‘ജയിലർ’ എന്ന രജനികാന്ത് ചിത്രത്തിലെ അഭിനയത്തിന് ശേഷം വിനായകൻ എന്ന നടന് സിനിമാമേഖലയിലും പ്രേക്ഷകർക്കുമിടയിലുമുള്ള പ്രാധാന്യം വളരെ വലുതാണ്. അതുകൊണ്ടുതന്നെ അതിനുശേഷമൊരുങ്ങുന്ന ‘കാസർഗോൾഡി’ലെ വിനായകന്റെ കഥാപാത്രത്തിനുവേണ്ടി അക്ഷമരായി കാത്തിരിക്കുകയാണ് പ്രേക്ഷകർ.
എന്നാൽ കൊച്ചിയിൽവെച്ചുനടന്ന സിനിമയുടെ പ്രൊമോഷന് വിനായകൻ എത്തിയിരുന്നില്ല. പ്രമോഷന് എത്താൻ വിനായകന് കഴിഞ്ഞില്ലെന്നാണ് ആസിഫ് അലി മാധ്യമങ്ങളോട് പറഞ്ഞത്. ഒപ്പം അദ്ദേഹം എല്ലാവരോട് അന്വേഷണം പറഞ്ഞുവെന്നും താരം പറഞ്ഞു. ”വിനായകൻ ചേട്ടൻ നിങ്ങളോടെല്ലാവരോടും അന്വേഷണം പറയാൻ പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് വരൻ പറ്റിയില്ല. അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ നമ്മുക്ക് ഇ പരിപാടി കുറച്ചുകൂടി കളറാക്കാൻ കഴിയുമായിരുന്നു. ”
ജയിലർ സിനിമ നടക്കുന്നതിനിടയിലാണ് വിനായകൻ കാസർഗോൾഡ് ചെയ്യുമെന്ന് പറഞ്ഞതെന്നാണ് സിനിമയുടെ സംവിധായകൻ മൃദുൽ നായർ പറയുന്നത് . ”ജയിലർ നടക്കുമ്പോഴാണ് വിനായകൻ ചേട്ടൻ ഇത് കമ്മിറ്റ് ചെയ്യുന്നത്. എന്തൊക്കെയായാലും വിനായകൻ ചേട്ടൻ എന്ന് പറയുന്നത് വിനായകൻ ചേട്ടൻതന്നെയാണ്. കാസർഗോൾഡിന്റെ കഥ ഞാൻ വിനായകൻ ചേട്ടനോട് പറഞ്ഞത് ഗോവയിലെ വലിയൊരു ക്ലബിന്റെ നടുക്ക് നട്ടുച്ചയ്ക്കിരുന്നിട്ടാണ്. അപ്പോൾത്തന്നെ അദ്ദേഹം എന്നോട് പറഞ്ഞത്, തന്റെ പടമല്ലേ, കഥയൊന്നും കേൾക്കേണ്ടെ ചെയ്യാം എന്നാണ്, പക്ഷെ കുറച്ചു നിബന്ധനകളുണ്ടെന്ന്.
അദ്ദേഹത്തിന്റെ ലുക്കൊക്കെ ഒരു വർഷത്തേക്ക് രജനി സാറിന് എഴുതിക്കൊടുത്തിരിക്കുകയാണ്, ആ ലുക്ക് വെച്ചിട്ട് എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് ചോദിച്ചു. , നമുക്ക് ആ ലുക്കൊരു പ്രശ്നമായിരുന്നില്ല. കാരണം, നിങ്ങളൊരു നല്ല ഹീറോയാണെങ്കിൽ, അല്ലെങ്കിൽ നിങ്ങൾ നല്ലൊരു ഹീറോ ആകണമെങ്കിൽ നിങ്ങൾക്ക് അതിലും മികച്ചൊരു വില്ലനെത്തന്നെ വേണം. അതുകൊണ്ടുതന്നെ എല്ലാം ബാലൻസ് ചെയ്തുവേണം പോകാൻ. ഇവിടെ ആസിഫ് , സണ്ണി വെയ്ൻ വിനായകൻ എന്നിവരുണ്ട്, കൂടെ പലരും.
2021 ലാണ് ആസിഫിന്റെയും സണ്ണിയുടെ അടുത്ത് ഞാൻ ഈ സിനിമയുടെ കഥ പറയുന്നത്. അതുകഴിഞ്ഞ് തിരക്കഥയെല്ലാം പൂർത്തിയായിക്കഴിഞ്ഞാണ് രാമനാട്ടുകര സ്വർണകടത്തുമായി ബന്ധപ്പെട്ട ഒരു സംഭവം നടക്കുന്നത്. പിന്നെ വിളിച്ചപ്പോ അവരെന്നോട് പറഞ്ഞു ഈ സിനിമ ചെയ്യാമെന്ന്. അതേസമയം സിനിമയുടെ ട്രെയിലറിന് അടിയിൽ ചില കമന്റുകൾ ഞാൻ കണ്ടിരുന്നു, കാസർകോട് അല്ല കൊടുവള്ളിയിലാണ് സ്വർണ കച്ചവടം എന്നൊക്കെ. മലയാളിയുടെ ജീവിതത്തിന്റെ ഭാഗമാണ് സ്വർണ്ണം. അത് പക്ഷെ പല രീതിയിലായിരിക്കും എന്നെ ഉള്ളു.”