ഞാൻ നാടകം ചെയ്തിരുന്നു, അപ്പോഴും കുടുംബം നോക്കുമായിരുന്നു: അപ്പാനി ശരത്

0
308

ഞാൻ നാടകം ചെയ്യുന്നുണ്ട്, അതോടൊപ്പം തന്നെ വീട്ടിലെ കാര്യങ്ങളും നോക്കുന്നുണ്ടെന്ന് അപ്പാനി ശരത്. മൂവിവേൾഡ് മീഡിയയ്ക്കു നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അപ്പാനി ശരത്തിന്റെ വാക്കുകൾ…

“കാലടിയിൽ അഡ്‌മിഷൻ എടുക്കുന്നതിനു മുൻപ് വരെയും പ്രശ്നങ്ങൾ ആയിരുന്നു. ഞാൻ അപ്പോഴും കുടുംബം നോക്കുമായിരുന്നു, നോക്കാതെ നിന്നാൽ ആണല്ലോ പ്രശ്നം. വീട്ടിൽ കാര്യങ്ങൾ നടക്കുന്നുണ്ടോ, വീട്ടിൽ അമ്മയ്ക്കും അച്ഛനും പെങ്ങൾക്കും ഭക്ഷണത്തിന്റെ കാര്യത്തിൽ ആണെങ്കിലും വീട്ടിലെ കറന്റ് ബില്ല് ആണെങ്കിലും ഞാൻ നോക്കുന്നുണ്ട്. പത്ത് പതിനാറു വയസ്സിലെ കാര്യമാണ് ഇത്.

ഞാൻ നാടകം ചെയ്യുന്നുണ്ട്, അപ്പോൾ അമ്മയ്ക്കും അച്ഛനും എതിർപ്പ് പറയാൻ പറ്റില്ല കാരണം തിങ്കൾ മുതൽ വെള്ളി വരെയുള്ള സമയങ്ങളിൽ ഞാൻ ജോലിയ്ക്ക് പോകുന്നുണ്ട്. രാത്രി ഉറങ്ങുന്നുണ്ടോ ഇല്ലയോ എന്നുള്ളതൊക്കെ രണ്ടാമത്തെ കാര്യമാണ്, അതെന്റെ കാര്യമാണ്. ഞാൻ വീട്ടിലെ കാര്യങ്ങൾ നോക്കുന്നുണ്ട്, കൂടെ എന്റെ ഇഷ്ടവും ഞാൻ ചെയ്യുന്നുണ്ട്. തടസ്സങ്ങൾ ഇഷ്ടംപോലെ ഉണ്ടായിട്ടുണ്ട്, എന്നെ പരിപാടിയ്‌ക്കൊന്നും വിടാതെ നിന്നിട്ടൊക്കെ ഉണ്ട്. പക്ഷേ എന്റെ ഇഷ്ടങ്ങൾ ഇതാണ് ഞാൻ ഇതിലേക്കേ പോകൂ എന്ന് അവർക്കു തന്നെ മനസ്സിലായാൽ മതി.

അച്ഛന് ഭയങ്കര വിഷമമായിരുന്നു ഇവനെന്തായിത്തീരും എന്ന് ആലോചിച്ചിട്ട്. അമ്മയ്ക്ക് പിന്നെയും കുഴപ്പമില്ല, അച്ഛന് നല്ല ടെൻഷൻ ആയിരുന്നു. ഇവൻ ഇങ്ങനെ പോയിക്കഴിഞ്ഞാൽ എവിടെ ചെന്നെത്തും, ഒരു ജീവിതം വേണ്ടേ എന്ന് അച്ഛൻ എപ്പോഴും ചിന്തിക്കുമായിരുന്നു. ആ ചിന്തയാണ് അച്ഛന് തടസ്സമായിട്ട് മാറുന്നത്, അല്ലാതെ എന്നിലെ കലാകാരനെ ഇഷ്ടമല്ലാത്തതുകൊണ്ടല്ല. അച്ഛൻ പല സ്ഥലങ്ങളിലും ഒളിച്ചൊക്കെ എന്റെ നാടകം കാണാൻ വന്നത് ഞാൻ കണ്ടിട്ടുണ്ട്. സുഹൃത്തുക്കളുടെ ഇടയിൽ ഒക്കെ ഇരുന്നിട്ട് അച്ഛൻ നാടകത്തിന്റെ കാര്യങ്ങളൊക്കെ പറയുന്നതൊക്കെ ഞാൻ കേട്ടിട്ടുണ്ട്. എന്റെ മുൻപിൽ അതൊന്നും പറയില്ല. നമ്മൾക്ക് കുറച്ച് പക്വത വന്നതിനു ശേഷമാണ് തടസ്സങ്ങൾ വരുന്നത്.

തെരുവുനാടകങ്ങൾ ഒക്കെ കളിച്ചു തുടങ്ങുന്ന സമയത്ത് നമ്മൾ ഈ റോഡിൽ വെയിലത്ത് നിൽക്കുന്നത് കാണുമ്പോൾ അവർക്കു വിഷമമാകും. അവരൊക്കെ ഏതു വെയിലത്തും പണിയെടുത്തു ജീവിച്ച് വന്ന ആളാണ്. നമ്മളെങ്കിലും കറങ്ങുന്ന കസേരയിൽ ഇരുന്ന് ശമ്പളം വാങ്ങണം എന്ന് ആഗ്രഹിക്കുന്ന ആളുകളാണ്. അന്ന് നാട്ടുകാർ കൂവിയപ്പോഴും, അച്ഛന് കൂവിയതിലല്ല സങ്കടം, ഞാൻ അവിടെ നിന്ന് കരഞ്ഞതിലാണ്. കഷ്ടപ്പെട്ട് ഉറക്കമില്ലാതെ ബൈക്ക് വരെ പണയം വച്ചിട്ടാണ് ഞാൻ ആ ട്രൂപ്പ് ഇറക്കുന്നത്.

എന്റെ ‘അമ്മ രാത്രിയും പകലുമൊന്നുമില്ലാതെ അടുക്കളപ്പണിയെടുത്തിട്ട് ഭക്ഷണമൊക്കെ വീട്ടിൽ നിന്ന് തന്നെ ഉണ്ടാക്കികൊണ്ടുപോയിട്ടാണ് മിമിക്രി ക്യാമ്പിലേക്ക് ഞാൻ കൊണ്ട് കൊടുക്കുന്നത്. ഇതെല്ലാം ഇവരുടെ മനസ്സിലൂടെ ഓടുകയില്ലേ, എന്റെ ചെറുക്കൻ 24 മണിക്കൂറും ഉറക്കമില്ലാതെ പണിയെടുത്തിട്ട് നാട്ടുകാരെല്ലാവരുടെയും മുൻപിൽ അവൻ ഒന്നുമല്ലാത്തവനായിട്ട് നിന്നില്ലേ.. ആ ഒരു വിഷമം കൊണ്ടാണ് അന്ന് അവർ എന്നെ ഒരുപാട് ചീത്ത പറയുകയൊക്കെ ചെയ്തത്” അപ്പാനി ശരത് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here