ചിരിവഴിയിലൂടെ ഒഴുകുന്ന നദി ; സിനിമയ്ക്ക് അഭിനന്ദനങ്ങളുമായി സംവിധായകൻ സക്കീർ മഠത്തിൽ

0
179

ധ്യാൻ ശ്രീനിവാസൻ അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രമാണ് നദികളിൽ സുന്ദരി യമുന . മികച്ച പ്രതികരണമാണ് കേരളത്തിലെങ്ങുമുള്ള പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. അതേസമയം ചിത്രത്തിന് അഭിനന്ദനങ്ങളുമായെത്തിയിരിക്കുകയാണ് സംവിധായകൻ സക്കീർ മഠത്തിൽ. ധ്യാൻ ശ്രീനിവാസന്റെ ജയിലർ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ഇദ്ദേഹം.

ചിരിവഴിയിലൂടെ ഒഴുകുന്ന നദി, മുന്നണി പിന്നണി പോരാളികൾക്കു അഭിനന്ദനങ്ങൾ എന്നാണ് സക്കീർ ,മഠത്തിൽ ഫേസ്ബുക്കിൽ കുറിച്ചത്. കൂടാതെ സിനിമയ്‌ക്കെതിരെ മോശം നിരൂപണം നടത്തിയവരെ പോസ്റ്റിലൂടെ വിമർശിച്ചിട്ടുമുണ്ട്. സമൂഹമാധ്യമങ്ങളിൽ പ്രശസ്തനായ വിവാദ സിനിമാ നിരൂപകൻ അശ്വന്ത് കോക്കിന്റെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു വിമർശനം.

അടുത്തകാലത്തായി സക്കിർ മഠത്തിലിന്റെ ഒരു സിനിമ വലിയ വിവാദങ്ങളിൽ അകപ്പെട്ടിരുന്നു. വമ്പൻ വിജയ സിനിമയായ രജനികാന്തിന്റെ ജയിലർ എന്ന സിനിമയോടൊപ്പം തന്നെ അതേ പേരിലുള്ള സക്കീർ മഠത്തിലിന്റെ സിനിമയും ഇറങ്ങിയിരുന്നു. തങ്ങളാണ് ആദ്യം ജയിലർ എന്ന് പേരിട്ടതെന്നും തമിഴ് ജയിലർ കേരളത്തിലെത്തുമ്പോൾ പേര് മാറ്റണമെന്നും ആവിശ്യപ്പെട്ട് ഇദ്ദേഹം പരാതി നൽകിയിരുന്നു. ഈ വിഷയത്തിനായി ഒറ്റയാൾ പോരാട്ടം നടത്തിയ ആളാണ് സക്കിർ മഠത്തിൽ. രണ്ട് സിനിമകളുടെയും കേരളത്തിലെ പ്രദർശന തീയതി ഒരേ ദിവസമായതും വലിയ പ്രശ്നങ്ങൾക്ക് വഴിവെച്ചിരുന്നു. എന്നാൽ വിഷയത്തിൽ രജനികാന്തിന്റെ ജയിലർക്ക് അനുകൂലമായാണ് കാര്യങ്ങൾ നടന്നത്. മലയാളം ജയിലറിന് വേണ്ടത്ര തീയേറ്ററുകൾ ലഭിച്ചിരുന്നുമില്ല.

അതേസമയം വമ്പൻ വിജയമായാണ് ധ്യാൻ ശ്രീനിവാസന്റെ നദികളിൽ സുന്ദരി യമുന പ്രദർശനം തുടരുന്നത്. കുടുംബപ്രേക്ഷകരാണ് കൂടുതലും സിനിമ കാണാനെത്തുന്നത്. ഈ സിനിമ വിജയിക്കുമെന്ന് ധ്യാൻ നേരത്തേതന്നെ പറഞ്ഞിരുന്നു. സിനിമയെ കുറിച്ച് നിരൂപകനായ അശ്വന്ത് കോക് മോശം നിരൂപണം നടത്തിയിരുന്നു. എന്നാൽ, നല്ലതാണെങ്കിലും ചീത്തയാണെങ്കിലും കോക്കിനു നന്ദി എന്നാണ് അജു വർഗീസ് പറഞ്ഞത്. നദികളിൽ സുന്ദരി യമുന തീയേറ്ററുകളിൽ റീലിസ് ചെയ്തതിന്റെ ഭാഗമായി തീയേറ്ററിലെത്തിയതായിരുന്നു അജു. ചിത്രത്തിനെ അശ്വന്ത് കോക്ക് നെഗറ്റീവ് റിവ്യു നൽകിയതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായിട്ടാണ് നടൻ ഇക്കാര്യം പറഞ്ഞത്.

സിനിമാറ്റിക് ഫിലിംസ് എൽ എൽ പിയുടെ ബാനറിൽ വിലാസ് കുമാർ, സിമി മുരളി കുന്നുംപുറത്ത് എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്. ഈ സിനിമയിൽ സുധീഷ്, കലാഭവൻ ഷാജോൺ, നിർമ്മൽ പാലാഴി, നവാസ് വള്ളിക്കുന്ന്, സോഹൻ സിനുലാൽ, രാജേഷ് അഴിക്കോടൻ, കിരൺ രമേശ്, ഭാനു പയ്യന്നൂർ, ശരത് ലാൽ, ദേവരാജ് കോഴിക്കോട്, അനീഷ്, ആതിര,ആമി, പാർവ്വണ, ഉണ്ണിരാജ, വിസ്മയ ശശികുമാർ തുടങ്ങിയ താരങ്ങൾ അണിനിരക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here