ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് ‘ഹൗഡിനി – ദ കിങ് ഓഫ് മാജിക്ക്’. സിനിമയുടെ ചിത്രീകരണം കോഴിക്കോട്ട് ആരംഭിച്ചു. ”എന്റെ പുതിയ സിനിമയുടെ പേര് നിങ്ങൾക്കുമുന്നിൽ അവതരിപ്പിക്കുന്നു, ഒപ്പം അതിന്റെ ക്യാപ്റ്റനെയും” എന്ന് പറഞ്ഞുകൊണ്ട് ആസിഫ് അലി തന്റെ ഒഫീഷ്യൽ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. ജി പ്രജേഷ് സെൻ ആണ് ‘ഹൗഡിനി’യുടെ തിരക്കഥ ഒരുക്കുന്നതും, സംവിധാനം നിർവഹിക്കുന്നതും.
View this post on Instagram
ബോളിവുഡ് സംവിധായകനായ ആനന്ദ് എൽ റായിയുടെ നിർമാണ കമ്പനിയായ കളർ യെല്ലോ പ്രൊഡക്ഷൻസും, കർമ മീഡിയ ആൻഡ് എന്റർടെയിന്റ്മെന്റ്സും ഒത്തുചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ഷൈലേഷ് ആർ സിങ്ങും പ്രജേഷ് സെൻ മൂവിക്ലബും ചേർന്നാണ് ചിത്രം ഒരുക്കുന്നത്. ജയസൂര്യയുടെ വിജയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനായി മാറിയ പ്രജേഷ് സെൻ ഇക്കുറി ആസിഫ് അലിക്കൊപ്പമാണ് എത്തുന്നത്. ‘ക്യാപ്റ്റൻ’ , ‘വെള്ളം’, ‘മേരി ആവാസ് സുനോ’ എന്നീ ചിത്രങ്ങൾക്ക് ശേഷം ജി പ്രജേഷ് സെൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് ‘ഹൗഡിനി -ദ കിങ് ഓഫ് മാജിക്’. ബിജിപാൽ ആണ് ചിത്രത്തിലെ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത്.

മായാജലമാണ് ചിത്രത്തിന്റെ ഇതിവൃത്തം എന്നാണ് സൂചനകൾ. മായാജാലം ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിൽ ഉണ്ടാക്കുന്ന സ്വാധീനവും പിന്നീട് ഉണ്ടാകുന്ന സംഭവങ്ങളും സംഘർഷങ്ങളുമാണ് ചിത്രത്തിലെ പ്രമേയമാക്കിയിരിക്കുന്നത്. മജീഷ്യൻ അനന്തൻ എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കോഴിക്കോടിന് പുറമെ രാജസ്ഥാനാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. മലയാളം, തമിഴ് സിനിമാരംഗത്തെ പ്രമുഖരായ താരങ്ങൾ ചിത്രത്തിൽ പ്രധാന വേഷത്തിലഭിനയിക്കുന്നുണ്ട്. ഗുരു സോമസുന്ദരം, ജഗദീഷ്, ശ്രീകാന്ത് മുരളി തുടങ്ങിയവർ അതിൽ ചിലരാണ്. കൂടാതെ കുറച്ച് പുതുമുഖങ്ങളും ചിത്രത്തിലെത്തുന്നു.

പ്രജേഷ് സെന്നിൻ്റെ ഗുരുനാഥനായ സംവിധായകൻ സിദ്ദിഖിൻ്റെ അനുസ്മരണത്തോടുകൂടിയാണ് സിനിമയുടെ ചിത്രീകരണത്തിന് തുടക്കംകുറിച്ചത്. ഫുട്ബോൾ താരം വി.പി. സത്യൻ്റെ ഭാര്യ അനിതാ സത്യൻ ആണ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചത്. ഫസ്റ്റ് ക്ലാപ്പ് നൽകിയത് ബിജിത്ത് ബാലയാണ് . കോഴിക്കോട്, മുംബൈ, രാജസ്ഥാൻ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാകുമെന്നാണ് അണിയറപ്രവർത്തകർ അറിയിക്കുന്നത്.

നൗഷാദ് ഷെരിഫ് ആണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. എഡിറ്റിംഗ് ചെയ്യുന്നത് ബിജിത്ത് ബാല. കലാസംവിധാനം ചെയ്യുന്നത് ത്യാഗു തവനൂരുമാണ്. മേക്കപ്പ് അബ്ദുൾ റഷീദ്, കോസ്റ്റ്യും ഡിസൈനർ ആഫ്രിൻ കല്ലാൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ ഗിരീഷ് മാരാർ, കൂടാതെ ടൈറ്റിൽ ഡിസൈൻ ചെയ്തിരിക്കുന്നത് ആനന്ദ് രാജേന്ദ്രൻ ആണ്.

