തടസങ്ങൾ നീങ്ങി : ആമിർഖാ​ന്റെ മക​ന്റെ ചിത്രം ‘മഹാരാജ്’ പ്രേക്ഷകരിലേക്ക്

0
154

ബോളിവുഡ് താരം ആമിർ ഖാൻ്റെ മകൻ ജുനൈദ് ഖാൻറെ ആദ്യ ചിത്രമായ ‘മഹാരാജ്’ അടുത്തിടെ വാർത്തകളിൽ നിറഞ്ഞുനിന്നിരുന്നു. താരത്തി​ന്റെ ആദ്യ ചിത്രം റിലീസ് ചെയ്യുന്നതിന് കോടതി വിലക്കേർപ്പെടുത്തിയിരുന്നു. ചിത്രം മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്ന കാരണം ചൂണ്ടിക്കാട്ടിയ പരാതിയിൻമേലായിരുന്നു കോടതിയുടെ അത്തരമൊരു നടപടി. എന്നാലിപ്പോൾ സിനിമയുടെ റിലീസിനുമേൽ ഏർപ്പെടുത്തിയ ഇടക്കാല സ്റ്റേ ഗുജറാത്ത് ഹൈക്കോടതി നീക്കിയിരിക്കുകയാണ്. സിനിമ ഒരു സമുദായത്തിൻ്റെയും വികാരം വ്രണപ്പെടുത്തുന്നില്ലെന്ന് സ്റ്റേ നീക്കിക്കൊണ്ട് കോടതി നിരീക്ഷിച്ചു.

കൃഷ്ണഭക്തരായ പുഷ്ടിമാർഗ് വിശ്വാസ വിഭാഗത്തിലെ വല്ലഭാചാര്യരുടെ അനുയായികൾ സമർപ്പിച്ച ഹർജിയിലായിരുന്നു ചിത്രത്തിൻറെ റിലീസ് സ്റ്റേ ചെയ്ത് നേരത്തെ ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പുഷ്ടിമാർഗ് വിഭാഗത്തിലെ ആചാര്യനായിരുന്ന ജദുനാഥ്ജി ബ്രിജ്രതൻജി മഹാരാജും സാമൂഹിക പരിഷ്കർത്താവുമായ കർസന്ദാസ് മുൽജി ഉൾപ്പെട്ട 1862 ലെ അപകീർത്തി കേസിനെ അടിസ്ഥാനമാക്കി ഉള്ളതാണ് മഹാരാജ് എന്ന ചിത്രം.

1862 ലെ അപകീർത്തി കേസ് തീർപ്പാക്കിയ ബ്രിട്ടീഷ് കാലത്തെ കോടതി ഹിന്ദു മതത്തെ അപകീർത്തിപ്പെടുത്തുകയും ഭഗവാൻ കൃഷ്ണനെതിരെയും ചില ഭക്തിഗാനങ്ങളും സ്തുതിഗീതങ്ങളും അപകീർത്തിപ്പെടുത്തുകയും ചെയ്തുവെന്ന് ഹർജിക്കാർ സമർപ്പിച്ച പരാതിയിൽ അവകാശപ്പെട്ടിരുന്നു. ആ സംഭവം സിനിമയാക്കുന്നതിലൂടെ വീണ്ടും സമുദായത്തിന് അപമാനം ഉണ്ടാകും എന്നാണ് ഹർജിക്കാർ വാദിക്കാൻ ശ്രമിച്ചത്. 1862 ലെ അന്നത്തെ വെെഷ്ണവ വിഭാ​ഗത്തിലെ ഉന്നതനായ നേതാവും, ആൾദെെവവുമായി കണക്കാക്കപ്പെട്ടിരുന്നയാൾക്കെതിരെ ​ഗുജറാത്ത് വീക്കിലിയായ സത്യപ്രകാശിൽ ഒരു ആർട്ടിക്കിൾ വന്നു. അദ്ദേഹത്തിനെതിരെയുള്ള ലെെം​ഗിക ആരോപണമായിരുന്നു അത്. സംഭവം വലിയ ചർച്ചയാവുകയും ഡീഫമേഷൻ കേസാവുകയും ചെയ്തു. എന്നാൽ അന്ന് ആ കേസ് കോടതി തള്ളിക്കളയുകയായിരുന്നു.

എന്നാൽ ഫിലിം സർട്ടിഫിക്കേഷൻ ബോഡിയായ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ്റെ (സിബിഎഫ്‌സി) സാക്ഷ്യപത്രം സിനിമയ്ക്ക് ലഭിച്ചിട്ടുണ്ടെന്നും അത് ഈ വിഭാഗത്തെ ലക്ഷ്യം വയ്ക്കുന്നതല്ലെന്നും കോടതി നിരീക്ഷണത്തിലൂടെ പറഞ്ഞു. നേരത്തെ ഇടക്കാല സ്റ്റേ വന്നതോടെ ജൂൺ 13ന് നെറ്റ്ഫ്ലിക്സിൽ നിശ്ചയിച്ചിരുന്ന മഹാരാജ ചിത്രത്തിൻറെ റിലീസ് മാറ്റി വെച്ചിരുന്നു. പ്രതിസന്ധികൾ മാറിയ സ്ഥിതിക്ക് ഉടൻ തന്നെ ചിത്രത്തിൻറെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചേക്കും. അതേ സമയം സിനിമയുടെ റിലീസ് തടയാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഹരജിക്കാർ നേരത്തെ തന്നെ വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തെ സമീപിച്ചിരുന്നു. മന്ത്രാലയത്തിൻ്റെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണമോ നടപടിയോ ഉണ്ടായിട്ടില്ലെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here