മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പുറത്തുവരുന്നത്.ഒടിടി പ്ലേയുടെ റിപ്പോർട്ട് പ്രകാരം ഈ മാസം അവസാനത്തോടെ കണ്ണൂർ സ്ക്വാഡ് ഒടിടിയിൽ എത്തുമെന്നാണ് വിവരങ്ങൾ.അത്തരത്തിൽ നോക്കുമ്പോൾ നാലാഴ്ചത്തെ എക്‌സ്‌ക്ലൂസീവ് തിയറ്റർ റൺ പൂർത്തിയാക്കിയ ശേഷമാണ് മമ്മൂട്ടി ചിത്രം ഒടിടിയിലേക്ക് എത്തുക.അതേസമയം, ഏത് പ്ലാറ്റ്ഫോമിൽ ആണ് ചിത്രം സ്ട്രീമിംഗ് ചെയ്യുക എന്നതിനെപ്പറ്റി വിവരങ്ങൾ ലഭ്യമല്ല.ഇതിനുമുൻപ് ചിത്രത്തിന്റെ സ്ട്രീമിംഗ് അവകാശം സോണി ലൈവ് സ്വന്തമാക്കിയ രീതിയിൽ വാർത്തകൾ പുറത്ത് വന്നിരുന്നു .എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല.എന്തായാലും ചിത്രം ഒടിടിയിലും ഗംഭീര പ്രതികരണം നേടുമെന്ന കാര്യത്തിൽ സംശയമില്ലെന്നാണ് ആരാധകർ പറയുന്നത്.
സെപ്റ്റംബർ 28ന് റിലീസ് ചെയ്ത കണ്ണൂർ സ്ക്വാഡ് ആഗോള വ്യാപകമായി 75 കോടിയും പിന്നിട്ട് ഇപ്പോഴും വിജയകരമായി പ്രദർശനം തുടരുകയാണ്.കേരളത്തിൽ നിന്ന് മാത്രമായി ചിത്രം നേടിയത് 30 കോടിക്ക് മുകളിലാണ് .സമീപകാലങ്ങളിൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ ഏറ്റവും കൂടുതൽ ജനകീയ വിജയം നേടിയ ചിത്രം കൂടിയാണ് കണ്ണൂര്‍ സ്ക്വാഡ്.ഇതോടുകൂടി എക്കാലത്തെയും മലയാള സിനിമകളുടെ വിജയ പട്ടികയില്‍ ഏഴാം സ്ഥാനത്ത് കണ്ണൂർ സ്‌ക്വാഡ് എത്തിയിട്ടുണ്ട്.കണ്ണൂരിൽ നടന്ന സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത് മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജുമാണ്. മുൻ കണ്ണൂർ എസ്പി എസ്.ശ്രീജിത്ത് രൂപീകരിച്ച കണ്ണൂർ സ്ക്വാഡിന്റെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം പ്രധാനമായും ഒരുക്കിയിരുന്നത്. ഇപ്പോഴും പ്രവർത്തനക്ഷമമായ ഒറിജിനൽ സ്ക്വാഡിൽ ആകെ ഒമ്പത് അംഗങ്ങളുണ്ടെങ്കിലും, കണ്ണൂർ സ്‌ക്വാഡ് ചിത്രത്തിൽ നാല് പോലീസ് ഓഫീസർമാരെ മാത്രം കേന്ദ്രീകരിച്ചാണ് ചിത്രം മുൻപോട്ട് പോകുന്നത്.
മമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വർമ്മ, അസീസ് നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ സ്‌ക്വാഡ് അംഗങ്ങൾ. കണ്ണൂർ സ്ക്വാഡിനെ ആസ്പദമാക്കിയുള്ള സിനിമയാണെങ്കിലും, ടീം കൈകാര്യം ചെയ്ത രണ്ട് കേസുകളുടെ സാങ്കൽപ്പിക കഥ കൂടിയാണിത്. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കാതൽ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രമെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.ഹൈപ്പിലാതെ എത്തിയ ചിത്രം എന്ന നിലയില്‍ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്‍ക്വാഡിന് ലഭിച്ചത് മികച്ച ഗ്രോസ് കളക്ഷനാണ്.