അമേരിക്കൻ റാപ് ഗായികയായ കാർഡി ബി തന്റെ സംഗീത പരിപാടിക്കിടെ സദസ്സിലേക്ക് മൈക്ക് വലിച്ചെറിഞ്ഞ സംഭവം സമൂഹ മാധ്യമങ്ങളിൽ വലിയതോതിൽ വൈറലായിരുന്നു. പാട്ട് പാടിക്കൊണ്ടിരുന്ന കാർഡിയുടെ ദേഹത്തേക്ക് പരിപാടി കണ്ടുകൊണ്ടിരുന്ന കണികളിലൊരാൾ മദ്യം തെറിപ്പിച്ചിരുന്നു. ഇതാണ് ആന്ന് ഗായികയെ പ്രകോപിതയാക്കിയത്. അതോടെ ഗായിക തന്റെ മൈക്ക് ആ ആളുടെ അടുത്തേക്ക് വലിച്ചെറിഞ്ഞു. എന്നാൽ ഈ മൈക്ക് ആണ് ഇന്ന് മറ്റൊരു രീതിയിൽ വൈറലാവുന്നത്. കാരണം അന്ന് ഗായിക വലിച്ചെറിഞ്ഞ ആ മൈക്ക് ഇന്ന് വലിയ തുകയ്ക്ക് ലേലത്തിൽ വെച്ചിരിക്കുകയാണ്.
‘ഷൂർ ആക്‌സിയന്റ് ഡിജിറ്റൽ മൈക്ക് കാർഡി ബി’ എന്നാണ് കാർഡി വലിച്ചെറിഞ്ഞ ആ മൈക്കിന്റെ പേര്. ലാസ് വെഗാസിലെ ദി വേവ് എന്ന പ്രശസ്ത ഓഡിയോ കമ്പനി ഉടമയായ സ്കോട്ട് ഫിഷർ ആണ് കഴിഞ്ഞ ദിവസം മൈക്ക് ലേലത്തിൽ വെച്ച കാര്യം അറിയിചത് . ഇ ബെയിൽ വിൽക്കാൻ വെച്ചിരിക്കുന്ന മൈക്കിന്റെ വില 99,300 ഡോളറാണ് , അതായത് ഏകദേശം 82 ലക്ഷം രൂപ വരും . അതേസമയം അന്ന് കാർഡിയുടെ ദേഹത്തേക്ക് മദ്യമെറിഞ്ഞ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി യുഎസ് പൊലീസ് പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ജൂലൈ 29 ന് ലാസ് വെഗാസിൽ വെച്ചാണ് ഗായികയ്ക്ക് അങ്ങനൊരു മോശം അനുഭവം നേരിടേണ്ടിവന്നത്. തന്റെ ദേഹത്തേക്ക് മദ്യം തെറിപ്പിച്ച കാണിയോടുള്ള ദേഷ്യം കൊണ്ട് തൊട്ടടുത്ത നിമിഷംതന്നെ, കയ്യിലിരുന്ന മൈക്കെടുത്ത് അയാളുടെ അടുത്തേക്ക് എറിഞ്ഞാണ് കാർഡി തന്റെ ദേഷ്യം തീർത്തത്. ഉടൻ തന്നെ സുരക്ഷാഭടന്മാർ മദ്യമെറിഞ്ഞയാളെ വേദിയിൽ നിന്ന് മാറ്റുകയും ചെയ്തിരുന്നു.
മൈക്ക് കണികൾക്കിടയിലേക്കു എറിഞ്ഞുകൊണ്ട് കാർഡി അയാളെ ചീത്ത പറയുന്ന ദൃശ്യങ്ങളടക്കം സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു. കൂടാതെ നിരവധി ട്രോളുകളും ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടിരുന്നു. സ്റ്റേജ് ഷോകൾക്കിടയിൽ ആർട്ടിസ്റ്റുകൾക്ക് നേരെ ഇത്തരം ആക്രമണമുണ്ടാകുന്നത് മിക്കയിടത്തുമുള്ള സ്ഥിരം കാഴ്ച്ചയാണ്. എന്നാൽ പലരും പ്രതികരിക്കാൻ തയ്യാറാവാറില്ലായിരുന്നു. പക്ഷെ ഒരു മടിയും കാണിക്കാതെ കാർഡി അന്ന് തന്റെ ദേഷ്യം, അപ്പോൾ തന്നെ അയാളോട് തീർക്കുകയും ചെയ്തു. അത് വലിയ വർത്തയാവുകയും ചെയ്തു.