സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിച്ചെത്തുന്ന ചിത്രമാണ് ഗരുഡൻ. നവംബറിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. നവാഗതനായ അരുൺ വർമ്മയാണ് ചിത്രം സംവിധാനം ചെയുന്നത്. ഗരുഡന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ നടന്ന പത്രസമ്മേളനത്തിൽ വെച്ച് ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ് താരങ്ങൾ. പ്രമോഷനിൽ വെച്ച് നടി അഭിരാമി തിരക്കഥാകൃത്ത് മിഥുൻ മനുവലിനെ കുറിച്ചും പ്രൊഡ്യൂസർ ലിസ്റ്റിനെ കുറിച്ചും പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അഭിരാമിയുടെ വാക്കുകൾ ഇങ്ങനെയാണ്,
“ഞാൻ വളരെ അധികം ആരാധിക്കുന്ന വ്യക്തിയാണ് മിഥുൻ. അദ്ദേഹത്തിന്റെ എല്ലാ സിനിമകളും ഞാൻ കാണാറുണ്ട്. ഏത് സിനിമ വിജയിക്കും ഏത് സിനിമ വിജയിക്കില്ല എന്നുള്ള ഒരു കോഡ് പിന്തുടരുന്ന ഒരു പ്രൊഡ്യൂസർ ആളാണ് ലിസ്റ്റിൻ. ശരിക്കുമുള്ള മാജിക് എന്ന് പറയുന്നത് ലിസ്റ്റിൻ തന്നെയാണ്. ലിസ്റ്റിന്റെ സിനിമയിൽ അഭിനയിക്കാൻ ഒരു ഭാഗ്യം ലഭിച്ചതിൽ വലിയ സന്തോഷമുണ്ട്. ഈ സിനിമ കഴിഞ്ഞ് അരുൺ എവിടെയെത്തുമെന്ന് കാണാനുള്ള ഒരു ആകാംക്ഷ എനിക്കുണ്ട്.ഒരു പുതുമുഖ സംവിധായകൻ ആണ് അരുൺ എന്ന് പറയില്ല. വളരെ എക്സ്പീരിയൻസുള്ള സംവിധാകൻമാരെ പോലെയാണ് അരുൺ.
ഗരുഡൻ ചിത്രം വലിയ ആകാംക്ഷ ഉണർത്തുന്ന ചിത്രമാണ്. അതുകൊണ്ട് അതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് ഒരുപാട് സന്തോഷമുണ്ട്” എന്നാണ് അഭിരാമി പറഞ്ഞത്. വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന 28-മത് ചിത്രമാണിത്. ക്രൈം ത്രില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രത്തിന്റെ ചിത്രീകരണം മട്ടാഞ്ചേരിയിൽ ആരംഭിച്ചിരിക്കുകയാണ്. ഹരീഷ് മാധവ് എന്ന പോലീസ് ഓഫീസർ ആയാണ് സുരേഷ് ഗോപി ചിത്രത്തിൽ എത്തുന്നത്.
സിദ്ധിഖ്, ജഗദീഷ് എന്നിവർക്കൊപ്പമുള്ള സീനുകളാണ് ഇപ്പോൾ ചിത്രീകരിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ. മലയാളികളുടെ സ്വന്തം അഭിരാമി, ദിവ്യ പിള്ള, ദിലീഷ് പോത്തൻ, നിഷാന്ത് സാഗർ, തലയ് വാസൽ വിജയ്, ചൈതന്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം നിയമയുദ്ധത്തിൻ്റെ അകത്തളങ്ങളിലേക്കാണ് ഇറങ്ങിച്ചെല്ലുന്നത് എന്നാണ് സംവിധായകൻ പറയുന്നത്. ഇത് പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവം ആയിരിക്കും എന്നതിൽ സംശയമില്ല. മേജർ രവിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ആളാണ് അരുൺ വർമ്മ. അമ്പതോളം ആഡ് ഫിലിമുകൾ ഒരുക്കിയിട്ടുണ്ട് അരുൺ.