ആക്ഷൻ വിസ്മയം പീറ്റർ ഹെയ്ൻ പുലിമുരുഗന് ശേഷം മലയാളത്തിലേക്കു തിരിച്ചെത്തിയ ചത്രമാണ് ഇടിയൻ ചന്തു. ശ്രീജിത് വിജയൻറെ സംവിധാനത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായെത്തുന്ന ഇടിയൻ ചന്തു ഇന്നാണ് തീയേറ്ററുകളിൽ പ്രദര്ശനത്തിനെത്തിയത്. വളരെ മികച്ച അഭിപ്രായം തന്നെയാണ് പ്രേക്ഷകരിൽനിന്നും ചിത്രത്തിന് ലഭിച്ചത്. തിയേറ്ററിൽ നിന്നും നിർബന്ധമായി കണ്ടിരിക്കേണ്ട സിനിമ തന്നെയാണ് ഇടിയാൻ ചന്തു എന്നാണ് പ്രേക്ഷകർക്ക് പറയാനുള്ളത് കൂടാതെ ലഹരിയെന്ന സാമുഹ്യ വിപത്തിനെതിരെയുള്ള മികച്ചോരു സന്ദേശം നൽകുന്ന ചിത്രം തീർച്ചയായും കുടുംബ പ്രേക്ഷകരടക്കം കാണേണ്ടതുണ്ടെന്ന അഭിപ്രായവും പ്രേക്ഷകർ പങ്കു വെക്കുന്നുണ്ട്.
ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും മികച്ച ആക്ഷൻ കൊറിയോഗ്രാഫർ എന്ന വിശേഷണമുള്ള പീറ്റർ ഹെയ്ൻ ഫൈറ്റ് മാസ്റ്ററാകുന്ന ചിത്രം എന്ന വിശേഷണത്തിലാണ് ചിത്രം തീയേറ്ററുകളിൽ എത്തിയിരുന്നത്. ആ പ്രതീക്ഷകലെ തൃപ്ത്തിപെടുത്തുന്ന മികച്ച സംഘട്ടന രംഗങ്ങളാൽ ചിത്രം സമ്പന്നമാണ്. എന്നാൽ സിനിമയുടെ പേരും നേരത്തെ പുറത്തിറങ്ങിയ ട്രെയിലറും നൽകിയ സൂചന പോലെ ഒരു ഇടി പടം എന്നതിനപ്പുറം കുടുംബ പ്രേക്ഷകരെയടക്കം തൃപ്തിപ്പെടുത്തുന്ന സാമൂഹ്യ പ്രസക്തിയുള്ളൊരു കഥയിലാണ് ചിത്രമൊരുങ്ങുന്നത്.
ക്രിമിനൽ പശ്ചാത്തലമുള്ള പൊലീസുകാരനായ അച്ഛനെ കണ്ടുവളർന്ന ചന്തു ചെറുപ്പം മുതലേ കലഹപ്രിയനായി വളരുന്നു. അങ്ങനെ ഇടിയൻ ചന്ദ്രന്റെ മകന് നാട്ടുകാർ ആ വട്ടപ്പേര് തന്നെ ചാർത്തിക്കൊടുത്തു ‘ഇടിയൻ ചന്തു’. ചന്തുവിന്റെ ഇടിയൻ സ്വഭാവം ഉണ്ടാക്കുന്ന പ്രശ്‌നങ്ങൾ ഓരോ ദിവസവും കൂടിക്കൊണ്ടിരുന്നു. ആ സ്വഭാവം തൽക്കാലം മാറ്റിവെച്ച് പ്ലസ് ടു എങ്ങനെയെങ്കിലും പാസായി അച്ഛന്റെ ജോലി വാങ്ങിച്ചെടുക്കാനായി, അമ്മ വീടിനടുത്തുള്ള സ്‌കൂളിൽ ചന്തുവിനെ പഠിപ്പിക്കാൻ വിടുന്നതിന് ശേഷമുള്ള പ്രശ്‌നങ്ങളും അതെ തുടർന്ന് ഉണ്ടാകുന്ന പ്രതിസന്ധികളും ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
ലാലു അലക്‌സ്, ജോണി ആന്റണി, ലെന, രമേശ് പിഷാരടി, ശ്രീജിത്ത് രവി, ഐ എം വിജയൻ, ബിജു സോപാനം, സ്മിനു സിജോ, ഗായത്രി അരുൺ, ജയശ്രീ,വിദ്യ, ഗോപി കൃഷ്ണൻ, ദിനേശ് പ്രഭാകർ, കിച്ചു ടെല്ലസ്, സോഹൻ സീനുലാൽ, സൂരജ്, കാർത്തിക്ക്, ഫുക്രു തുടങ്ങിയ വൻ താരനിര ഒന്നിക്കുന്ന ചിത്രം ഹാപ്പി പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബൈർ, റയിസ്, ഷഫീക്ക്, വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീജിത്ത് വിജയൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.