അടുത്തിടെ സോഷ്യൽ മീഡിയയിൽ വൻ ട്രെന്റിങ്ങ് ആയ മലയാളം പാട്ടായിരുന്നു ഇല്ലുമിനാറ്റി. ഫഹദ് ഫാസിൽ അഭിനയിച്ച് ഈ വർഷം പുറത്തിറങ്ങിയ ആവേശം എന്ന ചിത്രത്തിലെ ഹിറ്റ് ഗാനമായിരുന്നു അത്. ഇപ്പോൾ വിമ്പിൾഡൻ ടെന്നിസ് ടൂർണമെന്റിന്റെ ഭാഗമായി പുറത്തുവന്ന ആഘോഷ ദൃശ്യങ്ങളുടെ പിന്നണിയിൽ മുഴങ്ങിക്കേൾക്കുന്നതും ‘ഇലുമിനാറ്റി’ ഗാനമാണ്. സ്പാനിഷ് താരം കാർലോസ് അൽകാരസിന്റെ പ്രകടനദൃശ്യങ്ങൾ കോർത്തിണക്കിയുള്ള റീൽ വിഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ ‘ഇലുമിനാറ്റി’ ഗാനമാണ് ഉപയോഗിച്ചിരിക്കുന്നത്. വിമ്പിൾഡൻ ടെന്നിസ് ടൂർണമെന്റിന്റെ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
View this post on Instagram
‘ഇല്ലുമിനാറ്റി’ പാട്ടിന്റെ അകമ്പടിയോടെ വിമ്പിൾഡൻ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച വിഡിയോ ദൃശ്യങ്ങൾ ഇതിനോടകം ദശലക്ഷക്കണക്കിന് ആളുകളാണ് കണ്ടുകഴിഞ്ഞത്. നിരവധി പേർ കമന്റിലൂടെ പ്രതികരണങ്ങൾ അറിയിച്ചു. ഗാനം ആലപിച്ച റാപ്പർ ഡബ്സിയും വിഡിയോയ്ക്കു താഴെ കമന്റുമായി എത്തിയിട്ടുണ്ട്. ഫഹദ് ഫാസിൽ നായകനായെത്തിയ ആവേശത്തിലെ ഗാനമാണ് ‘ഇലുമിനാറ്റി’. പ്രേക്ഷകരെ ആവേശത്തിന്റെ കൊടുമുടി കയറ്റിയ ഗാനം ഇതിനകം 10 കോടിക്കടുത്ത് പ്രേക്ഷകരെ നേടിയിരുന്നു. ഇപ്പോഴും ആരാധകരുടെ ഇഷ്ടഗാനമാണ് ഇല്ലുമിനാറ്റി. സുഷിൻ ശ്യാമിന്റെ ഈണത്തിൽ പിറന്ന ഗാനത്തിനു വരികൾ കുറിച്ചത് വിനായക് ശശികുമാർ ആണ്.
ഫഹദിന്റെ മികച്ച പ്രകടനം തന്നെയാണ് ആവേശത്തിന്റെ പ്രധാന ഒരു ആകർഷണമായത്. രംഗ എന്ന വേറിട്ട ഒരു കഥാപാത്രമായിട്ടാണ് ഫഹദ് ആവേശത്തിൽ നിറഞ്ഞാടിയിരിക്കുന്നത്. പ്രേക്ഷകർ ഇന്നേവരെ കാണാത്ത തരത്തിൽ ഫഹദ് ചിത്രത്തിൽ എത്തുന്നതുകൊണ്ടുതന്നെ റീ ഇൻട്രൊഡ്യൂസിങ് ഫഹദ് ഫാസിൽ എന്ന് പറഞ്ഞുകൊണ്ടായിരുന്നു താരത്തെ ചിത്രത്തിൽ പരിചയപ്പെടുത്തിയത്.
ചിത്രത്തിൽ വേഷമിട്ട മൂന്നു യുവതാരങ്ങളുൾപ്പെടെ എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, റോഷൻ, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങിയവരാണ് ചിത്രത്തിൽ വേഷമിട്ട മറ്റ് പ്രധാന താരങ്ങൾ. ഛായാഗ്രാഹണം നിർവ്വഹിച്ചത് സമീർ താഹിറാണ്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് സുഷിൻ ശ്യാമും. അൻവർ റഷീദ് എന്റർടൈൻമെന്റ്‌സിന്റെ ബാനറിൽ അൻവർ റഷീദ് ആണ് ചിത്രം നിർമ്മിച്ചത്. നിർമാണത്തിൽ നസ്രിയ നസീമും പങ്കാളിയായിരുന്നുന്നു. ചിത്രത്തിലെ ഗാനങ്ങളുടെ വേറിട്ട വരികൾ തയ്യാറാക്കിയത് വിനായക് ശശികുമാറാണ്. പ്രൊഡക്ഷൻ ഡിസൈൻ അശ്വിനി കാലെയായ ചിത്രത്തിൽ മേക്കപ് മാനായി ആർജി വയനാടനും ഭാഗമാകുമ്പോൾ ഓഡിയോഗ്രഫി ചെയ്തിരിക്കുന്നത് വിഷ‍്‍ണു ഗോവിന്ദ് ആണ്.