ. ‘അഞ്ചാം പാതിര’ എന്ന വിജയചിത്രത്തിനുശേഷം മിഥുൻ തിരക്കഥ ഒരുക്കുന്ന ചിത്രം കൂടിയാണിത്. മാജിക് ഫ്രെയിംസും മിഥുൻ മാനുവലും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഗരുഡൻ.
കേരള ആംഡ് പോലീസിന്റെ കമാന്റന്റ് ആയ ഹരീഷ് മാധവനായാണ് ചിത്രത്തിൽ സുരേഷ് ഗോപിയെത്തുന്നത്. നിഷാന്ത് എന്ന കോളേജ് പ്രൊഫസറുടെ വേഷമാണ് ബിജുമേനോൻ അവതരിപ്പിക്കുന്നത്. ഭാര്യയും ഒരു കുട്ടിയും ഉള്ള ബിജു മേനോന്റെ കഥാപാത്രം ഒരു നിയമപരമായ പ്രശ്നത്തിൽ ഉൾപ്പെടുന്നതുമായി ബന്ധപ്പെടുത്തിയാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം വികസിപ്പിക്കുന്നത്. നീതിക്കുവേണ്ടി പോരാടുന്ന പോലീസ് ഓഫീസറുടെയും ഒരു കോളേജ് പ്രൊഫസറുടെയും ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. സുരേഷ് ഗോപിയുടെ പിറന്നാൾ ദിനത്തിൽ ‘ഗരുഡ’ന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
അദ്ദേഹത്തിന്റെ ആരാധകരടക്കം എല്ലാ സിനിമാപ്രേമികളും ടീസറിനെ ആഘോഷപൂർവ്വമാണ് സ്വീകരിച്ചിരുന്നത്. ക്രൈം ത്രില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രത്തിന്റെ ചിത്രീകരണം കൊച്ചിയിലും ഹൈദരാബാദിലുമായിട്ടാണ് പൂർത്തിയാക്കിയത്. സിദ്ദിഖ്, ദിലീഷ് പോത്തൻ, ജഗദീഷ്, അഭിരാമി, ദിവ്യ പിള്ള, തലൈവാസൽ വിജയ്, അർജുൻ നന്ദകുമാർ, മേജർ രവി, ബാലാജി ശർമ,സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കങ്കോൽ, ജെയ്സ് ജോസ്,മാളവിക, ജോസുകുട്ടി,ചൈതന്യ പ്രകാശ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അജയ് ഡേവിഡ് കാച്ചപ്പള്ളി ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.