ലോകത്താകമാനം ആരാധകരുള്ള ഒന്നാണ് ജുറാസിക് പരമ്പര ചിത്രങ്ങൾ. കാലങ്ങൾക്കു മുന്നേ വംശനാശം സംഭവിച്ച ജീവി വർഗമായിരുന്നു ദിനോസറുകൾ. വിവിധതരം ദിനോസറുകളെ ചുറ്റിപ്പറ്റിയുള്ള സിനിമകളുടെ പരമ്പരയ്ക്ക് ലോകത്തെങ്ങും അന്നും ഇന്നും വലിയ ആരാധക കൂട്ടമാണുള്ളത്. ഇപ്പോൾ അവർക്ക് ആവേശമായികൊണ്ടുള്ള പുതിയ അപ്ഡേറ്റ് ആണ് പുറത്തുവന്നിട്ടുള്ളത്. ജുറാസിക് വേൾഡിന്റെ പുതിയ ചിത്രം 2025 ൽ പുറത്തിറങ്ങുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചിരിക്കുന്നത്.
— Jurassic World (@JurassicWorld) February 6, 2024
ലോകം മുഴുവനുള്ള കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ അദ്ഭുതപ്പെടുത്തുകയും ആശ്ചര്യം നൽകുകയും ചെയ്ത ഹോളിവുഡ് സിനിമ ജുറാസിക് വേൾഡ് പരമ്പരയിലെ പുതിയ ചിത്രത്തിൻ്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. മുൻപത്തെപോലെ തന്നെ ദിനോസറുകളെ പശ്ചാത്തലമാക്കിയുള്ള ചിത്രം 2025 ജൂലൈ രണ്ടിന് റിലീസ് ചെയ്യുമെന്നാണ് നിർമ്മാതാക്കളായ യൂണിവേഴ്സ് പിക്ചേഴ്സ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുള്ളത്. സ്റ്റീവൻ സ്പിൽബർഗിൻ്റെ യഥാർത്ഥ 1993 ബ്ലോക്ക്ബസ്റ്റർ ജുറാസിക് പാർക്കിൻ്റെയും അതിൻ്റെ 1997ലെ തുടർഭാഗമായ ജുറാസിക് പാർക്ക്, ദി ലോസ്റ്റ് വേൾഡിൻ്റെയും രചനയ്ക്ക് ശേഷം പ്രശസ്തനായ ഡേവിഡ് കോപ്പ് പുതിയ ചിത്രത്തിന്റെയും തിരക്കഥയൊരുക്കുമെന്നാണ് വിവരങ്ങൾ.

കോളിൻ ട്രെവോറോയുടെ 2015 ലെ ജുറാസിക് വേൾഡിൽ നിന്ന് ഉത്ഭവിച്ച ക്രിസ് പ്രാറ്റും ബ്രൈസ് ഡാളസ് ഹോവാർഡും അവതരിപ്പിച്ച കഥാപാത്രങ്ങൾ പുതിയ ചിത്രത്തിൽ ഉൾപ്പെടാനിടയില്ല എന്നാണ് റിപ്പോർട്ടുകൾ. യഥാർത്ഥ ജുറാസിക് പാർക്ക് സിനിമകളിലെ സാം നീൽ, ലോറ ഡെർൺ, ജെഫ് ഗോൾഡ്ബ്ലം എന്നിവർ അവതരിപ്പിച്ച കഥാപാത്രങ്ങളും നാലാമത്തെ ജുറാസിക് വേൾഡ് സിനിമയിൽ തിരിച്ചെത്താൻ സാധ്യതയില്ലെന്നും പറയുന്നുണ്ട്. പുതിയ സിനിമയുടെ വരവിനായി ജുറാസിക് പാർക്ക് ആരാധകർ വൻ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ജുറാസിക് ഫ്രാഞ്ചൈസിയിൽ നിന്ന് ഇതുവരെ ആറ് സിനിമകളാണ് വന്നിട്ടുള്ളത്.

മൈക്കൽ ക്രൈറ്റൺ 1990ൽ പ്രസിദ്ധീകരിച്ച ജുറാസ്സിക് പാർക്ക് എന്ന നോവലിനെയാസ്പദമാക്കി സ്റ്റീവൻ സ്പിൽബർഗ്ഗ് സംവിധാനംചെയ്ത ഇംഗ്ലീഷ് സിനിമയാണ് ജുറാസ്സിക് പാർക്ക്. ഐസ്ല നെബുലാർ എന്നൊരു സാങ്കല്പികദ്വീപിൽ, ക്ലോണിങ്ങിനാൽ ഉണ്ടാക്കിയെടുത്ത ദിനോസാറുകളെയുൾപ്പെടുത്തിക്കൊണ്ട്, ജോൺ ഹാമ്മണ്ട് നിർമ്മിച്ച തീം പാർക്കിലേക്ക്, ഒരുസംഘം ശാസ്ത്രജ്ഞൻമാർ സന്ദർശിക്കാൻവരുന്നതും, പിന്നീട് ഒരു അട്ടിമറികാരണം കൂടുകളിൽനിന്നു പുറത്തേയ്ക്കിറങ്ങുന്ന ദിനോസാറുകളിൽനിന്നും ശാസ്ത്രജ്ഞന്മാർ രക്ഷപ്പെടുന്നതുമാണു കഥാപശ്ചാത്തലം. ജുറാസ്സിക് പാർക്ക് പരമ്പരയിലെ ആദ്യചിത്രമായിരുന്നു അത്. മറ്റു ചിത്രങ്ങൾ ദി ലോസ്റ്റ് വേൾഡ്: ജുറാസ്സിക് പാർക്ക് (1997), ജുറാസ്സിക് പാർക്ക് III (2001) ജുറാസ്സിക് വേൾഡ് (2015) എന്നിവയാണ്.

