സൺഡേ ഹോളിഡേ, വിജയ് സൂപ്പറും പൗർണ്ണമിയും എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങളിലൂടെ പ്രേക്ഷകമനസ്സിൽ ഇടംനേടിയ സംവിധായകനാണ് ജിസ് ജോയ്. തെലുങ്ക് സൂപ്പർതാരം അല്ലു അർജുന് മലയാളത്തിൽ ശബ്ദം നൽകിയത് ജിസ് ജോയ് ആയിരുന്നു. ഇപ്പോഴിതാ ’പ്ലാൻ എ ഫോർ ത്രീ എംസ്’ എന്ന തലക്കെട്ടോടെ ഒരു പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് ജിസ് ജോയ്. മോഹൻലാൽ, മഞ്ജു വാര്യർ, ആന്റണി പെരുമ്പാവൂർ, എം ജി ശ്രീകുമാർ എന്നിവരോടൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ‘പ്രേക്ഷകരെല്ലാം ഒരു മികച്ച പ്രോജെക്ടിനായി കാത്തിരിക്കുകയാണ്. തീർച്ചയായും അത് ഉടൻ സംഭവിക്കും’ എന്നാണ് ഒരാൾ പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്.
അതേസമയം, ആസിഫ് അലിയും ബിജു മേനോൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്യുന്ന പ്രൊഡക്ഷൻ നമ്പർ 3 യുടെ ചിത്രീകരണം പൂർത്തിയായിരുന്നു. ഫീൽ ഗുഡ് സിനിമകൾ മാത്രം സംവിധാനം ചെയ്യുന്ന ജിസ് ജോയിയുടെ കരിയറിലെ തന്നെ ആദ്യത്തെ മാസ് ചിത്രമാണ് ഇതുവരേയ്ക്കും പേര് നല്കിയിട്ടില്ലാത്ത പ്രൊഡക്ഷൻ നമ്പർ 3. അരുൺ നാരായൺ പ്രൊഡക്ഷൻസ് ഇൻ അസ്റ്റോസിയേഷൻ വിത്ത് ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്ര ചിത്രത്തിൽ സംവിധായകൻ ദിലീഷ് പോത്തനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് സിനിമയെന്നാണ് അണിയറപ്രവർത്തകരുടെ വിശദീകരണം. അനുശ്രീ, മിയ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തന്റെ പതിവ് രീതികളിൽ നിന്ന് മാറി ജിസ് ജോയ് പൂർണ്ണമായും മാസ് ആക്ഷൻ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രം സമൂഹത്തിൽ ഉത്തരവാദിത്തമുള്ള പദവിയിൽ ജോലി ചെയ്യുന്ന രണ്ടുപേരുടെ ജീവിതത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. അവരുടെ ജീവിതത്തിൽ അരങ്ങേറുന്ന ചില സംഭവങ്ങളാണ് ഈ സിനിമയുടെ ആധാരം. നവാഗതരായ ആനന്ദ് തേവർക്കാട്ട്, ശരത്ത് പെരുമ്പാവൂർ എന്നിവരാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.