കൃഷി മന്ത്രി പി. പ്രസാദിനെയും വ്യവസായ മന്ത്രി പി. രാജീവിനെയും വേദിയിലിരുത്തി സര്‍ക്കാരിനെ വിമര്‍ശിച്ച് നടന്‍ ജയസൂര്യ നടത്തിയ പ്രസംഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയിയല്‍ വൈറലാണ്. ഇതിന് പിന്നാലെ വിഡിയോ ഏറ്റെടുത്ത് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി.
ജയസൂര്യയ്‌ക്കെതിരെ സര്‍ക്കാരിന്റെ പ്രതികാരനടപടി ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതിപക്ഷത്തിന്റെ കുറിപ്പുകള്‍. ‘ജയസൂര്യയുടെ സ്ഥലം നാളെത്തന്നെ അളക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് വി.ടി ബല്‍റാം വിഡിയോ പങ്കിട്ട് കുറിച്ചു.
നെല്ലിന്റെ പണം കിട്ടാതെ ഉപവാസമിരിക്കുന്ന കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ അടക്കം പൊതുവേദിയില്‍ പറഞ്ഞായിരുന്നു ജയസൂര്യ വിമര്‍ശിച്ചത്. ഇവന് ഇത് രഹസ്യമായി പറഞ്ഞാല്‍ പോരേ എന്ന് തോന്നിയേക്കാം. എന്നാല്‍ പരസ്യമായി പറഞ്ഞാല്‍ ഇടപെടല്‍ വേഗത്തിലാകും എന്ന വിശ്വാസമാണ് തന്നെ കൊണ്ട് ഇത് പറയിപ്പിച്ചതെന്നും ജയസൂര്യ പറയുന്നു.
ജയസൂര്യ പറഞ്ഞ വാക്കുകള്‍…
‘കൃഷിക്കാരുടെ പ്രശ്‌നങ്ങള്‍ ചെറുതല്ലെന്ന് ബഹുമാനപ്പെട്ട മന്ത്രിമാര്‍ മനസ്സിലാക്കണം. എന്റെ സുഹൃത്തും കര്‍ഷകനും നടനുമായ കൃഷ്ണപ്രസാദ്, കഴിഞ്ഞ അഞ്ചാറുമാസമായി നെല്ല് കൊടുത്തിട്ട് ഇതുവരെ സപ്ലൈക്കോ പണം കൊടുത്തിട്ടില്ല. തിരുവോണനാളില്‍ അവര്‍ ഉപവാസം ഇരിക്കുകയാണ്. നമ്മുടെ കര്‍ഷകര്‍ പട്ടിണി ഇരിക്കുകയാണ്. അധികൃതരുടെ ശ്രദ്ധയില്‍ എത്തിക്കാന്‍ വേണ്ടിയാണ്. പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ കൃഷിയിലേക്ക് വരുന്നില്ലെന്നാണ് മന്ത്രിമാര്‍ പറയുന്നത്. സാറ് ഒരു കാര്യം മനസ്സിലാക്കണം. തിരുവോണ ദിവസും കൊടുത്ത നെല്ലിന്റെ പണത്തിന് വേണ്ടി പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കാണുന്ന മക്കള്‍ എങ്ങനെയാണ് സാര്‍, കൃഷിയിലേക്ക് വരുന്നത്. ഒരിക്കലും വരില്ല. അതുകൊണ്ട് കര്‍ഷകരുടെ പ്രശ്‌നത്തില്‍ അതിവേഗം സര്‍ക്കാര്‍ ഇടപെടണം.’ ജയസൂര്യ പറയുന്നു.
അതേസമയം,കര്‍ഷക വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ നടന്‍ ജയസൂര്യ നടത്തിയ പരാമര്‍ശത്തില്‍ ചര്‍ച്ച തുടരുരുകയാണ്. സമൂഹമാധ്യമങ്ങളില്‍ ജയസൂര്യയെ അനുകൂലിച്ചും വിമര്‍ശിച്ചുമാണ് അഭിപ്രായ പ്രകടനങ്ങള്‍. കേന്ദ്ര സര്‍ക്കാരിനെതിരെ രാജ്യത്തെ കര്‍ഷകര്‍ സമരം നടത്തിയപ്പോള്‍ പ്രതികരിക്കാത്ത ജയസൂര്യയുടെ നിലപാട് ഇരട്ടത്താപ്പ് എന്നാണ് പ്രധാനമായും വിമര്‍ശനമുന്നയിക്കുന്നത്. എന്നാല്‍ ഓണത്തിന് ശേഷം സംസ്ഥാനത്തിന് പുറത്ത് യാത്രയില്‍ ആയ നടന്‍ ഫേസ്ബുക്ക് അക്കൗണ്ട് വഴി തുടര്‍ പ്രതികരണങ്ങള്‍ അറിയിച്ചിട്ടില്ല.
അതേസമയം,നടന്റെ അഭിപ്രായം വസ്തുതാവിരുദ്ധമെന്ന് കൃഷി മന്ത്രിയും ഭക്ഷ്യ മന്ത്രിയും പ്രതികരിച്ചിരുന്നു. നടനും സുഹൃത്തുമായ കൃഷ്ണ പ്രസാദിന്റെ വാക്ക് വിശ്വസിച്ച് ജയസൂര്യ പ്രസ്താവന നടത്താന്‍ പാടില്ലായിരുന്നു എന്നായിരുന്നു മന്ത്രി പ്രതികരിച്ചത്.
കൃഷ്ണ പ്രസാദിന് വ്യക്തമായ രാഷ്ട്രീയമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ കുടിശിക വരുത്തിയത് കൊണ്ടാണ് നെല്‍കര്‍ഷകന് കുടിശിക വന്നത്. ബാങ്ക് കണ്‍സോഷ്യം വഴി കുടിശിക കൊടുത്ത് തീര്‍ക്കുകയാണ്. കൃഷ്ണ പ്രസാദ് സപ്ലൈക്കോയ്ക്ക് നല്‍കിയ നെല്ലിന്റെ പണം മുഴുവന്‍ വാങ്ങിയെന്നും ഭക്ഷ്യമന്ത്രി കൂട്ടിച്ചേര്‍ത്തിരുന്നു.
സംഭരിച്ച നെല്ലിന്റെ പണത്തിനായി ഉപവാസ സമരം ഇരിക്കേണ്ടി വന്ന കര്‍ഷകന്റെ സ്ഥിതി നിരാശജനകമെന്നാണ് ജയസൂര്യ കുറ്റപ്പെടുത്തിയത്. കളമശ്ശേരിയില്‍ നടന്ന കാര്‍ഷികോത്സവം പരിപാടിയിലായിരുന്നു കൃഷി, വ്യവസായ മന്ത്രിമാരെ സാക്ഷിയാക്കി നടന്‍ പ്രതികരിച്ചത്. തന്റെ സുഹൃത്തും നെല്‍ കര്‍ഷകനുമായ കൃഷ്ണപ്രസാദിന് ഉപവാസമിരിക്കേണ്ടി വന്ന അവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു ജയസൂര്യ വിമര്‍ശിച്ചത്.

