പുതിയ വളര്‍ത്തുനായക്കുട്ടിയെ വാങ്ങിയതിന്റെ സന്തോഷം പങ്കിട്ട് ഗായിക അഭയ ഹിരണ്‍മയി. ഷിറ്റ്‌സു ഇനത്തില്‍പെട്ട നായയെയാണ് അഭയ സ്വന്തമാക്കിയത്. ലൗസി എന്നു പേരിട്ടിരിക്കുന്ന നായയുടെ ക്യൂട്ട് ചിത്രങ്ങള്‍ അഭയ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു. ‘ഞാന്‍ അവളെ ദത്തെടുത്തു. മൂന്ന് വയസ്സുണ്ട്’ എന്നു കുറിച്ചുകൊണ്ടാണ് അഭയ ലൗസിയെ ആരാധകര്‍ക്കു പരിചയപ്പെടുത്തിയത്. അഭയയുടെ യാത്രകളിലും കൂട്ടായി ഇപ്പോള്‍ ലൗസിയുണ്ട്. ഇപ്പോള്‍ പുതിയ പട്ടിക്കുട്ടിയെ കിട്ടിയതിന്റെ സന്തോഷത്തിലാണ് അഭയ ഹിരണ്‍മയി,
അതേസമയം, സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അഭയ ഹിരണ്‍മയിയും തങ്ങളുടെ പ്രിയപ്പെട്ട വളര്‍ത്തുനായയെ ഓര്‍ത്തുള്ള വൈകാരികമായ കുറിപ്പ് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. പഗ്ഗ് ഇനത്തില്‍പ്പെട്ടതായിരുന്നു ഗോപി സുന്ദറിന്റെ വളര്‍ത്തുനായയായ ഹിയാഗോ. അഭയ ഹിരണ്‍മയിക്കും ഏറെ പ്രിയപ്പെട്ടവളായിരുന്നു ഈ നായക്കുട്ടി.
View this post on Instagram
വളരെ മനോവിഷമത്തോടെയാണ് താനിതെഴുതുന്നതെന്നും ആര്‍ക്കെങ്കിലും തന്റെ വിഷമം മനസിലാകുമോ എന്നറിയില്ലെന്നും ഗോപി സുന്ദര്‍ കുറിച്ചിരുന്നു. ഒരു വളര്‍ത്തുനായ എന്ന രീതിയില്‍ അവളെ വിശേഷിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. തങ്ങളിലൊരാളായിരുന്ന അവള്‍ വിടപറഞ്ഞിരിക്കുകയാണ്. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷങ്ങളായി അവള്‍ തന്റെ കൂടെയുണ്ട്. ഒരു പക്ഷേ തന്നെക്കാളും അവളായിരിക്കും എല്ലാം ഓര്‍ക്കുന്നുണ്ടാകുക. ചെന്നൈ മറീന ബീച്ചിലൂടെയുള്ള അവളുടെ ആദ്യ ചുവടുകള്‍, ഒരു മാസം മാത്രം പ്രായമുണ്ടായിരുന്നപ്പോള്‍ അവളുടെ ചെറിയ പേടികളെല്ലാം മാറ്റിയെടുത്തു. തനിക്കെന്നപോലെ തന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അവള്‍ പ്രിയപ്പെട്ടവളായിരുന്നുവെന്നും ഗോപി സുന്ദര്‍ പറഞ്ഞിരുന്നു.
തങ്ങളുടെ സര്‍വ്വസ്വവും എന്നായിരുന്നു അഭയ ഹിരണ്‍മയി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. തങ്ങളുടെ അമ്മ, രാജകുമാരി ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്. തങ്ങളെ നല്ലവണ്ണം നോക്കിയതിന് നന്ദി. ഒന്നും എഴുതാന്‍ പറ്റുന്നില്ല എന്നതാണ് സത്യം. വാക്കുകള്‍ക്കും മുകളിലാണ് നീയുള്ളത്. നീ ഇപ്പോഴും ഒരു മനുഷ്യനാണോ നായക്കുട്ടിയാണോ എന്ന് പോലും തനിക്ക് ഉറപ്പില്ല. നീ തങ്ങള്‍ക്ക് എല്ലാമായിരുന്നുവെന്നും അഭയ കുറിച്ചിരുന്നു.
സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവമാണ് അഭയ ഹിരണ്‍മയി. വിശേഷങ്ങളെല്ലാം ഗായിക പങ്കുവയ്ക്കാറുണ്ട്. അഭയയുടെ വസ്ത്രധാരണരീതിക്കും സ്‌റ്റൈലിഷ് ലുക്കിനും ആരാധകര്‍ ഏറെയാണ്. ഗോപി സുന്ദര്‍ ഈണം നല്‍കിയ ‘ഖല്‍ബില് തേനൊഴുകണ കോയിക്കോട്’ എന്ന പാട്ടിലൂടെയാണ് അഭയ ഹിരണ്‍മയി പിന്നണിഗാനശാഖയില്‍ ശ്രദ്ധേയയാകുന്നത്. പിന്നീടിങ്ങോട്ടു നിരവധി ചിത്രങ്ങള്‍ക്കു വേണ്ടി ഗാനം ആലപിച്ചു. സ്വതന്ത്രസംഗീതരംഗത്തും സജീവമാണ്.