ഇപ്പോൾ ആർക്കും കടന്നു വരാവുന്ന ഒരു മേഖലയായി അഭിനയം മാറിയിട്ടുണ്ടെന്നും, ക്യാമറയെ ഭയപ്പെടാതിരുന്നാൽ മതിയെന്നും പറയുകയാണ് നടൻ പ്രമോദ് വെളിയനാട്. മൂവി വേൾഡ് മീഡിയയുടെ സിനിമയല്ല ജീവിതം എന്ന പ്രത്യേക പരിപാടിയിലാണ് നടൻ ഈ കാര്യങ്ങൾ പറഞ്ഞത്.
പ്രമോദ് വെളിയനാടിന്റെ വാക്കുകൾ…
”ഇപ്പോൾ ആർക്കും അഭിനയിക്കാം, ക്യാമറയെ ഭയപ്പെടാതിരുന്നാൽ മതി. പുതിയതായിട്ട് വരുന്ന പിള്ളേരോക്കെ എന്നോട് ചോദിക്കാറുണ്ട് അത്. അപ്പോൾ ഞാനവരോട് പറയാറുള്ളത്. ക്യാമറ കടിച്ചിട്ട് ഇന്നേ വരെ ആരും മരിച്ചിട്ടില്ലെന്നാണ്. എന്തിനാണ് നമ്മളതിനെ ഭയക്കുന്നത്. നമ്മൾ സംസാരിക്കുക, അവർക്കാവശ്യമുള്ളത് അവരെടുത്തോളും. ഭയം ഉണ്ടെങ്കിൽ അതായിരിക്കും നമ്മുടെ മുഖത്ത് ആദ്യം വരുന്നത്. അതിന് നമുക്കൊന്നും ചെയ്യാൻ കഴിയില്ല.

കള എന്ന സിനിമയിൽ ഞാൻ നടന്ന് വന്നിട്ട് ലാൽ സാറിനോട് സംസാരിക്കുന്ന ഒരു സീനുണ്ട്. അത് ചെയ്തുകഴിഞ്ഞ് കട്ട് പറഞ്ഞപ്പോൾ ലൈറ്റ് ചെയ്യുന്ന ചേട്ടൻ വന്നെന്നൊട് ചോദിച്ചു, എനിക്കെന്തായിരുന്നു പണി എന്ന്. ഞാൻ പറഞ്ഞു നാടകത്തിലായിരുന്നു എന്ന്. പേടിയില്ലാതെ ഞാൻ ആ രംഗം ചെയ്യുന്നത് കണ്ടപ്പോഴേ അദ്ദേഹത്തിനത് മനസ്സിലായെന്നു അദ്ദേഹം എന്നോട് പറയുകയുണ്ടായി. അതാണ് ഞാൻ പറയുന്നത്, പേടിയില്ലാതിരുന്നാൽ മതി, എന്തിനാണ് പേടിക്കുന്നത്.

അതാണ് പറയുന്നത് നമ്മുടെ മുന്നിൽ മമ്മൂക്ക വന്നുനിന്നാലും, അന്ന് നമ്മളാണ് മമ്മൂക്ക എന്ന വിചാരിച്ചാൽ മതിയെന്ന്. നമ്മൾ നാടകം തുടങ്ങുന്നതിനു മുൻപ് ഗ്രൗണ്ട് ഒന്ന് നോക്കാറുണ്ട്. കാരണം നമ്മളുടെ വരവിനെ അവരെങ്ങനെ നോക്കികാണും എന്നറിയാനായിട്ട്. അത് പണ്ട് നാടകത്തിൽ നിൽക്കുമ്പോൾ ആയിരുന്നു, സിനിമയിൽ വന്നപ്പോൾ അതില്ല. പലപ്പോഴും എന്റെ നാടകങ്ങൾ ആളുകൾ സ്റ്റേജിലേക്ക് താടി ചാരിവെച്ചിരുന്നും, അത്രയ്ക്കും അടുത്തുനിന്നൊക്കെ കണ്ടിട്ടുണ്ട്. കർട്ടൻ മാറ്റി പ്രേക്ഷകരെ നോക്കുമ്പോൾ നമ്മൾ ചിന്തിക്കാറുണ്ട്, ഇത്ര ആളുകളെ ഉള്ളോ, എങ്കിൽ ഇവരെ നമ്മുക്ക് ഒതുക്കാം എന്ന്. അങ്ങനെ നമ്മൾ സ്വയം ചിന്തിക്കും, അടിപൊളിയാക്കാൻ പറ്റുമെന്ന്. അതൊരു വാശിയാണ്. അങ്ങനെ നമ്മൾ സ്വയം പൊളിയാണെന്നു ചിന്തിച്ചാൽ , മറ്റവൻ വിചാരിക്കും ഇവൻ ഇന്ന് ഇല്ലാത്തതെല്ലാം ഉണ്ടാക്കുമെന്ന്, അപ്പോളവൻ ഏലാം കരുതിവെക്കും. അപ്പോൾ നാടകത്തിന്റെ പോക്ക് ഒരു വല്ലാത്ത പോക്ക് ആയിരിക്കും.”

സമൂഹമാധ്യമങ്ങളില്‍ തനിക്കെതിരെ നടക്കുന്ന രൂക്ഷമായ സൈബര്‍ ആക്രമണങ്ങളില്‍ നടന്‍ പ്രമോദ് വെളിയനാട് മുവി വേൾഡ് മീഡിയയ്ക്കു നൽകിയ അഭിമുഖത്തിൽ പ്രതികരിച്ചിരുന്നു

