രാജമൗലി ചിത്രമായ ബാഹുബലിയില്‍ കട്ടപ്പ എന്ന കഥാപാത്രമായെത്തി പ്രേക്ഷകശ്രദ്ധ പിടിച്ച് പറ്റിയ താരമാണ് സത്യരാജ്. ബാഹുബലിയ്ക്ക് മുമ്പും അനേകം സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും ബാഹുബലിയിലെ കട്ടപ്പ എന്ന ഒറ്റ വേഷത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാന്‍ താരത്തിന് കഴിഞ്ഞു.
ഇപ്പോഴിതാ ബാഹുബലിയെ കുറിച്ചും സംവിധായകന്‍ രാജമൗലിയെ കുറിച്ചും സത്യരാജ് പറഞ്ഞ വാക്കുകളാണ് സാമൂഹ്യമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. താരത്തിന്റെ ‘വെപ്പണ്‍’ എന്ന പുതിയ ചിത്രത്തിന്റെ ലോഞ്ച് വേളയിലാണ് സത്യരാജ് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘കട്ടപ്പ എന്ന കഥാപാത്രം നല്‍കിയതിന് രാജമൗലിയോട് എന്നും എനിക്ക് നന്ദിയുണ്ട്. എന്റെ ജീവിതത്തില്‍ രാജമൗലി തന്ന സമ്മാനമാണ് കട്ടപ്പ. ബാഹുബലിയ്ക്ക് ശേഷം പ്രിയ ആരാധകര്‍ എന്നെ കട്ടപ്പ സത്യരാജ് എന്നാണ് വിളിക്കുന്നത്. അത് കേള്‍ക്കാന്‍ എനിക്ക് ഇഷ്ടമാണ്. ഒരു നടനെ അവരുടെ കഥാപാത്രത്തിന്റെ പേര് പറഞ്ഞ് വിളിക്കുന്നത് ഒരു സമ്മാനമാണ്. ‘വെപ്പണ്‍’എന്ന ചിത്രത്തിന് ശേഷം നിങ്ങള്‍ എന്നെ വെപ്പണ്‍ സത്യരാജ് എന്ന് വിളിക്കും. ഞാന്‍ അത് ഒരുപാട് ആസ്വദിക്കും. അതില്‍ എനിക്ക് യാതൊരു പ്രശ്നവുമില്ല. എന്റെ കഥാപാത്രത്തിന്റെ പേര് പറഞ്ഞ് വിളിക്കുന്നത് നിങ്ങള്‍ എനിക്ക് നല്‍കുന്ന അംഗീകാരമാണ്. എന്നെ സംബന്ധിച്ചിടത്തോളം ഇത് എന്റെ വിജയമാണ്’.
ബാഹുബലിയ്ക്ക് ശേഷം വിവിധയിടങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ എല്ലാവരും എന്നെ കട്ടപ്പ എന്നാണ് വിളിയ്ക്കുന്നത്. ആ കഥാപാത്രത്തെ അവതരിപ്പിച്ചതില്‍ എനിക്ക് വളരെയധികം അഭിമാനവും സന്തോഷവുമാണുള്ളത്. എസ്എസ് രാജമൗലി എന്ന മഹാനായ സംവിധായകന്‍ കാരണമാണ് ഈ ജനപ്രീതി എനിക്ക് ലഭിച്ചത്’ സത്യരാജ് പറഞ്ഞു.
അതേസമയം, സത്യരാജിന്റെ വരാനിരിക്കുന്ന ചിത്രമാണ് ‘വെപ്പണ്‍’. ഗുഹന്‍ സെന്നിയപ്പനായാണ് ചിത്രത്തില്‍ സത്യരാജ് എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ അടുത്തിടെ മുംബൈയില്‍ ലോഞ്ച് ചെയ്തിരുന്നു. വസന്ത് രവി, രാജീവ് മേനോന്‍, തന്യ ഹോപ്പ് തുടങ്ങിയ വലിയ താരനിര അണിനിരക്കുന്ന ചിത്രമാണിത്. ആക്ഷന്‍ ത്രില്ലര്‍ കഥാപാത്രമായാണ് ചിത്രത്തില്‍ സത്യരാജിന്റെ വരവ്.
അതേസമയം,തമിഴ് സിനിമയിലെ ‘സൂപ്പര്‍ സ്റ്റാര്‍’ വിവാദത്തില്‍ അഭിപ്രായവുമായി നടന്‍ സത്യരാജ് രംഗത്ത് വന്നിരുന്നു. കഴിഞ്ഞ 45 വര്‍ഷങ്ങളായി സൂപ്പര്‍ സ്റ്റാര്‍ എന്ന് കേള്‍ക്കുമ്പോള്‍ ആളുകളുടെ മനസിലേക്ക് വരുന്നത് രജനികാന്ത് മാത്രമാണെന്ന് സത്യരാജ് പറഞ്ഞു. രജനികാന്തിനുള്ള സൂപ്പര്‍സ്റ്റാര്‍ വിശേഷണം നടന്‍ വിജയ്ക്കും നല്‍കണമെന്ന് ചില ആരാധകര്‍ ആവശ്യപ്പെട്ടതോടെയാണ് വിവാദങ്ങള്‍ ആളിപ്പടരാന്‍ തുടങ്ങിയത്.
‘കഴിഞ്ഞ 45 വര്‍ഷങ്ങളായി സൂപ്പര്‍ സ്റ്റാര്‍ എന്ന് കേള്‍ക്കുമ്പോള്‍ ആളുകളുടെ മനസിലേക്ക് വരുന്നത് രജനികാന്ത് മാത്രമാണ്. പല പ്രമുഖ താരങ്ങള്‍ക്കും വ്യത്യസ്തങ്ങളായ വിശേഷണങ്ങളുണ്ട്. പക്ഷേ ചിലത് ചിലര്‍ക്ക് മാത്രം ചേരുന്നതാണ്. അത് മറ്റാര്‍ക്കും നല്‍കാനാകില്ല.
ത്യാഗരാജ ഭാഗവതര്‍, എംജിആര്‍, ശിവാജി ഗണേശന്‍, രജനീകാന്ത്, കമല്‍ഹാസന്‍, വിജയ്, അജിത് എന്നിവര്‍ക്കെല്ലാം അവരവരുടെ വിശേഷണങ്ങളുണ്ട്. ഇതൊന്നും മറ്റൊരാള്‍ക്ക് വേണ്ടി ഉപയോഗിക്കാന്‍ സാധിക്കില്ല. അതിനാല്‍, അഭിനേതാക്കളുടെ വിശേഷണങ്ങള്‍ മാറ്റേണ്ടതില്ലെന്നാണ് എനിക്ക് തോന്നുന്നത്. എനിക്ക് എക്കാലവും രജനികാന്താണ് സൂപ്പര്‍സ്റ്റാര്‍’, സത്യരാജ് പറഞ്ഞിരുന്നു.