ലാലു അലക്സ്, മീര വാസുദേവ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ശ്രീജിത്ത് ചന്ദ്രൻ തിരക്കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് ഇമ്പം. ബെംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ ബാനറിൽ ഡോ.മാത്യു മാമ്പ്ര ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്.
ദീപക് പറമ്പോൽ, ഇർഷാദ്, ദർശന സുദർശൻ, കലേഷ് രാമാനന്ദ്, ദിവ്യ എം നായർ, ശിവജി ഗുരുവായൂർ, നവാസ് വള്ളിക്കുന്ന്, വിജയൻ കാരന്തൂർ, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാൽ ജോസ്, ബോബൻ സാമുവൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കുടുംബ പശ്ചാത്തലത്തിൽ ആണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിൽ വിനീത് ശ്രീനിവാസൻ, അപർണ ബാലമുരളി, ശ്രീകാന്ത് ഹരിഹരൻ, സിത്താര കൃഷ്ണകുമാർ തുടങ്ങിയവർ മനോഹര ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. നിർമ്മാതാവ് ലിസ്റ്റിൻ സ്റ്റീഫൻ്റെ നേതൃത്വത്തിലുള്ള മാജിക് ഫ്രെയിംസ് ആണ് ചിത്രത്തിലെ ഗാനങ്ങളുടെ ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
ഛായാഗ്രഹണം: നിജയ് ജയൻ, എഡിറ്റിംഗ്: കുര്യാക്കോസ് ഫ്രാൻസിസ് കുടശ്ശെരിൽ, സംഗീതം: പി.എസ് ജയഹരി, ഗാനരചന: വിനായക് ശശികുമാർ, ആർട്ട്: ആഷിഫ് എടയാടൻ, കോസ്ട്യൂം: സൂര്യ ശേഖർ, മേക്കപ്പ്: മനു മോഹൻ, പ്രോഡക്ഷൻ കൺട്രോളർ: അബിൻ എടവനക്കാട്, സൗണ്ട് ഡിസൈൻ: ഷെഫിൻ മായൻ, സൗണ്ട് റെക്കോർഡിങ്: രൂപേഷ് പുരുഷോത്തമൻ, അസോസിയേറ്റ് ഡയറക്ടർ: ജിജോ ജോസ്, കളറിസ്റ്റ്: ലിജു പ്രഭാകർ, വി.എഫ്.എക്സ്: വിനു വിശ്വൻ, ആക്ഷൻ: ജിതിൻ വക്കച്ചൻ, സ്റ്റിൽസ്: സുമേഷ് സുധാകരൻ, ഡിസൈൻസ് : രാഹുൽ രാജ്, പി.ആർ.ഓ: പി.ശിവപ്രസാദ്, മാർക്കറ്റിങ്: സ്നേക്ക് പ്ലാൻ്റ് എൽ.എൽ.പി. ചിത്രം ഒക്ടോബർ ആദ്യവാരം തീയേറ്ററുകളിൽ എത്തുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.
അതേസമയം, ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൂവിവേൾഡ് മീഡിയയുമായി നടത്തിയ അഭിമുഖത്തിൽ ചിത്രത്തിന്റെ നിർമാതാവിനെക്കുറിച്ച് ലാലു അലക്സ് മനസ്സുതുറന്നിരുന്നു. “കുറഞ്ഞത് ഒരു വർഷം മുൻപ് ശ്രീജിത്തും ഞാനും പ്രൊഡ്യൂസർ മാത്യു മാമ്പ്രയും സംസാരിച്ചിരുന്നു. മാത്യു എന്റെ പഴയ സുഹൃത്താണ്. അഭിനയമാണ് ആദ്യം മാത്യു ചെയ്തു തുടങ്ങിയത്. അതൊക്കെ എനിക്ക് അയക്കാറുണ്ടായിരുന്നു. ബാംഗ്ലൂരിൽ എനിക്ക് മൂന്നാല് സുഹൃത്തുക്കളുണ്ട്. അതിലൊരാളാണ് മാത്യു. ഞങ്ങൾ അവിടെ ഒന്നിച്ച് കൂടാറുണ്ട്. അന്ന് ഞങ്ങൾ സുഹൃത്തായിരിക്കുമ്പോൾ അദ്ദേഹത്തിന് സിനിമയിലേക്ക് വരണമെന്നുള്ള ആഗ്രഹമൊന്നും പറഞ്ഞിരുന്നില്ല. അത് കഴിഞ്ഞാണ് മാത്യു ഈ സിനിമയിലേക്ക് വന്നത്. ഒരു കാര്യം ഉറപ്പാണ് ഈ സിനിമ അദ്ദേഹം ഏറ്റെടുത്തിട്ടുണ്ടെങ്കിൽ അത് നല്ലതുപോലെ പൂർത്തിയാക്കി തീർക്കും. സിനിമ പഠിക്കാൻ വേണ്ടിയാണ് അദ്ദേഹം ഇതിലേക്ക് വന്നത്” എന്നാണ് ലാലു അലക്സ് പറഞ്ഞത്.