സുരേഷ് ഗോപിയെ നായകനാക്കി പ്രവീൺ നാരായണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജെഎസ്കെ. ഒരു ഇടവേളയ്ക്ക് ശേഷം സുരേഷ് ഗോപി വക്കീൽ വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും സുരേഷ് ഗോപിയുടെ 255-ാമത്തെ ചിത്രമാണ് ജെഎസ്കെ എന്ന പ്രത്യേകതയും
ചിത്രത്തിനുണ്ട്. വമ്പൻ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാന ലാപിലേക്ക് കടന്നിരിക്കുകയാണ് ഇപ്പോൾ. ജെഎസ്കെയിലെ ക്ലൈമാക്സ് ഫൈറ്റ് സീനുകൾ നാഗർകോവിലിൽ സമീപദിവസം ഷൂട്ട് ചെയ്തത് ഒന്നര കോടി രൂപ മുതൽ മുടക്കിൽ ഏഴു ദിവസം കൊണ്ടാണ് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം.
അതേസമയം അനുപമ പരമേശ്വരൻ ചിത്രത്തിൽ പ്രധാന കഥപാത്രത്തിലെത്തുന്നുണ്ട് .ഏറെ നാളുകൾക്കു ശേഷം അനുപമ പരമേശ്വരന്റെ മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് കൂടിയാണ് ചിത്രം. അഡ്വ. ഡേവിഡ് അബേൽ ഡോണോവൻ എന്ന കഥാപാത്രമായി സുരേഷ് ഗോപി ജെഎസ്കെയിൽ എത്തുന്നു.കോസ്മോസ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ കിരൺ നിർമിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് രണദിവെ ആണ്.ലൈൻ പ്രൊഡ്യൂസർ സജിത്ത് കൃഷ്ണ, എഡിറ്റർ സംജിത് മുഹമ്മദ്, മ്യൂസിക് ഗിരീഷ് നാരായണൻ, ആർട്ട് ജയൻ ക്രയോൺ, കോസ്റ്റ്യൂം അരുൺ മനോഹർ, മേക്കപ്പ് പ്രദീപ് രംഗൻ, പ്രൊഡക്ഷൻ കൺട്രോളർ മുരുഗദാസ് മോഹൻ, ഡിജിറ്റൽ മാർക്കറ്റിങ് ജയകൃഷ്ണൻ ആർ കെ, അനന്തു സുരേഷ് , വാർത്താ പ്രചരണം വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.
അതേസമയം സുരേഷ് ഗോപിയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് ഗരുഡൻ. അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്. അഞ്ചാം പാതിരാ എന്ന ക്രൈം ത്രില്ലർ ഹിറ്റ് ചിത്രത്തിനുശേഷം മിഥുൻ തിരക്കഥ എഴുതുന്ന ചിത്രം കൂടിയാണിത്.മാജിക് ഫ്രെയിംസും മിഥുൻ മാനുവലും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. ജിനേഷ് എം ന്റെയാണ് കഥ. ‘ജനഗണമന’, ‘കടുവ’ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ജെയ്ക്സ് ബിജോയ് വീണ്ടും മാജിക് ഫ്രെയിംസിന് വേണ്ടി ഗരുഡന്റെ സംഗീതം ഒരുക്കുന്നു. കടുവയിലെ ‘പാലാപ്പള്ളി തിരുപ്പുള്ളി’ എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനത്തിന്റെ വീഡിയോ ജെയ്ക്‌സിനു വേണ്ടി ചെയ്തത് ഈ ചിത്രത്തിന്റെ സംവിധായകൻ അരുൺ വർമ്മയാണ് എന്നതും മറ്റൊരു പ്രത്യേകതയാണ്.
വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ക്രൈം ത്രില്ലർ എന്നു വിശേഷിപ്പിക്കാവുന്ന ചിത്രത്തിൽ ഹരീഷ് മാധവ് എന്ന പോലീസ് ഓഫീസർ ആയാണ് നടൻ ചിത്രത്തിൽ എത്തുന്നത്. മലയാളികളുടെ സ്വന്തം അഭിരാമി, ദിവ്യ പിള്ള, ദിലീഷ് പോത്തൻ, നിഷാന്ത് സാഗർ, തലൈവാസൽ വിജയ്, ചൈതന്യ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.