സെൻട്രൽ പെർകിലെ സോഫയിൽ ഫ്രണ്ട്സിനൊപ്പമിരിക്കാൻ ചാൻഡ്‌ലർ ബിങ് ഇനിയില്ല

0
138

ഫ്രണ്ട്സിലെ അവസാന എപ്പിസോഡ് പുറത്തിറങ്ങിയിട്ട് പത്തൊൻപത് വർഷമായി… ന്യൂയോർക് സിറ്റിയിലെ ആ വലിയ അപ്പാർട്മെന്റും കോഫീ ഷോപ്പും ആളുകളും ഒരുപാട് മാറിയെങ്കിലും ലോകമെമ്പാടുമുള്ള ആരാധകരുടെ ഉള്ളിൽ അവയെല്ലാം പുതുമ കെടാതെത്തന്നെ ഇന്നുമുണ്ട്…

വീണ്ടും വീണ്ടും കാണാൻ പ്രേരിപ്പിക്കുന്ന മടുക്കാത്ത മാജിക് ആണ് ആ ആറ് സുഹൃത്തുക്കളുടെ കഥ.. പക്ഷെ ആ ആറ് പേരിൽ ഇന്ന് ചാൻഡ്‌ലെർ ബിങ് ഇല്ല…

ഫ്രണ്ട്സിനെ ഒറ്റയ്ക്കാക്കി ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ് ചാൻഡ്‌ലെർ ബിങിനെ അനശ്വരമാക്കിയ നടൻ മാത്യു പെറി…അൻപത്തി നാലാമത്തെ വയസിൽ അദ്ദേഹത്തെ തന്റെ ലോസ് ഏഞ്ചൽസിലെ അപ്പാർട്മെന്റിലെ ബാത്ത് ടബിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

മരണത്തിൽ അസ്വഭാവികതയൊന്നുംതന്നെ ഇല്ലെന്നും, ഹൃദയാഘാതമാണ് മരണകാരണമെന്നുമാണ് അനൌദ്യോഗികമായി ലഭിക്കുന്ന റിപ്പോർട്ട്. ക്രൈം ഫോറൻസിക് വിഭാഗം വീട്ടിൽ പരിശോധന നടത്തിയിരുന്നെങ്കിലും അസ്വഭാവികമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്നാണ് വിവരം. അതേ സമയം മാത്യുവിൻറെ മരണം ഹോളിവുഡിനെ വല്ലാതെ ഞെട്ടിച്ചിട്ടുണ്ട്.

വളരെക്കാലമായി മദ്യത്തിനും മയക്കുമരുന്നിനും അടിമയായിരുന്നു അദ്ദേഹം എന്ന റിപോർട്ടുകൾ വന്നിരുന്നു. കഴിഞ്ഞ വർഷങ്ങളിൽ പലപ്പോഴും ഡി അഡിക്ഷൻ സെൻററിൽ ചികിൽസയിലായിരുന്നു താരം. ഏകദേശം 9 മില്യൺ ഡോളർ രോഗ ചികിത്സയ്ക്കായി ചെലവഴിച്ചെന്ന് ഇദ്ദേഹം തന്നെ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. ഫ്രണ്ട്സ് സിറ്റ്‌കോമിൽ അഭിനയിക്കുന്ന കാലത്തും ആൻസൈറ്റി പ്രശ്നം ഇദ്ദേഹത്തെ അലട്ടിയിരുന്നു എന്ന് അടുത്ത കാലത്തു നടന്ന ഫ്രണ്ട്സി​ന്റെ റീയൂണിയനിൽ അദ്ദേഹം പറഞ്ഞിരുന്നു.

അതേ സമയം മാത്യുപെറിയുടെ വീട്ടിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തി എന്ന നിലയിൽ വന്ന വാർത്തകൾ അദ്ദേഹത്തിൻറെ മാനേജിംഗ് ടീം നിഷേധിച്ചിട്ടുണ്ട്.

1969ൽ മോൺട്രിയലിൽ ഒരു സമ്പന്ന കുടുംബത്തിലാണ് മാത്യു പെറി ജനിച്ചത്. വളർന്നത് ലോസ് ഏഞ്ചൽസിലായിരുന്നു. കുട്ടിക്കാലം മുതൽ അഭിനയ രംഗത്ത് സജീവമായിരുന്നെങ്കിലും 1994 മുതൽ 2004വരെ എൻബിസി ടിവി പ്രഷേപണം ചെയ്ത ഫ്രണ്ട്സ് സിറ്റ്കോം ആണ് മാത്യു പെറിയെ ലോക പ്രശസ്തനാക്കിയത്. മാത്യു പെറി എന്നതിനേക്കാളും ആരാധകർക്കിഷ്ടം ചാൻഡ്ലർ ബിങിനെയാണ്. ഈ ഒരൊറ്റ കഥാപാത്രമാണ് ലോകത്തെല്ലായിടത്തും അദ്ദേഹത്തെ പ്രശസ്തനാക്കിയത്.

ന്യൂയോർക്കിലെ മാൻഹട്ടനിലെ ഒരു ഫ്ലാറ്റ്, അതിൽ താമസിക്കുന്ന ഒരു പറ്റം സുഹൃത്തുക്കളുടെ കഥ, അതാണ് അമേരിക്കൻ സിറ്റ്കോമായ ഫ്രണ്ട്സ് പറഞ്ഞിരുന്നത്. തമാശയും പ്രണയവും കുടുംബവും ത്രില്ലിങുമെല്ലാമായി ഫ്രണ്ട്സിൽ പറയാത്ത വിഷയങ്ങളില്ല.. സുഹൃത്തുക്കളായ ആറു യുവതീയുവാക്കളുടെ ജീവിത സന്ദർഭങ്ങളിലൂടെയായിരുന്നു ഒരോ സീസണും കടന്നുപോയത്.

1994 സെപ്തംബർ 22ലെ പെെലറ്റ് എപ്പിസോഡ് മുതൽ 2004 മെയിലെ അവസാന സംപ്രേക്ഷണം വരെ 236 എപ്പിസോഡുകളായിരുന്നു ഫ്രണ്ട്സിനുണ്ടായിരുന്നത് . ഡേവിഡ് ക്രെയ്ൻ, മാർത്ത കാഫ്മാൻ എന്നിവരാണ് ഇതിന്റെ സ്രഷ്ടാക്കൾ. പരമ്പരയുടെ അവസാന എപ്പിസോഡിന് യുഎസിൽ മാത്രം ഏകദേശം 5.11 കോടി പ്രേക്ഷകരാണ് ഉണ്ടായിരുന്നു എന്നാണ് കണക്ക് സൂചിപ്പിക്കുന്നത് 18 രാജ്യങ്ങളിൽ പ്രക്ഷേപണം ചെയ്തിട്ടുള്ള ഫ്രണ്ട്സ് ഇപ്പോഴും ഒടിടി വഴിയും ആസ്വദിക്കുന്നത് കോടിക്കണക്കിന് ആളുകളാണ്.

ഓരോ എപ്പിസോഡുകളും മടുപ്പിക്കാത്ത ഓരോ പുതിയ കാഴ്ചയായിരുന്നു സമ്മാനിച്ചിരുന്നത്.. റോസും ജോയും ചാൻഡ്‌ലെർബിങ്ങും മോണിക്കയും, ഫീബിയും റേച്ചലും ഒരുമിച്ചുള്ള ഫ്രെയിമുകൾ ആരാധകർക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു… അതിലേറെ പ്രിയപ്പെട്ടതായിരുന്നു ജോയും ചാൻഡലറി​ന്റെയും ഫ്രണ്ട്ഷിപ്

…നിരവധി തമാശകളും, കണ്ണീരും, ഹൃദയഭേധകമായ നിമിഷങ്ങളുമായി.. കൂട്ടുകാരെന്നതിലുപരി ബ്രദേർസ് ആയിരുന്നു അവർ…

ഇനി ഫ്രണ്ട്സിനൊപ്പം സെൻട്രൽ പെർകിലെ സോഫയിൽ ഒപ്പമിരിക്കാൻ ചാൻഡ്‌ലെർ ബിങ് ഇല്ലെന്നത് വേദനിപ്പിക്കുന്ന ഒന്നാണ്

 

LEAVE A REPLY

Please enter your comment!
Please enter your name here