മികച്ച പ്രേക്ഷകപ്രതികരണത്തോടെ തീയേറ്ററുകളെ ഇളക്കിമറിച്ച് മുന്നേറുകയാണ് ‘ജവാൻ’. ആദ്യ ദിവസം 129 കോടിയലധികം ബോക്സോഫീസ് കളക്ഷൻ നേടാൻ ചിത്രത്തിനായിരുന്നു. ചിത്രത്തിന്റെ ആദ്യ കളക്ഷൻ റിപ്പോർട്ടും കേരളത്തിൽ നിന്നുള്ള കണക്കുകളും നേരത്തെ പുറത്തുവിട്ടിരുന്നു.
അതേസമയം, വിജയ് ദേവരകൊണ്ട, സാമന്ത എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ചിത്രമായിരുന്നു ഖുഷി. ചിത്രം റിലീസിന് നേടിയത് 26 കോടിയായിരുന്നു. ജവാൻ കുതിച്ചുകയറി മുന്നോട്ടുപോകുമ്പോൾ ഖുഷി പ്രതീക്ഷിച്ച വിജയത്തിലെത്താൻ കഴിയാതെ നിൽക്കുകയാണ്. അതുകൊണ്ടുതന്നെ ചിത്രം ഒടിടിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
വിജയ് ദേവെരകൊണ്ട നായകനായ ഖുഷി ഒടിടിയിലേക്ക് സെപ്റ്റംബര്‍ അവസാനമോ ഒക്ടോബര്‍ ആദ്യമോ എത്തിക്കാനാണ് ആലോചന. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം സെപ്‍തംബര്‍ 30നോ ഒക്ടോബര്‍ നാലിനോ ആയിരിക്കും ഖുഷിയുടെ ഒടിടി സ്‍ട്രീമിംഗ് തുടങ്ങുക. ഖുഷി നെറ്റ്‍ഫ്ലിക്സിലാണ് സ്‍ട്രീമിംഗ് ചെയ്യുക. പക്ഷേ ഈ വാർത്തയ്ക്കു ഔദ്യോഗികമായ പ്രഖ്യാപനം ഉണ്ടായിട്ടില്ല.
അതേസമയം, ജവാൻ ആദ്യ ഷോ കഴിഞ്ഞിറങ്ങിയ ആളുകൾ എല്ലാം തന്നെ മികച്ച അഭിപ്രായമാണ് സിനിമയെക്കുറിച്ച് നൽകുന്നത്. ഫോറം കേരളത്തിന്‍റെ എക്സ് പോസ്റ്റിന്റെ കണക്കുകൾ പ്രകാരം കേരളത്തില്‍ ഒരു ഹിന്ദി ചിത്രത്തിന് റിലീസ് ദിവസം കിട്ടുന്ന ഏറ്റവും കൂടിയ കളക്ഷനാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 3.5 കോടി റിലീസ് ദിവസം ചിത്രം നേടിയെന്നാണ് റിപ്പോർട്ട്. നേരത്തെ പഠാന്‍ 1.9 കോടി നേടി ആദ്യ ദിനം കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രം എന്ന ഖ്യാതി നേടിയിരുന്നു.
എന്നാൽ ചിത്രത്തിന്റെ വമ്പൻ റിലീസിന് ശേഷം വ്യാജ പതിപ്പ് പൈറസി വെബ്‌സൈറ്റുകളില്‍ പ്രചരിക്കുകയാണ്. സിനിമാമേഖലയിൽ വളരെ ഖേദകരമായ വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അതേസമയം, ഏവരും വളരെ അധികം ആവേശത്തോടെ കാത്തിരുന്ന ചിത്രം അത്രതന്നെ മികച്ചതാക്കി അറ്റ്ലീ ആരാധകർക്ക് സമ്മാനിച്ചിട്ടുണ്ട്. ഷാരൂഖ് എന്ന താരത്തെ വളരെ മികച്ചതായി തന്നെ സംവിധായകൻ ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്ന് തന്നെയാണ് ആദ്യം പുറത്തു വരുന്ന പ്രതികരണങ്ങൾ പൂർണമായും പറയുന്നത്. വിജയ് സേതുപതി എന്ന വില്ലനെ പൂർണമായി കാണാനാവാത്തതിന്റെ വിഷമവും കുറച്ച് പേരിൽ കാണാൻ കഴിയുന്നുണ്ട്.
ഷാരൂഖ് ഖാൻ, നയൻതാര എന്നിവരെ കൂടാതെ വിജയ് സേതുപതി, ദീപിക പദുക്കോൺ, പ്രിയ മണി തുടങ്ങിയ വലിയൊരു താരനിര തന്നെ അഭിനയിക്കുന്നുണ്ട്. നയൻതാരയുടെ ബോളിവുഡിലെ അരങ്ങേറ്റ ചിത്രം കൂടിയാണിതെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഔദ്യോഗികമായി ഹിന്ദിയിലാണ് ജവാൻ പുറത്തിറങ്ങിയത് എങ്കിലും തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി പാന്‍ ഇന്ത്യന്‍ റിലീസാണ് ജവാന്‍ ലഭിച്ചത്.