പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രമാണ് ‘ഗരുഡൻ’. സുരേഷ് ഗോപിയുടെയും ബിജു മേനോന്റെയും മികച്ച പ്രകടനത്തിനായി കത്തുന്ന പ്രേക്ഷകർക്ക് മുന്നിലേക്ക് ചിത്രത്തിന്റെ ട്രെയിലർ എത്തിയിരിക്കുകയാണ് ഇപ്പോൾ. മാജിക് ഫ്രെയിംസിന്റെ യുട്യൂബ് ചാനലിലൂടെ ആണ് ട്രെയിലർ പുറത്തുവിട്ടത്.
മുൻപ് പോസ്റ്ററുകളിൽ കാത്തുവെച്ച സർപ്രൈസുകൾ പോലെ നിരവധി രംഗങ്ങളിൽ സർപ്രൈസ് ഒളിപ്പിച്ചുവെച്ചാണ് ട്രെയിലർ എത്തിയിട്ടുള്ളത്. ജയിലിൽ നിന്നും ഇറങ്ങുന്ന ബിജു മേനോന്റെ കഥാപാത്രവും അതിന് പിന്നിലെ കഥയും, സുരേഷ് ഗോപിയുടെ കഥാപാത്രവുമായുള്ള ഭൂതകാലത്തിലെ സംഭവങ്ങളുമാണ് ട്രെയിലറിൽ സൂചിപ്പിച്ചിട്ടുള്ളത്. ട്രെയിലറിലെ അവസാനം പ്രേക്ഷകരെ ശ്വാസമടക്കി പിടിപ്പിക്കുന്ന ഒരു രംഗവും ഉൾക്കൊള്ളിച്ചിട്ടുണ്ട്. മുഖം പ്ലാസ്റ്റിക് കവർ കൊണ്ട് കെട്ടി, കയ്യും പുറകിൽ കെട്ടിയ ഒരു പെൺകുട്ടി ദീർഘമായി ശ്വാസമെടുക്കുന്ന രംഗമാണത്.
നവാഗതനായ അരുൺ വർമ്മയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് ‘ഗരുഡൻ’. വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. മാജിക്ക് ഫ്രെയിംസിൻ്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന 28-മത് ചിത്രമാണിത്.
ക്രൈം ത്രില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രത്തിന്റെ ചിത്രീകരണം മട്ടാഞ്ചേരിയിൽ ആണ് ആരംഭിച്ചിരുന്നത്. ഹരീഷ് മാധവ് എന്ന പോലീസ് ഓഫീസർ ആയാണ് നടൻ സുരേഷ് ഗോപി ചിത്രത്തിൽ എത്തുന്നത്. സിദ്ധിഖ്, ജഗദീഷ് , അഭിരാമി, ദിവ്യ പിള്ള, ദിലീഷ് പോത്തൻ, നിഷാന്ത് സാഗർ, തലൈവാസൽ വിജയ്, ചൈതന്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം നിയമയുദ്ധത്തിൻ്റെ അകത്തളങ്ങളിലേക്കാണ് ഇറങ്ങിച്ചെല്ലുന്നത് എന്നാണ് സംവിധായകൻ പറയുന്നത്. ഇത് പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായ ഒരു അനുഭവം ആയിരിക്കും എന്നതിൽ സംശയമില്ല. മേജർ രവിക്കൊപ്പം പ്രവർത്തിച്ചിട്ടുള്ള ആളാണ് അരുൺ വർമ്മ. അമ്പതോളം ആഡ് ഫിലിമുകൾ ഒരുക്കിയിട്ടുണ്ട് അരുൺ. ഷാജി കൈലാസ് ചിത്രം ‘കടുവ’യിലെ എല്ലാവരും ഒരുപോലെ ഏറ്റുപാടിയ പാലാപ്പള്ളി തിരുപ്പള്ളി എന്ന ഗാനത്തിൻ്റെ മ്യൂസിക്ക് വീഡിയോ, കാപ്പയിലെ പ്രമോ സോംങ് എന്നിവ ഷൂട്ട് ചെയ്തതും അരുൺ വർമ്മയാണ്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെ ആരാധക സമൂഹം ഉറ്റുനോക്കുന്ന ഒരു ചിത്രമാണ് ‘ഗരുഡൻ’.